Loading...
Dr. Paul Dhinakaran

ശത്രുക്കളെ സ്നേഹിപ്പിൻ!!

Dr. Paul Dhinakaran
12 Nov
നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിപ്പിൻ. മത്തായി 5:44
1986 -ൽ എന്റെ സഹോദരി ഏഞ്ചൽ ക്രൂരമായ ഒരു കാർ അപകടത്തിൽ മരിച്ചപ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ തകർന്നുപോയി. ആത്മാവിലും അനുദിനജീവിതത്തിലും ശുശ്രൂഷയിലും ഞങ്ങൾ വളരെ ക്ലേശമനുഭവിച്ചു. ഞങ്ങളുടെ ശുശ്രൂഷയിലൂടെ അനുഗ്രഹങ്ങൾ പ്രാപിച്ച അനേകർ ഞങ്ങൾക്കെതിരായി തിരിഞ്ഞു. അവരുടെ വാക്കുകൾ ഞങ്ങളെ വളരെയധികം മുറിവേല്പിച്ചു. എന്നാൽ സ്നേഹവാനായ കർത്താവ് ഞങ്ങളോട് ഇപ്രകാരം പറഞ്ഞു: ‘‘നിങ്ങളുടെ ശത്രുക്കളെ ഞാൻ നശിപ്പിക്കുമെന്ന് കരുതരുത്. അതിനു പകരം ഞാൻ നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും. നിങ്ങളുടെ ശുശ്രൂഷയിലൂടെ ആയിരക്കണക്കിനാളുകൾ അനുഗ്രഹങ്ങൾ പ്രാപിക്കും. നിങ്ങളുടെ ശുശ്രൂഷയിലൂടെ മഹത്വകരമായ കാര്യങ്ങൾ ഞാൻ ചെയ്യും. ശുശ്രൂഷയുടെ എല്ലാ ആവശ്യങ്ങളും ഞാൻ നിറവേറ്റും. ശുശ്രൂഷയ്ക്ക് പുറമേ, നിങ്ങളുടെ കുടുംബജീവിതത്തിലും സാമൂഹികജീവിതത്തിലും ഞാൻ സമൃദ്ധിയായ അനുഗ്രഹങ്ങൾ ചൊരിയും. നിങ്ങളെ പരിഹസിക്കുന്നവരും വേദനിപ്പിക്കുന്നവരും തങ്ങളുടെ തല കുനിക്കും. ഞാൻ നീതിമാനായ ദൈവമാണെന്ന് അവർ മനസ്സിലാക്കും.’’ ഞങ്ങളും അവരോട് ക്ഷമിച്ചു. കാലങ്ങൾ ഉരുണ്ടോടി! ഞങ്ങൾക്ക് നൽകിയ വാഗ്ദത്തം കർത്താവ് നിറവേറ്റി. വാക്കുകൾകൊണ്ട് ഞങ്ങളെ മുറിവേൽപ്പിച്ചവർ ഞങ്ങളെ അന്വേഷിച്ച് വരുവാൻ തുടങ്ങി. ഞങ്ങളുടെ ശുശ്രൂഷയും വളർന്ന് പെരുകിക്കൊണ്ടിരുന്നു. ലോകമെങ്ങും ദൈവനാമം മഹത്വപ്പെട്ടു.
പ്രിയപ്പെട്ടവരേ, നിങ്ങളും ഇതുപോലെയുള്ള സാഹചര്യത്തിലൂടെ കടന്നു പോവുകയാണോ? നിങ്ങളിൽനിന്നും നന്മകൾ അനുഭവിച്ചവർ ഇന്ന് നിങ്ങൾക്ക് വിരോധമായി പ്രവർത്തിക്കുകയാണോ? വ്യാകുലപ്പെടേണ്ട! ‘‘നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിപ്പിൻ’’ എന്ന്  മത്തായി 5:44 പറയുന്നു. ആകയാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ! നമ്മുടെ ഭാരങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും ദൈവം നമ്മെ രക്ഷിക്കും. ഏതൊരു സാഹചര്യത്തിനും വ്യത്യാസം വരുത്തുവാൻ ദൈവത്തിന്റെ കൃപ മതിയായതാണ്. നാം പോകേണ്ടുന്ന വഴിയിൽ ദൈവം നമ്മെ നടത്തും. അതിനാൽ ദൈവത്തിങ്കലേക്ക് നോക്കി ദൈവത്തിന്റെ പാതകളിൽ നടക്കുവിൻ!!  അത് മാത്രമാണ് നമ്മുടെ സന്തോഷം. സന്തോഷമായിരിപ്പിൻ!  നിങ്ങൾ കർത്താവിന് പ്രിയപ്പെട്ടവരാണ്. നിങ്ങളിലൂടെ അനേകർ കർത്താവിൻെറ അത്ഭുതങ്ങളും ആശ്വാസവും അനുഭവിച്ചറിയും. നിങ്ങളിലൂടെ കർത്താവ് അത്ഭുതങ്ങൾ ചെയ്യും. അവൻ നിങ്ങളെ വഴി നടത്തും.
Prayer:
ആശ്വാസദായകനായ കർത്താവേ,

ഞാൻ നേരിടുന്ന പ്രശ്നങ്ങൾ അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, അങ്ങ് എന്നോടുകൂടെയിരുന്ന് എല്ലാവറ്റിൽനിന്നും എന്നെ വിടുവിക്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ. അങ്ങ് എന്നെ ധൈര്യപ്പെടുത്തി, വഴിനടത്തേണമേ. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ധൈര്യസമേതം നേരിടുവാൻ എന്നെ സഹായിക്കേണമേ. എപ്പോഴും അങ്ങയിൽ ആശ്വാസം കണ്ടെത്തുവാൻ എന്നെ സഹായിക്കേണമേ. എല്ലാം ഞാൻ അങ്ങയിൽ ഭരമേല്പിക്കുന്നു.

അങ്ങയെ ഞാൻ സ്തുതിക്കുന്നു, സ്തോത്രം ചെയ്യുന്നു.

ആമേൻ.
 

For Prayer Help (24x7) - 044 45 999 000