Loading...
Dr. Paul Dhinakaran

ജീവിപ്പിക്കുന്ന ദൈവം!!

Dr. Paul Dhinakaran
28 Sep
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും. സങ്കീർത്തനങ്ങൾ 138:7
ഇന്ന് അനുദിന ജീവിതത്തിൽ ‘ഈ പ്രശ്നങ്ങളെല്ലാം എങ്ങനെ നേരിടും?’ എന്നു ചിന്തിച്ച് അനേകർ കണ്ണുനീരൊഴുക്കുന്നു. ‘എന്റെ ഭാവി എന്തായിരിക്കും?’ എന്നോർത്ത് ചിലർ ഒറ്റയ്ക്കിരുന്ന് വിലപിക്കുന്നു. ജോലിസ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങളാൽ ചിലർ നെടുവീർപ്പിടുന്നു. ജോലി നഷ്ടപ്പെട്ടതോർത്ത് മറ്റു ചിലർ വിലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിനാൽ ചിലർ കണ്ണുനീരൊഴുക്കുന്നു. രോഗകാഠിന്യത്താലും മരണഭയത്താലും അനേകർ വേദനയനുഭവിക്കുന്നു.
 
പ്രിയരേ, നിങ്ങൾ ഇതിലേതെങ്കിലും ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നവരായിരിക്കാം. നിങ്ങളുടെ സാഹചര്യം ഏതായിരുന്നാലും കർത്താവ് നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു എന്നുള്ള കാര്യം ഒരിക്കലും മറന്നുപോകരുത്. ഭയാനകമായ ഏതൊരു സാഹചര്യത്തെയും അതിജീവിച്ച് വിജയം കൈവരിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കും. തീർച്ചയായും അവൻ നിങ്ങളെ വിടുവിക്കും.
 
കർത്താവായ യേശു കുരിശിലൂടെ മരണത്തിന്മേൽ ജയം വരിച്ചു (കൊലൊസ്യർ 2:15). ‘‘മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു’’ എന്ന് എബ്രായർ 2:15 പറയുന്നു. നമുക്ക് ജയം നൽകുവാൻ കർത്താവിന് മാത്രമേ സാധിക്കുകയുള്ളൂ (1 കൊരിന്ത്യർ 15:54).
താൻ കടന്നുപോയ കണ്ണുനീർ താഴ്വരയെക്കുറിച്ച് ദാവീദ് പറയുന്നത് നോക്കുക: ‘‘എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു’’ (സങ്കീർത്തനങ്ങൾ 6:6). സങ്കീർത്തനങ്ങൾ 42:3 ഇപ്രകാരം പറയുന്നു: ‘‘നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു.’’ ‘‘യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ’’ (സങ്കീർത്തനങ്ങൾ 39:12).
 
ദാവീദിന്റെ കണ്ണുനീർ ദൈവം കണ്ടു. അവനെ ദൈവം അനുഗ്രഹിച്ചു. ദാവീദിനെപ്പോലെ ‘കർത്താവേ, എന്റെ കണ്ണുനീരിന് അങ്ങ് ഉത്തരം നല്കേണമേ’ എന്ന് ഇന്ന് നിങ്ങളും കർത്താവിനോട് യാചിക്കുവിൻ! അവൻ തീർച്ചയായും നിങ്ങൾക്ക് ഉത്തരം നൽകും. അവൻ നിങ്ങളുടെ കണ്ണുനീർ തുടയ്ക്കും. അതു കാണുന്പോൾ ‘നിങ്ങൾ ആശയ്രിച്ച ദൈവം നിങ്ങളെ രക്ഷിച്ചിരിക്കുന്നു’ ‘നിങ്ങളുടെ ദൈവം നിങ്ങളെ സൌഖ്യമാക്കിയിരിക്കുന്നു’ ‘നിങ്ങളുടെ ദൈവം വായ്പ തിരിച്ചടയ്ക്കുവാൻ നിങ്ങളെ സഹായിച്ചിരിക്കുന്നു’ എന്ന് മറ്റുള്ളവർ പറയും. അപ്പോൾ ‘‘ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും’’ (സങ്കീർത്തനങ്ങൾ 138:7) എന്ന് നിങ്ങൾക്ക് ധൈര്യമായി പറയുവാൻ സാധിക്കും.
 
പ്രിയപ്പെട്ടവരേ, ദൈവകരങ്ങളിൽ നിങ്ങളുടെ ജീവിതം നിങ്ങൾ സമർപ്പിക്കുന്പോൾ ദൈവം നിങ്ങൾക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുതരും. ദൈവം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. അതെ! നമ്മുടെ എല്ലാ കാര്യങ്ങളിലും പൂർണ്ണമായ അനുഗ്രഹങ്ങൾ നല്കുന്നത് ദൈവം മാത്രമാണ്. ദൈവം നിങ്ങളുടെമേൽ തന്റെ കൃപ ചൊരിഞ്ഞ്, നിങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹിക്കും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അവൻ സമൃദ്ധി നല്കും.
Prayer:
എന്റെ ദൈവമായ കർത്താവേ,
 
അങ്ങ് എനിക്കുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുതരുന്ന ദൈവമാണല്ലോ. ആയതിനാൽ എന്റെ എല്ലാ കാര്യങ്ങളും അങ്ങയിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ വേദനകളും നഷ്ടങ്ങളും എല്ലാം അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, അങ്ങ് എനിക്ക് എല്ലാ പ്രയാസങ്ങളിൽനിന്നും വിടുതൽ നൽകേണമേ. അങ്ങയുടെ കൃപയാലും അനുഗ്രഹങ്ങളാലും എന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് പൂർണ്ണവിജയം നല്കേണമേ.
 
അങ്ങ് എന്നെ അനുഗ്രഹിക്കുന്നതിനായി സ്തോത്രം!
 
ആമേൻ.

For Prayer Help (24x7) - 044 45 999 000