Loading...
Dr. Paul Dhinakaran

ഏകമനസ്സുള്ളവരായിരിപ്പിൻ!!

Dr. Paul Dhinakaran
05 Dec
ഭാര്യാഭർത്താക്കന്മാർ കർത്താവായ യേശുക്രിസ്തുവുമായി ഉറ്റബന്ധം പുലർത്തി ജീവിക്കുമ്പോൾ അവരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. ‘‘ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനിൽക്കാം; മുപ്പിരിച്ചരടു വേഗത്തിൽ അറ്റുപോകയില്ല’’ എന്ന് സഭാപ്രസംഗി 4:12 പറയുന്നു, നിർഭാഗ്യവശാൽ, ഇപ്പോൾ മിക്ക കുടുംബങ്ങളിലും കലഹമാണ് നാം കാണുന്നത്. എന്നാൽ ഇതാ നിങ്ങൾക്ക്  ഒരു സന്തോഷ വാർത്ത! ‘‘....അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും’’ (യിരെമ്യാവു 32:39) എന്ന് ദൈവം നമുക്ക് വാഗ്ദത്തം നൽകിയിരിക്കുന്നു. ഈ വാഗ്ദത്തം നിങ്ങൾക്കായി അവകാശമാക്കിക്കൊൾക!

ചില വർഷങ്ങൾക്ക് മുൻപ്, കർത്താവായ യേശുവിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലാത്ത ഒരു ദന്പതികളുണ്ടായിരുന്നു. നിർഭാഗ്യവശാൽ ആ ഭർത്താവ് ഭാര്യയെ വെറുക്കുകയും അവളുടെ മുൻപിൽപോലും വരാതെ മാറിപ്പോവുകയും ചെയ്തിരുന്നു. ഭാര്യയാകട്ടെ അവനെ വളരെയധികം ഭയപ്പെട്ടിരുന്നു. അവൾക്ക് ജോലിയില്ലാതിരുന്നതിനാൽ അവൻ അവളോട് പരുഷമായി ഇടപെട്ടിരുന്നു. അങ്ങനെയിരിക്കെ അവന് ജോലി നഷ്ടമായി. ‘‘നീ കാരണമാണ് എന്റെ ജോലി നഷ്ടപ്പെട്ടത്’’ എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അവൻ അവളെ കൂടുതൽ വെറുക്കുവാൻ തുടങ്ങി. ഇത് അവളെ കൂടുതൽ വേദനിപ്പിച്ചു. ഭവനത്തിൽ യാതൊരു സമാധാനവും ഇല്ലാതെയായി. ഒരു ദിവസം അവൾ ടി.വിയിൽ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നപ്പോൾ, ഒരു ദന്പതികൾ പരസ്പരം കരംപിടിച്ച്  പ്രാർത്ഥിക്കുന്ന കാഴ്ച ഒരു ചാനലിൽ കാണുവാനിടയായി. അത് അവളെ വളരെയധികം ആകർഷിച്ചു. അത്  ‘യേശു വിളിക്കുന്നു’ ടി.വി. പരിപാടിയായിരുന്നു. ഞാനും എന്റെ ഭാര്യയുമായിരുന്നു ആ ദന്പതികൾ. അവൾക്ക് യേശുവിനെക്കുറിച്ചോ യേശു വിളിക്കുന്നു ശുശ്രൂഷയെക്കുറിച്ചോ അപ്പോഴും ഒന്നും അറിയില്ലായിരുന്നു. അവൾ ആ പരിപാടി കണ്ടുകൊണ്ടിരിക്കുന്പോൾ, ‘‘ഞാനും എന്റെ ഭാര്യയും കരംകോർത്തിരിക്കുന്നതുപോലെ പ്രിയ ദന്പതികളേ, നിങ്ങൾ എവിടെ ആയിരുന്നാലും നിങ്ങളുടെ കരം കോർത്തുപിടിക്കുക. നിങ്ങളുടെ കുടുംബത്തെയും വിവാഹബന്ധത്തെയും അനുഗ്രഹിക്കേണ്ടതിനും നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടതിനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുവാൻ പോകുന്നു’’ എന്ന് ഞാൻ പറഞ്ഞത് അവൾ കേട്ടു.

