Loading...
Stella dhinakaran

വഴി കാട്ടുന്ന വെളിച്ചം!!

Sis. Stella Dhinakaran
24 Jan
അനേക വർഷങ്ങൾക്ക് മുൻപ് വാഹനസൌകര്യം ഇല്ലാതിരുന്ന കാലത്ത് ഒരു മനുഷ്യൻ തന്റെ കുടുംബത്തോടൊപ്പം ഒരു ഗ്രാമത്തിൽനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴിമദ്ധ്യേ അവർക്ക് ഒരു കാട്ടിലൂടെ പോകേണ്ടിവന്നു. കുറച്ചു ദൂരം ചെന്നപ്പോൾ കാടിന്റെ നടുവിൽ തങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു എന്ന് അവർക്ക് മനസ്സിലായി. അവർ വളരെ നിരാശരായിത്തീർന്നു. വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന സ്ഥലമാണ് അത് എന്ന്  അവർ മനസ്സിലാക്കി. അവർ കുടുംബമായി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നു. അതുകൊണ്ട് അവർ ദൈവത്തെ നോക്കി പ്രാർത്ഥിച്ചു. അപ്പോൾ കുറച്ച് മുൻപിലായി ഒരാൾ നടന്നുപോകുന്നത് അവർ കണ്ടു. ആരുടെയെങ്കിലും സഹായം കിട്ടുമോ എന്ന് അവർ വളരെ സമയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രാർത്ഥിക്കുന്നതുവരെ അത് സംഭവിച്ചില്ല. അതുകൊണ്ട് അവർ വളരെ സന്തോഷത്തോടുകൂടെ ഇപ്രകാരം പറഞ്ഞു: ‘‘ദൈവം തന്റെ ദൂതനെ നമുക്കായി അയച്ചിരിക്കുന്നു.’’ തങ്ങൾക്ക് മുൻപായി പൊയ്ക്കൊണ്ടിരുന്ന ആ വഴിയാത്രക്കാരനോട് അവർ സംസാരിക്കുകയും അത്ഭുതകരമായി കാട്ടിൽനിന്നും പുറത്തുവരികയും ചെയ്തു. ഉദ്ദിഷ്ടസ്ഥാനത്ത് അവർ സുരക്ഷിതരായി എത്തിച്ചേർന്നു. 

നിങ്ങളും ഈ കുടുംബത്തെപ്പോലെ വിശ്വസ്തരായി ദൈവമുഖം അന്വേഷിച്ചാൽ കർത്താവ് നിങ്ങൾക്ക് മുൻപായി കടന്നുചെന്ന് നിങ്ങളെ വഴിനടത്തും. അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. ജീവിതത്തിലെ സങ്കീർണ്ണമായ പാതകളിലൂടെ കടന്നുപോകുന്പോൾ ഈ വചനം ഓർമ്മിച്ചുകൊൾക! ‘‘നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും’’ (സങ്കീർത്തനം 18:28). എല്ലാ അന്ധകാരത്തെയും കർത്താവ് പ്രകാശമാക്കിത്തീർക്കും. ദുർഘടമായ വഴികളെല്ലാം അവൻ നിരപ്പാക്കും.
യിസ്രായേൽ ജനങ്ങളെ വഴിനടത്തിയതുപോലെ കർത്താവ് നിങ്ങളെ വഴിനടത്തുകയും കാത്തുപരിപാലിക്കുകയും ചെയ്യും. ‘‘അവർ പകലും രാവും യാത്രചെയ്വാൻ തക്കവണ്ണം അവർക്കു വഴി കാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുന്പായി പൊയ്ക്കൊണ്ടിരുന്നു’’ (പുറപ്പാടു 13:21). നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് എതിരായി വരുന്ന എല്ലാ ശത്രുക്കളെയും തന്റെ സാന്നിദ്ധ്യത്താൽ കർത്താവ് അകറ്റിക്കളയും. ആകയാൽ നിങ്ങൾ നിരാശപ്പെടേണ്ട! ‘‘...എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേൽക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു’’ (മീഖാ 7:8) എന്ന വചനം വിശ്വാസതേതാടെ ഏറ്റുപറയുക. കർത്താവ് നിങ്ങളുടെ ജീവിതം പ്രകാശമയമാക്കിത്തീർക്കും.
Prayer:
സർവ്വശക്തനായ ദൈവമേ, 

എന്റെ ജീവിതത്തിലെ എല്ലാ അന്ധകാരവും നീക്കിക്കളയേണമേ. അങ്ങയുടെ വെളിച്ചത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങയെ പിൻപറ്റി, അങ്ങേയ്ക്കായി എഴുന്നേറ്റ് പ്രകാശിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്തിൽ നിലനിൽക്കുവാൻ എന്നെ സഹായിക്കേണമേ. അനേകരെ നിത്യവെളിച്ചമായ അങ്ങയിലേക്ക് നയിക്കുവാൻ എന്നെ സഹായിക്കേണമേ. എന്നെ ഞാൻ അങ്ങയിൽ ഭരമേല്പിക്കുന്നു. 

എന്റെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ യാചിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000