Loading...
Evangeline Paul Dhinakaran

ക്ഷമയോടെ കാത്തിരിക്കുക

Sis. Evangeline Paul Dhinakaran
21 Oct
പ്രിയരേ, ഇന്ന് നിങ്ങൾക്കായി ദൈവം ഒരു അത്ഭുത വാഗ്ദത്തം നൽകുന്നു. ''യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?'' (സങ്കീർത്തനം 27:1). അതെ, ദൈവം നിങ്ങളുടെ ഉറപ്പുള്ള കോട്ടയാകുന്നു. ദാവീദ് ഒരു പ്രാർത്ഥനാ പോരാളിയായിരുന്നു. സങ്കീർത്തനത്തിലൂനീളം അവൻ എല്ലായ്പ്പോഴും പ്രാർത്ഥിക്കുന്നതായി കാണാം. അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തോടു മല്ലു പിടിച്ചു ഉത്തരം നേടിയിരുന്നു. അതുകൊണ്ടാണ് സങ്കീർത്തനം 40:1-ൽ ദാവീദ് ഇപ്രകാരം പറയുന്നത്: ''ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.''

''കർത്താവേ, ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു. അങ്ങ് എന്റെ അപേക്ഷ ശ്രവിക്കുമോ? എന്റെ പ്രാർത്ഥനയ്ക്ക് അങ്ങ് ഉത്തരം നൽകുമോ? ഞാൻ നിരാശയിലായിരിക്കുന്നു. അങ്ങ് എനിക്ക് അനുഗ്രഹം നൽകുമോ?'' എന്ന് ഒരു പക്ഷേ നിങ്ങൾ ദൈവത്തോടു അപേക്ഷിക്കുന്നുണ്ടാകാം. അതുകൊണ്ടാണ് സങ്കീർത്തനം 27:14-ൽ ദാവീദ് പറയുന്നത്: ''യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.'' ധൈര്യത്തോടും ഉറച്ച ഹൃദയത്തോടും ആയിരിക്കുക എന്ന് അവൻ പറയുന്നു. എല്ലാ ദിവസവും അവൻ ദൈവസന്നിധിയിൽ കാത്തിരുന്നിട്ടുണ്ടാകാം. അവൻ പറയുന്നു: 'ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും. അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.'' കാലത്തും, ഉച്ചയ്ക്കും, രാത്രിയിലും അവൻ പ്രാർത്ഥിച്ചിരുന്നു. ഒരു ദിവസം ഏഴു തവണ പ്രാർത്ഥിച്ചു. ഇതായിരുന്നു ദാവീദിന്റെ പ്രാർത്ഥനാ ജീവിതം. ഉത്തരം ലഭിക്കുവാൻ അവൻ ക്ഷമയോടെ കാത്തിരുന്നു.
കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ബലപ്പെടുത്തട്ടെ. ''എത്ര നാൾ നീ ദൈവത്തിനായി കാത്തിരിക്കും?'' എന്നു പറഞ്ഞ് മറ്റുള്ളവർ നിങ്ങളെ നിരുത്സാഹപ്പെടുത്തിയേക്കാം. എന്നാൽ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക. ദൈവം നിങ്ങളെ ബലപ്പെടുത്തി നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുമാറാകട്ടെ. ദൈവം നിങ്ങളുടെ പ്രത്യാശയായിരിക്കട്ടെ. അബ്രഹാമും ദൈവത്തോടു ചോദിച്ചു: ''കർത്താവായ യഹോവേ, നീ എനിക്കു എന്തുതരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ?'' അപ്പോൾ ദൈവം അബ്രഹാമിന് ദർശനത്തിലൂടെ വെളിപ്പെട്ടു, ''അബ്രാമേ ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു'' (ഉൽപത്തി 15:1) എന്നു പറഞ്ഞു. ദൈവത്തിൽ നിന്നുള്ള എത്ര അത്ഭുതകരമായ വാക്കുകൾ, അല്ലേ? പ്രിയ സ്നേഹിതരേ, ഇതേകാര്യം കർത്താവ് നിങ്ങളോടും പറയുന്നു. ''ഞാൻ നിന്റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു. ഇതിനേക്കാൾ എന്താണ് നിനക്ക് വേണ്ടത്?'' അതെ, ഈ ലോകത്തിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏക ആശ്വാസം കർത്താവ് മാത്രമാണ്. തനിക്കു മക്കളില്ലാതിരുന്നതിനാൽ അബ്രഹാം ആകുലപ്പെട്ടു. എന്നാൽ ദൈവം അവനെ പുറത്തുകൊണ്ടുപോയി ആകാശത്തിലെ നക്ഷത്രങ്ങളെ കാണിക്കുകയും, അവന്റെ തലമുറ നക്ഷത്രങ്ങളെപ്പോലെ എണ്ണുവാൻ കഴിയാത്തവിധം പെരുകുമെന്ന വാഗ്ദത്തം നൽകുകയും ചെയ്തു. ''ഞാൻ മക്കളില്ലാത്തവൻ'' എന്നായിരുന്നു അബ്രഹാമിന്റെ വാക്കുകൾ. എന്നാൽ, ''നിനക്ക് എണ്ണമറ്റ മക്കളെ ലഭിക്കും'' എന്നായിരുന്നു ദൈവത്തിന്റെ വാക്കുകൾ. പ്രിയരേ, ഇതാണ് ദൈവത്തിനു നിങ്ങൾക്കു നൽകുവാനുള്ള വാഗ്ദത്തം. ധൈര്യപ്പെടുവിൻ; ക്ഷമയോടെ കാത്തിരിക്കുക; നിശ്ചയമായും ദൈവം നിങ്ങൾക്കു ഉത്തരം നൽകും.
Prayer:
സ്നേഹവാനായ പിതാേവ,

അങ്ങ് എനിക്ക് സകലതും നൽകുന്ന നല്ലവനായ ദൈവമാകുന്നു. ഞാൻ അനേകം കുറവുകളുള്ള വ്യക്തിയാണ്. എന്നാൽ എനിക്ക് ആവശ്യമുള്ളതെല്ലാം നൽകുമെന്നുള്ള അങ്ങയുടെ വാഗ്ദത്തം ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഞാൻ എന്റെ ആശ്രയം അങ്ങയിൽ അർപ്പിക്കുന്നു. ഇന്നുതന്നെ എന്നെ അനുഗ്രഹിക്കേണമേ. എന്റെ ക്ഷമയ്ക്കു പ്രതിഫലം നൽകേണമേ. എന്റെ ഹൃദയത്തെയും ശരീരത്തെയും ശക്തിപ്പെടുത്തേണമേ. എനിക്ക് നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരികെ ലഭിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,

ആമേൻ.

For Prayer Help (24x7) - 044 45 999 000