ആ സമയത്ത് അവളുടെ ഭർത്താവ് വീട്ടിൽ കയറിവന്നു. ദൈവശക്തി അവളുടെമേൽ ഇറങ്ങി. അവൾ അവനെ തന്റെ അടുക്കലേക്ക് വിളിച്ചു. ജീവിതത്തിൽ ആദ്യമായി ആ മനുഷ്യൻ അവളെ അനുസരിച്ചു. അവൾ പറഞ്ഞു: ‘‘അവരെ നോക്കൂ! അവർ കരംകോർത്ത് പ്രാർത്ഥിക്കുന്നു. നമുക്കും അങ്ങനെ ചെയ്താലോ?’’ അവൻ സ്വയം അറിയാതെ, ആ നിർദ്ദേശം അനുസരിച്ചു! അവർ ഇരുവരും കരംകോർത്തു. എന്തു പ്രാർത്ഥിക്കണമെന്നറിയാതെ അവർ ഞങ്ങൾ പറയുന്നത് കേട്ടുകൊണ്ടിരുന്നു. കുടുംബങ്ങൾക്കുവേണ്ടി, ദന്പതികൾക്കുവേണ്ടി, ഭവനങ്ങൾക്കുവേണ്ടി ഞങ്ങൾ കരഞ്ഞുപ്രാർത്ഥിച്ചു. പെട്ടെന്ന് ആ മനുഷ്യൻ ഉച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. ‘‘ആരോ നമ്മുടെ വീട്ടിനുള്ളിൽ നടക്കുന്നു.അവൻ ശോഭയേറിവനാകുന്നു. ശുഭ്രവസ്ത്രധാരിയായി അവൻ എന്റെ അടുക്കലേക്ക്, നമ്മുടെ അടുക്കലേക്ക് നടന്നുവരുന്നു...’’ എന്നുപറഞ്ഞുകൊണ്ട് അവൻ നിലത്തുവീണു. എഴുന്നേറ്റപ്പോൾ വലിയ സമാധാനം അവന് അനുഭവപ്പെട്ടു. യേശു അവരെ സ്പർശിച്ച് അവരുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തി. അവർ തുടർച്ചയായി ടി.വി. പരിപാടി കാണുവാൻ തുടങ്ങി. യേശുവിനെക്കുറിച്ച് അവർ മനസ്സിലാക്കി. നമ്മുടെ പ്രാർത്ഥനാ ഗോപുരത്തിൽ വന്ന് അവർ തങ്ങളുടെ ജീവിതം യേശുവിനായി സമർപ്പിച്ചു. അവന് വിദേശത്ത്  നല്ല ശന്പളമുള്ള ഒരു ജോലി ലഭിച്ചു. അവരുടെ മക്കളെയും ദൈവം അനുഗ്രഹിച്ചു. ഇന്ന് അവർ കർത്താവിനെ സ്നേഹിച്ച്, കുടുംബസമേതം ദൈവത്തെ സേവിക്കുന്നു. എത്ര ശ്രേഷ്ഠനായ ദൈവമാണ് നമുക്കുള്ളത്!
അതെ! സത്യവെളിച്ചം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്പോൾ അന്ധകാരം നീങ്ങിപ്പോകും. നിങ്ങളെ തകർക്കുന്നതിനുള്ള പിശാചിന്റെ എല്ലാ പദ്ധതികളും കർത്താവ് തകർത്തുകളയും. പ്രിയപ്പെട്ടവരേ, ദൈവമുൻപാകെ നിങ്ങളെ വിനയപ്പെടുത്തി ദൈവവുമായി ഐക്യതയിൽ വസിക്കുന്പോൾ നിങ്ങളുടെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടും. നാം ഏകമനസ്സുള്ളവരായി കാണപ്പെടണമെന്ന് ഫിലിപ്പിയർ 2:2 പറയുന്നു. ദൈവത്തിൽ വസിച്ചാൽ മാത്രമേ നമുക്ക് ഫലം കായ്ക്കുവാൻ കഴിയുകയുള്ളൂ. നിങ്ങളുടെ കുടുംബത്തിന്റെ നാഥനായിരിക്കുവാൻ ഇന്ന് യേശുവിനെ ക്ഷണിക്കുവിൻ! ദൈവീക സന്തോഷവും സമൃദ്ധിയും അനുഭവിച്ചറിയുവിൻ! 
Prayer:
എന്റെ പ്രിയ കർത്താവേ, 

അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങയുടെ കരങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. കർത്താവേ, അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ നാഥനായിരിക്കേണമേ. അങ്ങയുടെ സമാധാനത്താൽ ഞങ്ങളെ നിറയ്ക്കേണമേ. കർത്താവേ, ഞങ്ങളുടെ ജീവിതത്തിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി, ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും അങ്ങയുടെ സന്തോഷവും സമാധാനവും കാണപ്പെടുവാൻ ഇടയാക്കിത്തീർക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാൻ കരേറ്റുന്നു.

ആമേൻ. 

For Prayer Help (24x7) - 044 45 999 000