Loading...
Dr. Paul Dhinakaran

ആയിരംമടങ്ങ് അനുഗ്രഹങ്ങൾ!!

Dr. Paul Dhinakaran
01 Sep
പ്രിയപ്പെട്ടവരേ, യേശു നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. നിങ്ങൾ സാധാരണക്കാരല്ല. നിങ്ങൾ കർത്താവിന് ഒരു പ്രത്യേക ജനമാണ്. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും വിശുദ്ധവംശവുമാണ് (1 പത്രോസ് 2:9) നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽനിന്നും തന്റെ സ്വന്തജനമായി കർത്താവ് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. ഇതാണ് യിസ്രായേൽ ജനതയോട് ശമൂവേൽ പ്രവാചകൻ പറയുന്നത്. അതെ, ദൈവം നിങ്ങളെ മറന്നിട്ടില്ല, അവൻ നിങ്ങളെ ഓർക്കുന്നു. അവൻ നിങ്ങളെ ഓർക്കുന്പോൾ, നിങ്ങളെ അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും. ‘‘യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ’’ (സങ്കീർത്തനം 115:12-14). 

കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരുമെന്നുള്ള വചനപ്രകാരം കർത്താവ് തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും (യെശയ്യാവു 60:22) അവൻ തീർച്ചയായും നിങ്ങളെ ആയിരം മടങ്ങ് അനുഗ്രഹിച്ച്  ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, നിങ്ങളെ അവൻ തന്റെ പ്രത്യേകജനമായി തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കുകയും നിങ്ങളുടെ ജീവിതം അവന്  സമർപ്പിക്കുകയും ചെയ്തിരിക്കുന്നതിനാൽ നിങ്ങൾ ദൈവപൈതലായിത്തീർന്നിരിക്കുന്നു. നിങ്ങൾ ഒരിക്കലും യേശുവിന്റെ നാമം ഉപേക്ഷിച്ചിട്ടില്ല. നിങ്ങൾ എല്ലായ്പ്പോഴും കർത്താവിനെ സേവിച്ചു. നിങ്ങളുടെ സ്തോത്രകാഴ്ചകൾ കർത്താവിനെ്റ ശുശ്രൂഷയ്ക്ക് നൽകിയിട്ടുണ്ട്. ദൈവശുശ്രൂഷയിലൂടെ മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കുവാൻ ഇത് ഉപയോഗിക്കപ്പെടുന്നു. ശുശ്രൂഷയിലൂടെ നിങ്ങൾ ദരിദ്രരെ പരിചരിച്ചു. അതിനാൽ, തീർച്ചയായും കർത്താവ് നിങ്ങളെ ഓർക്കും.
കർത്താവ്  നിങ്ങളുടെ പേരും നിങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. ‘‘ആ നാളുകളിൽ, ആ കാലത്തു, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞുംകൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. അവർ സീയോനിലേക്കു മുഖം തിരിച്ചു, അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടുവരുവിൻ; മറന്നുപോകാത്തതായ ഒരു ശാശ്വത നിയമത്താൽ നമുക്കു യഹോവയോടു ചേർന്നുകൊള്ളാം എന്നു പറയും’’ എന്ന്  യിരെമ്യാവു 50:4,5 പറയുന്നു. ഇവിടെ കർത്താവ് ഇസ്രായേൽ ജനതയെയും യഹൂദജനതയെയും കുറിച്ച് സംസാരിക്കുന്നു. അവരെല്ലാവരും ദൈവം തിരഞ്ഞെടുത്ത യഹൂദ ജനതയാണെങ്കിലും, അവർ പിരിഞ്ഞ്, രാജ്യങ്ങൾ രൂപീകരിച്ചു. അവർക്ക് രണ്ട് വ്യത്യസ്ത രാജാക്കന്മാരുണ്ടായിരുന്നു. എന്നാൽ ദൈവം എപ്പോഴും അവരെ ഒന്നായിട്ടാണ് കണ്ടത്. ഇന്ന്, നിങ്ങളുടെ കുടുംബവും വളരുകയും വർദ്ധിക്കുകയും ചെയ്തിരിക്കാം. അതിൽ കുറച്ചുപേർ കർത്താവിനെ സേവിക്കുന്നുണ്ടാകാം. മറ്റുള്ളവർ അങ്ങനെ അല്ലായിരിക്കാം. എന്നാൽ ദൈവം നിങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ആകമാനം നോക്കുന്നു. കാരണം, അവൻ നിങ്ങളെ തിരഞ്ഞെടുക്കുകയും തന്റെ സ്വന്തജനമായി മാറ്റുകയും ചെയ്തിരിക്കുന്നു. കർത്താവ്  നിങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയും കണ്ണുനീരോടെ തന്നെ അന്വേഷിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യും എന്ന് വേദപുസ്തകം പറയുന്നു. കാരണം, കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും എന്ന് സങ്കീർത്തനം 126:5 പറയുന്നു. തീർച്ചയായും ഒരു കുടുംബമെന്ന നിലയിൽ ദൈവം നിങ്ങളെ അനുഗ്രഹിച്ച്  വർദ്ധിപ്പിക്കും.
Prayer:
എന്റെ പ്രിയ കർത്താവേ,

ജീവിതത്തിൽ എന്തെല്ലാം പ്രതികൂലങ്ങൾ വന്നാലും അങ്ങയുടെ സഹായത്താൽ എല്ലാവറ്റിലും വിജയം നേടുവാൻ അങ്ങ് സഹായിക്കേണമേ. അങ്ങയുടെ വാഗ്ദത്തങ്ങളിൽ പൂർണ്ണമായി വിശ്വസിപ്പാനും അത്ഭുതങ്ങൾ പ്രാപിപ്പാനും എനിക്ക് കൃപ നല്കേണമേ. എന്റെ അവിശ്വാസമെല്ലാം നീക്കിക്കളയേണമേ. ഞാൻ അങ്ങയുടെ പൈതൽ ആകുന്നു. അങ്ങയുടെ കരം എന്നോടുകൂടെയിരുന്ന് എന്നെ വഴി നടത്തേണമേ. എന്നെയും എന്റെ കുടുംബത്തെയും അങ്ങ് സമൃദ്ധിയായി അനുഗ്രഹിക്കേണമേ. 

സ്തുതിയും സ്തോത്രവും അങ്ങേക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000