Loading...
Evangeline Paul Dhinakaran

ജീവനുള്ള വചനം!!

Sis. Evangeline Paul Dhinakaran
09 Dec
വേദപുസ്തകത്തിന് തുല്യമായി മറ്റൊരു പുസ്തകവുമില്ല.  കാരണം, അത്  ജീവനുള്ള ദൈവവചനത്തെ വഹിക്കുന്നു. ജീവിതത്തെ മാറ്റുവാൻ ശക്തിയുള്ള അതിശയകരമായ പുസ്തകമാണിത്. നിങ്ങൾ ഈ വചനങ്ങളിൽ വിശ്വസിക്കുകയും യേശുക്രിസ്തുവിനെ നിങ്ങളുടെ സ്വന്ത രക്ഷകനായി അംഗീകരിക്കുകയും ചെയ്യുന്പോൾ, ‘‘കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു’’ (1 പത്രൊസ് 1:23). ഈ വചനത്താൽ അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ ജീവനുള്ള പ്രത്യാശയിലേക്ക് വീണ്ടും ജനിക്കുന്നു എന്ന് വചനം പറയുന്നു (1 പത്രോസ് 1:3). ‘‘പുല്ലുണങ്ങുന്നു; പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനിൽക്കുo (യെശയ്യാവു 40: 8) എന്ന് വേദപുസ്തകം പറയുന്നു. ദൈവത്തിന്റെ വിശുദ്ധ വചനത്തിലല്ലാതെ മറ്റൊന്നിലും ആശ്രയിക്കരുത്.

അമേരിക്കയിലെ കാലിഫോർണിയയിൽ ഒരു വലിയ താഴ്വര ഉണ്ട്. ‘‘മരണത്തിന്റെ താഴ്വര’’ എന്നാണ് അവർ അതിനെ വിളിക്കുന്നത്. അന്ധകാരം നിറഞ്ഞ ആ താഴ്വരയിലേക്ക് നോക്കുന്പോൾ തന്നെ ഭയം തോന്നും. എന്നാൽ അനേക ദിവസങ്ങൾ മഴ പെയ്തശേഷം ആ താഴ്വരയിലേക്ക് നോക്കിയപ്പോൾ, അവിടമാകെ ചെടികളും പൂക്കളും ഫലങ്ങളുംകൊണ്ട് നിറഞ്ഞ് അതിമനോഹരമായ കാഴ്ചയാണ് കണ്ടത്. അത് അവർ വാർത്തയിൽ കാണിച്ചിരുന്നു. ‘‘ഈ മരണത്തിന്റെ താഴ്വരയിൽ എങ്ങനെയാണ് ഇത്രയേറെ പൂക്കളും ഫലങ്ങളും ഉണ്ടായതെന്ന്’’ എല്ലാവരും അത്ഭുതപ്പെട്ടു. താഴ്വരയിൽ ധാരാളം വിത്തുകൾ കിടന്നിരുന്നതിനാൽ മഴ പെയ്തപ്പോൾ അവ മുളയ്ക്കുകയും പൂക്കളും ഫലങ്ങളും ഉണ്ടാകുകയും ചെയ്തു എന്ന് അവർ പറഞ്ഞു. 
പ്രിയപ്പെട്ടവരേ, തന്റെ വചനത്തെ ദൈവം നമ്മുടെ ഉള്ളത്തിൽ വിത്തായി നട്ടിരിക്കുന്നു. നാം ഒരിക്കലും വെറുതെ വചനം വായിക്കുന്നവരും കേൾക്കുന്നവരുമായിരിക്കരുത്. വചനത്തെ നിങ്ങളുടെ ഹൃദയത്തിൽ വിതയ്ക്കുക. പരിശുദ്ധാത്മാവ് മഴപോലെ നിങ്ങളിൽ പകരപ്പെടുന്പോൾ ഈ വിത്തുകൾ മുളയ്ക്കുകയും ചെടികളായി വളരുകയും പൂക്കളും ഫലങ്ങളും പുറപ്പെടുവിക്കുകയും ചെയ്യും. ‘‘വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകയും ചെയ്യും’’ (യെശയ്യാവു 27:6) എന്ന വചനപ്രകാരം കർത്താവ് തീർച്ചയും നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ എല്ലാ ദിവസവും ദൈവവചനം വായിച്ച് അതിൻപ്രകാരം ജീവിക്കുന്പോൾ നിങ്ങളുടെ ജീവിതം അനുഗ്രഹപൂർണ്ണമായിത്തീരും. പ്രിയരേ, അതിരാവിലെ വേദപുസ്തകം വായിക്കുക. ആ ദിവസം മുഴുവനും ആ വചനങ്ങൾ നിങ്ങളുടെ പാതക്ക് ദീപമായി നിങ്ങളെ വഴി നടത്തും. ശ്രദ്ധയോടും ആത്മാർത്ഥതയോടും നിങ്ങൾ വേദപുസ്തകം വായിച്ചാൽ പരിശുദ്ധാത്മാവ് നിങ്ങളെ വചനത്തിന്റെ ആഴങ്ങളിലേക്ക് വഴി നടത്തും! ദൈവീകസന്തോഷത്താൽ കർത്താവ് നിങ്ങളെ നിറയ്ക്കും! കർത്താവ്  ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. അവൻ നിങ്ങളെ ധാരാളമായി അനുഗ്രഹിക്കും!
Prayer:
സ്നേഹവാനായ കർത്താവേ, 

വേദപുസ്തകം വായിക്കുന്നതിൽ ഞാൻ പലപ്പോഴും തെറ്റിപ്പോകുന്നു. കർത്താവേ, എന്റെ കുറവുകൾ എന്നോട് ക്ഷമിക്കേണമേ. ഇനിമേലിൽ കൃത്യമായി അങ്ങയുടെ വചനം വായിച്ച് ധ്യാനിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നയിക്കേണമേ. തിരുവചനത്തിലൂടെ ദൈവീകസന്തോഷം പ്രാപിപ്പാൻ എനിക്ക് ഇടയാക്കി തീർക്കേണമേ. 

അങ്ങയുടെ വിലയേറിയ നാമത്തിൽ യാചിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000