Loading...
DGS Dhinakaran

എല്ലാവരെയും സ്നേഹിക്കുന്ന യേശുവിന്റെ സ്നേഹം!

Bro. D.G.S Dhinakaran
08 Nov
നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ. (ലൂക്കൊസ് 6:28)
ശിഷ്യന്മാരെ മാത്രമല്ല വഞ്ചന കാണിച്ചവരെയും അവൻ സ്നേഹിച്ചു. കഠിനമായ മനോവേദനയുടെ മദ്ധ്യത്തിൽ ഗെത്ശെമന തോട്ടത്തിൽ രക്തം വിയർപ്പു തുള്ളികളാക്കി പ്രാർത്ഥിച്ച യേശു, തന്നെ കാണിച്ചുകൊടുക്കാൻ വരുന്ന യൂദായെ കണ്ടു. യൂദ യേശുവിന്റെ അടുക്കൽ വന്നു ‘‘റബീ, വന്ദനം’’ എന്നു പറഞ്ഞു. യേശു അവനോടു സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു ചോദിച്ചു. ഒറ്റുകാരാ എന്ന് യേശു അവനെ വിളിച്ചില്ല. വിശ്വാസ വഞ്ചന കാണിക്കുന്നവരെപ്പോലും ഉൾക്കൊള്ളുന്നതാണ് യേശുവിന്റെ സ്നേഹം.
വർഷങ്ങൾക്കുമുന്പ്, മറ്റു ദൈവദാസന്മാരെ എപ്പോഴും വിമർശിച്ചിരുന്ന ഒരു യുവ പ്രാസംഗികനുണ്ടായിരുന്നു. അദ്ദേഹം എന്നെയും എന്റെ ശുശ്രൂഷയെയും യാതൊരു കാരണവുമില്ലാതെ കുറ്റപ്പെടുത്തിയിരുന്നു. അല്പകാലം കഴിഞ്ഞ് ഞാൻ അതെല്ലാം മറന്നു. ഒരു രാത്രിയിൽ എന്റെ ഫോൺ ബെല്ലടിച്ചു. അങ്ങേത്തലയ്ക്കൽ ആ മനുഷ്യനായിരുന്നു. അവൻ കഠിനമായി കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു; ‘‘എന്റെ മകളുടെ തലയിൽ ഒരു മുഴ ഉണ്ടായതു നിമിത്തം അവൾ ഇപ്പോൾ മരണക്കിടക്കയിലായിരിക്കുന്നു. അവൾ നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. ദയവായി എന്നെ സഹായിക്കണം’’. എന്നെ കുറ്റപ്പെടുത്തിയിരുന്ന ആ മനുഷ്യൻ ഇങ്ങനെ കരയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്ന്  എനിക്കറിയില്ലായിരുന്നു. റോമർ 5:5-ൻ പ്രകാരം പരിശുദ്ധാത്മാവ് തന്റെ സ്നേഹം എന്നിലേക്ക് പകർന്നു. ഒരു ഭാഗത്ത് അവന്റെ ശബ്ദം കേട്ടപ്പോൾ എനിക്കുണ്ടായ കോപം; മറുഭാഗത്ത് ദൈവസ്നേഹം എന്നിൽ നിറഞ്ഞു കവിയുന്നു. ഞാൻ അറിയാതെ ഇങ്ങനെ പറഞ്ഞു; ‘‘ സഹോദരാ, നാളെ രാവിലെ നിങ്ങളുടെ മകൾക്ക് സൌഖ്യം ലഭിക്കും’’. ‘‘സഹോദരാ, നാളെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നു. അവർ അവളുടെ തലയോട്ടി തുറക്കും‘‘ എന്ന്  അവൻ പറഞ്ഞു. വീണ്ടും ഞാൻ പറഞ്ഞു. ‘‘നാളെ രാവിലെ മുഴ അവിടെ കാണില്ല‘‘. വീണ്ടും വിളിക്കാം എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. എന്റെ മാനുഷിക ചിന്തയിൽ ഞാൻ സംസാരിച്ചതിനാൽ ഒരു വലിയ ഭയം എന്നെ പിടികൂടി. രാത്രി മുഴുവൻ ഞാൻ ദൈവത്തോടു നിലവിളിച്ചു. ‘‘പിതാവേ, എന്നോടു ക്ഷമിക്കേണമേ. വാസ്തവമായും എനിക്ക് ആ മനുഷ്യനോടു ദേഷ്യമുണ്ട്; എന്നാൽ ആ പെൺകുട്ടിയുടെ അവസ്ഥയിൽ എനിക്ക് മനസ്സലിവു തോന്നി. ദയവായി എന്നോടു ക്ഷമിക്കേണമേ; അവളോടു മനസ്സലിയേണമേ....’’അവളോടുള്ള മനസ്സലിവിനാൽ കർത്താവായ യേശു നിറയപ്പെട്ടു. അടുത്ത പ്രഭാതത്തിൽ ശസ്ത്രക്രിയയ്ക്കു മുന്പുള്ള പരിശോധനയ്ക്കായി ഡോക്ടർമാർ വന്നു. അവളുടെ മുഴ അപ്രത്യക്ഷമായിരിക്കുന്നതായി അവർ മനസ്സിലാക്കി. കർത്താവ് അവളെ രക്ഷിച്ച് ജീവങ്കലേക്ക് നയിച്ചു.
അതെ, കർത്താവ് തന്റെ ശിഷ്യന്മാരെ മാത്രമല്ല. വിശ്വാസ വഞ്ചന കാണിക്കുന്നവരെയും സ്നേഹിക്കുന്നു. ‘‘നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ’’ ലൂക്കൊസ് 6:28 എന്ന വചനപ്രകാരം നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്പോൾ കർത്താവ് നമ്മുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തും. പ്രിയരെ, ഒരു പക്ഷേ നിങ്ങൾ പിന്മാറ്റത്തിലായിരിക്കാം. എന്നാൽ കർത്താവായ യേശു മാറ്റമില്ലാത്തവനാണ്. അവൻ നിങ്ങളെ അന്ത്യത്തോളം സ്നേഹിക്കും.
Prayer:
സ്നേഹവാനായ ഞങ്ങളുടെ സ്വർ‘ീയ പിതാവേ,
അങ്ങയുടെ നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ച് അങ്ങയുടെ പൈതലാക്കി എന്നെ തീർത്തതിനായി ഞാൻ അങ്ങേക്ക് നന്ദി കരേറ്റുന്നു. തുടർന്നും എന്നെ ശപിക്കുന്നവരെ അനുഗ്രഹിപ്പാനും  ദുഷിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പാനും ഉള്ള കൃപ എന്നിൽ പകരേണമേ. അങ്ങയുടെ സ്നേഹവും കരുതലും പരിപാലനവും അനുദിനവും എനിക്ക് നൽകിത്തരേണമെന്ന് യേശു ക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു പിതാവേ.

ആമേൻ!

For Prayer Help (24x7) - 044 45 999 000