Loading...
Stella ramola

സത്യസന്ധതയുള്ളവരായി നടക്കുവിൻ!!

Sis. Stella Dhinakaran
20 Jul
എന്റെ പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിങ്ങൾക്ക് ആശംസകൾ! ദൈവത്തിന്റെ വാഗ്ദാനം ഇന്ന് നിങ്ങളുമായി പങ്കിടുന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു. സങ്കീർത്തനം 37:18-ൽ നിന്ന് എടുത്തതാണ് ഇന്നത്തെ വാഗ്ദാനം: “യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.” സദൃശവാക്യങ്ങൾ 11:20-ലും വേദപുസ്തകം പറയുന്നു: “നിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.” സദൃശവാക്യങ്ങൾ 20:7-ൽ നാം വീണ്ടും വായിക്കുന്നു: “പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.”

വേദപുസ്തകത്തിൽ നീതിമാന്മാരായ ധാരാളം ആളുകളെ നാം കാണുന്നു. ഉല്പത്തി 6:9 -ൽ, “നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.” ഇയ്യോബ് 1:1-ൽ കർത്താവ് തന്നെ ഇയ്യോബിനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: “അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.” എന്റെ പ്രിയ പൈതലേ, ഈ സ്വഭാവം നിങ്ങൾക്ക് നൽകണമെന്ന് നിങ്ങൾ ദൈവത്തോട് അപേക്ഷിക്കുക. കുറ്റമറ്റതും സത്യസന്ധതയുള്ളതുമായ ജീവിതം നയിക്കുന്നതിനുള്ള കൃപ നിങ്ങൾ ദൈവത്തോട് ചോദിച്ചാൽ അവൻ നിങ്ങൾക്ക് തരും. അത് ദൈവത്തിന്റെ വാഗ്ദാനമാണ്.
വാഗ്ദത്ത വചനത്തിന്റെ രണ്ടാം ഭാഗം, “അവരുടെ അവകാശം ശാശ്വതമായിരിക്കും”എന്ന് പറയുന്നു. സങ്കീർത്തനം 16:5 -ലും നാം ഇതുതന്നെ വായിക്കുന്നു. സങ്കീർത്തനങ്ങൾ 127:3 പറയുന്നു “മക്കൾ, യഹോവ നൽകുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” ഇയ്യോബ് നീതിമാനായിരുന്നു. ഒരു ദുരന്തത്തിൽ തന്റെ പത്തു മക്കളെയും അവന് നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഇയ്യോബ് നീതിമാനും കുറ്റമറ്റവനുമായി ജീവിച്ചു. കർത്താവ് പത്തു മക്കളെയും അവനു തിരികെ നൽകി. ഇയ്യോബ് 42:13-15 ൽ നമുക്ക് ഇതിനെക്കുറിച്ച് വായിക്കാം. അതെ, എന്റെ പ്രിയ പൈതലേ, സത്യസന്ധതയുള്ള ജീവിതം നയിക്കുക. ദൈവാനുഗ്രഹം അവകാശമാക്കുക. കുറ്റമറ്റതും മഹത്വമേറിയതുമായ ഒരു ജീവിതം നിങ്ങൾക്ക് നൽകുവാനായി കർത്താവിനോട് ഇപ്രകാരം പ്രാർത്ഥിക്കുക.
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയപിതാവേ, 

വാഗ്ദത്ത വചനത്തിനായി ഞാൻ നന്ദി പറയുന്നു. കർത്താവേ, അത്തരമൊരു സത്യസന്ധമായ ജീവിതം എനിക്കു തരേണമേ. എന്റെ ഹൃദയവും ചിന്തയും ജീവിതവും കുറ്റമറ്റതാക്കിത്തീർക്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കുകയും സത്യസന്ധതയോടെ നടക്കുവാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. എന്റെ ജീവിതം അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തട്ടെ. 

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000