Loading...

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ!!

Sharon Dhinakaran
11 Nov
അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ. റോമർ 4:21
പ്രിയപ്പെട്ടവരേ, ..ഇസ്രായേൽ ജനങ്ങളെ വഴിനടത്തുവാൻ യോശുവായോട് സംസാരിച്ചിരുന്ന എല്ലാകാര്യങ്ങളും ദൈവം നിറവേറ്റി. അതിൽ ഒന്നിനും വീഴ്ച വന്നില്ല (യോശുവ 23:14). യോശുവ ദൈവത്തിന്റെ വാക്കുകൾ മുറുകെപിടിച്ചിരുന്നതിനാൽ ദൈവം അവയെല്ലാം നിറവേറ്റി. അനുഗ്രഹിക്കും എന്ന് ദൈവം പറഞ്ഞാൽ അവൻ അത് തീർച്ചയായും നിറവേറ്റും. നിങ്ങളെ ഒരു നേതാവാക്കി മാറ്റുവാൻ ദൈവം ആഗ്രഹിച്ചാൽ അവൻ അത് ചെയ്യും. നിങ്ങൾക്ക് നല്ല ഒരു ജോലി നൽകണമെന്ന് അവൻ ആഗ്രഹിച്ചാൽ അങ്ങനെ ചെയ്യും. അതുകൊണ്ട് അനുഗ്രഹിക്കുന്നവനായ ദൈവത്തെ മുറുകെ പിടിച്ചുകൊൾവിൻ.

ദാവീദിനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. അവൻ ഒരു സാധാരണ ആട്ടിടയനായിരുന്നു. അവന്റെ സഹോദരന്മാർ ശൌലിന്റെ കൂടെ യുദ്ധക്കളത്തിൽ ആയിരുന്നു. ഒരിക്കൽ യുദ്ധത്തിനുപോയിരുന്ന തന്റെ സഹോദരന്മാരുടെ സുഖവിവരങ്ങൾ അന്വേഷിച്ü അറിയുന്നതിനായി ദാവീദ് പാളയത്തിലെത്തി. അവിടെ ഫെലിസ്ത്യനായ ഗൊല്യാത്ത് യിസ്രായേൽജനങ്ങളെ വെല്ലുവിളിക്കുന്നതും സർവ്വശക്തനായ ദൈവത്തെ നിന്ദിക്കുന്നതും അവൻ കണ്ടു. ഗൊല്യാത്തിനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഭയന്ന് ഓടി. എന്നാൽ ദാവീദ് അവന്റെനേരെ ചെന്നു. ദാവീദ്, മിനുസമുള്ള അഞ്ച് കല്ലും കവിണയുമായി ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെതിരായി യുദ്ധത്തിന് പുറപ്പെട്ടു. ഗൊല്യാത്ത് ബലശാലിയും ധൈര്യശാലിയുമായിരുന്നു. ഭീകരരൂപിയും പടച്ചട്ടകളെല്ലാം അണിഞ്ഞിരുന്നവനുമായ ആ മല്ലനെതിരെ പോരാടുവാൻ ദാവീദിന് ഭയം തോന്നിയില്ല. ‘‘നീ വടികളുമായി എന്റെനേരെ വരുവാൻ ഞാൻ നായോ?’’ എന്ന് ഗൊല്യാത്ത് ദാവീദിനോട് ചോദിച്ചു. അവൻ തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. എന്നാൽ ദാവീദ് ഫെലിസ്ത്യനെനോക്കി വെല്ലുവിളിച്ചു: ‘‘നീ വാളും കുന്തവും വേലുമായി എന്റെനേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെനേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കൈയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചു കളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും. യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും.’’ (1 ശമൂവേൽ 17:45,46). ദാവീദ് ഒരു കല്ലെടുത്ത് കവിണയിൽവെച്ചു ഫെലിസ്ത്യനുനേരെ എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽകൊണ്ടു. അവൻ കവിണ്ണുവീണു (1 ശമൂവേൽ 18:27). ദാവീദ് ആ രാജ്യത്തെ രക്ഷിച്ചു. അവൻ രാജാവായിത്തീർന്നു. ദാവീദിനെ ദൈവം തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ടാണ് ഫെലിസ്ത്യമല്ലനെ ജയിക്കുവാൻ അവനെ ദൈവം സഹായിച്ചത്.
ദാവീദിന് ഈ ശക്തി എവിടെനിന്ന് ലഭിച്ചു? ‘‘ശമൂവേൽ തൈലക്കൊന്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽവെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു’’എന്ന് 1 ശമൂവേൽ 16:13-ൽ നാം വായിക്കുന്നു. യഹോവയുടെ ആത്മാവു അവന്റെമേൽ ഉണ്ടായിരുന്നതിനാലാണ് അവന് വിജയം കൈവരിക്കുവാൻ സാധിച്ചത്. ജീവിതത്തിൽ എല്ലാ തുറകളിലും വിജയം കൈവരിക്കേണ്ടതിന് കർത്താവ് തന്റെ പരിശുദ്ധാത്മാവിനെ നമുക്ക് നൽകുമെന്ന് വാഗ്ദത്തം നൽകിയിരിക്കുന്നു. അവൻ വാക്ക് മാറാത്തവനാണ്. ‘‘അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ’’ എന്ന് റോമർ 4:21 പറയുന്നു. ആകയാൽ ധൈര്യമായിരിപ്പിൻ! കർത്താവിൽ മാത്രം ആശയ്രിപ്പിൻ! അവൻ നിങ്ങളെ വഴിനടത്തും.
Prayer:
അനുഗ്രഹങ്ങളുടെ ഉറവയായ കർത്താവേ,

ഞാൻ കടന്നുപോകുന്ന  പാത അങ്ങ് അറിയുന്നുവല്ലോ. അങ്ങയുടെ വാഗ്ദത്തങ്ങൾ എന്റെ ജീവിതത്തിൽ നിറവേറ്റേണമേ. എന്നെ വിടുവിക്കുവാൻ അങ്ങേയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ദയവായി മനസ്സലിഞ്ഞ് എനിക്കുവേണ്ടി ഒരു അത്ഭുതം പ്രവർത്തിക്കേണമേ. അങ്ങയുടെ നന്മകളാൽ എന്നെ നിറയ്ക്കേണമേ. എന്റെ കാര്യങ്ങൾ നന്നായി ചെയ്യുവാൻ എന്നെ സഹായിക്കേണമേ. ദയവായി അങ്ങ് മനസ്സലിയേണമേ. അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും എന്റെമേൽ ചൊരിയേണമേ. ഞാൻ അങ്ങയുടെ പാദത്തിൽ ശരണം പ്രാപിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000