Loading...
Paul Dhinakaran

നിങ്ങളുടെ പ്രതിഫലം മഹത്തരമായിരിക്കും!

Dr. Paul Dhinakaran
23 Jun
എന്റെ പ്രിയ സ്‌നേഹിതാ, ദൈവത്തിന് ഇന്ന് നിങ്ങൾക്ക് നൽകാൻ നല്ലൊരു വാഗ്ദത്തമുണ്ട്. ദൈവം പറയുന്നു: ''ഞാൻ നിന്റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു'' (ഉല്പത്തി 15:1). അബ്രഹാം സകലത്തിനും ദൈവത്തിൽ ആശ്രയിച്ചതിനാൽ, അവന് വലിയ പ്രതിഫലം ലഭിച്ചു. ഏറ്റവും മികച്ച സാഹചര്യത്തിലും മോശമായ സാഹചര്യത്തിലും അവൻ ദൈവത്തിൽ വിശ്വസിച്ചു. അബ്രഹാം നിസ്വാർത്ഥമായി, തനിക്കായി ഒന്നും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്യാൻ ആഗ്രഹിച്ചതിനാൽ, സർവ്വശക്തനായ ദൈവം ഇങ്ങനെ പറഞ്ഞു: 'അബ്രഹാമേ, ഞാൻ നിന്റെ പരിചയായിരിക്കും; നിനക്കു വേണ്ടി ഞാൻ യുദ്ധം ചെയ്യും. ഞാൻ നിന്റെ അതിമഹത്തായ പ്രതിഫലമായിരിക്കും. എന്റെ പ്രിയ പൈതലേ, സർവ്വശക്തനായ ദൈവമായ എന്നിലുള്ള എല്ലാ പ്രതിഫലവും നന്മയും നിനക്കുള്ളതായിരിക്കും'. അതെ സ്‌നേഹിതാ, ഇന്നു മുതൽ ദൈവം നിങ്ങളുടെ പ്രതിഫലം ആയിരിക്കും. ഒരു വശത്ത് അവിടുന്ന് നിങ്ങളെ സംരക്ഷിക്കുന്ന കവചമായിരിക്കും. മറുവശത്ത്, അവിടുന്ന് നിങ്ങളെ ശക്തിപ്പെടുത്തുകയും, നിങ്ങളുടെ പ്രതിഫലമായിരിക്കുമെന്ന് തന്റെ ഹിതം നിറവേറ്റുകയും ചെയ്യും. സർവ്വശക്തനായ ദൈവം നിങ്ങളോടൊപ്പമുണ്ടെന്നുള്ളതാണ് നിങ്ങളുടെ പ്രതിഫലം. യേശുവിൽ അടങ്ങിയിരിക്കുന്ന എല്ലാ നല്ല ദാനവും നിങ്ങളുടേതായിരിക്കും. എത്ര വലിയ അനുഗ്രഹം!

എന്തുകൊണ്ടാണ് ദൈവം നമുക്ക് പ്രതിഫലം നൽകുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഒന്നാമതായി, റോമൻ 2:6 പറയുന്നു: ''അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കും പകരം കൊടുക്കുന്നു.'' അതെ, നാം എന്തെങ്കിലും ചെയ്യണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. ''തന്റെ ദാസന്മാരെ നാം സ്‌നേഹിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു'' എന്ന് എബ്രായർ 6:10 പറയുന്നു. നാം ദൈവദാസന്മാരെ സ്‌നേഹിക്കുകയും അവരെ പരിപാലിക്കുകയും അനുസരണയോടെ അവരിലൂടെ ദൈവവചനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, ദൈവം നമുക്ക് ഒരു പ്രതിഫലം നൽകുന്നു.
രണ്ടാമത്, ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ, നാം ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോൾ,  അവിടുന്ന് നമുക്ക് ഒരു പ്രതിഫലം നൽകുന്നു. എബ്രായർ 11:6 പറയുന്നു: ''വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല.'' അതിനാൽ നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുമ്പോൾ, അവിടുന്ന് നിങ്ങളെ നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് കരകയറ്റും; നിങ്ങളുടെ വിശ്വാസത്തിന് പ്രതിഫലം ലഭിക്കും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ കരകയറ്റാൻ യേശു നിങ്ങൾക്കായുള്ള വില നൽകി എന്ന് നിങ്ങൾ വിശ്വസിക്കുമ്പോൾ, നിങ്ങൾ അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ പ്രശ്നങ്ങൾക്കും പ്രതികൂലങ്ങൾക്കും മദ്ധ്യേ, യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച പരിശുദ്ധാത്മാവ് നിങ്ങളെയും നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഉയിർപ്പിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുമ്പോൾ, നിങ്ങൾക്ക് കർത്താവിൽ നിന്ന് പ്രതിഫലം ലഭിക്കും. കർത്താവ് തന്നെ നിങ്ങളുടെ പ്രതിഫലമായിരിക്കും.
 
അവസാനമായി, ലൂക്കോസ് 6:38 അനുസരിച്ച്, നിങ്ങളുടെ ആവശ്യങ്ങളുടെ മദ്ധ്യേ കർത്താവിന്റെ ശുശ്രൂഷയ്ക്കായി കാണിക്ക നൽകുമ്പോൾ, ദൈവത്തിന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ മടിയിൽ അനുഗ്രഹങ്ങൾ ചൊരിയാൻ ദൈവം ആളുകളെ അയയ്ക്കും. യേശുവിൽ അടങ്ങിയിരിക്കുന്ന ഈ പ്രതിഫലങ്ങളും ദൈവം നിങ്ങൾക്ക് നൽകുമാറാകട്ടെ. അവിടുന്ന് നിങ്ങളുടെ പരിചയും അതിമഹത്തായ പ്രതിഫലവും ആയിരിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
Prayer:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ,

ഈ മനോഹര വാഗ്ദത്തത്തിനായി നന്ദി. കർത്താവേ, ഇന്നു മുതൽ എന്റെ മഹത്തായ പ്രതിഫലമായിരിക്കേണമേ. എന്നെ അനുഗ്രഹിച്ച് വർദ്ധിപ്പിക്കേണമേ. എന്നെ സംരക്ഷിച്ച് എന്റെ പരിചയായിരിക്കേണമേ. അങ്ങയിലുള്ള എന്റെ ആശ്രയം അങ്ങയുടെ മഹത്വത്തിനായി മേൽക്കുമേൽ വർദ്ധിക്കട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,

ആമേൻ.

For Prayer Help (24x7) - 044 45 999 000