Loading...
Dr. Paul Dhinakaran

അനുഗ്രഹകരമായ മഴ

Dr. Paul Dhinakaran
19 Oct
എന്റെ പ്രിയ സ്നേഹിതരേ,  ''ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലംതരും'' (ലേവ്യപുസ്തകം 26:4) എന്ന് ദൈവം പറയുന്നു. ഇതാണ് ഇന്ന് ദൈവം നിങ്ങൾക്കു നൽകുന്ന വാഗ്ദത്തവും അനുഗ്രഹവും. നിങ്ങൾ വരണ്ട അവസ്ഥയിലായിരിക്കുന്നുവോ?  അനുഗ്രഹമില്ലാതെ നിങ്ങൾ കഷ്ടപ്പെടുകയാണോ? ''എന്റെ കുഞ്ഞേ, ഇതാകുന്നു നിനക്ക് അനുഗ്രഹമാരി അയയ്ക്കുവാനുള്ള ഉചിതമായ സമയം'' എന്നു ദൈവം പറയുന്നു. ദൈവം കാലങ്ങളെയും സമയങ്ങളെയും മുൻനിശ്ചയിച്ചിരിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു. ''എല്ലാറ്റിനും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ടു. ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം'' (സഭാപ്രസംഗി 3:1,2). ദൈവം നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴയെ അയയ്ക്കുന്നു എന്നും പറയുന്നു. ''അവൻ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ'' (മത്തായി 5:45). ഞാൻ നിങ്ങൾക്കു അനുഗ്രഹമാരി നൽകും, അത് എന്നേക്കുമുള്ള അനുഗ്രഹമായിരിക്കും എന്ന് ദൈവം പറയുന്നു.  അതിനായി യേശു ക്രൂശിൽ തന്റെ രക്തം നദിപോലെ ഒഴുക്കി. തന്റെ അനുഗ്രഹം നിങ്ങളുടെമേൽ മഴപോലെ പൊഴിക്കേണ്ടതിന് യേശുവിന്റെ രക്തം എല്ലായ്പ്പോഴും നിങ്ങൾക്കുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു.

യെഹെസ്കേൽ 34:26-ൽ വേദപുസ്തകം പറയുന്നു: ''ഞാൻ അവയെയും എന്റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വെക്കും; ഞാൻ തക്ക സമയത്തു മഴ പെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.'' അതെ, ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ വസിക്കുന്ന സ്ഥലത്തെ അനുഗ്രഹിക്കും. തക്കസമയത്ത് നിങ്ങളുടെമേൽ അനുഗ്രഹം വരും. യോവേൽ 2:23-ൽ നാം ഇങ്ങനെ വായിക്കുന്നു: ''സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചു തരുന്നു.'' ദൈവം മുൻമഴയെയും പിൻമഴയെയും അയയ്ക്കുന്നു.
വിതെക്കുന്നതിനു മുമ്പ് നിലം ഒരുക്കുവാൻ മുൻമഴ വരുന്നു. വിത്തു വിതെച്ചതിനുശേഷം, അവ വളരാൻ തുടങ്ങുമ്പോൾ പിൻമഴ, ശക്തിയായി പെയ്യാൻ തുടങ്ങുന്നു. ആ മഴയിലൂടെ വിത്തുകൾ നല്ലതുപോലെ വളരുകയും സമൃദ്ധിയായ വിളവെടുപ്പ് ലഭിക്കുകയും ചെയ്യുന്നു. ഓരോ കാലത്തും, വിതെക്കുന്നതിനും വളരുന്നതിനും തക്കസമത്ത് മഴ ലഭിക്കുന്നു. അപ്പോൾ മാത്രമേ വിളവെടുപ്പ് സംഭവിക്കുകയുള്ളൂ. എപ്പോഴാണ് നിങ്ങൾക്ക് മഴ ആവശ്യമെന്ന് ദൈവം അറിയുന്നു. നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ദൈവം മഴ അയയ്ക്കുന്നു; അത് നിങ്ങൾക്ക് ഒരിക്കലും ലഭിക്കാതെ പോകയില്ല. ഭയപ്പെടേണ്ടാ. തക്കസമയത്ത് ദൈവം അയയ്ക്കുന്ന മഴയിലൂടെ, നിങ്ങൾക്കു ലഭിക്കുന്ന സമൃദ്ധിയായ കൊയ്ത്തിനായി നിങ്ങൾ ദൈവത്തെ സ്തുതിക്കും.
Prayer:
പിതാവേ,

അങ്ങയിലും അങ്ങയുടെ വാഗ്ദത്തത്തിലും ഞാൻ വിശ്വസിക്കുന്നു. കർത്താവേ, എനിക്ക് ആവശ്യമുള്ളപ്പോൾ, തക്കസമയത്ത് അനുഗ്രഹകരമായ മഴയെ അവിടുന്ന് അയയ്ക്കേണമേ. ദൈവമേ അത് ഇന്ന് തന്നെ ചെയ്തു എന്നെ മാനിക്കേണമേ. സമ്പൂർണ്ണ അനുഗ്രഹം പ്രാപിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങ് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സന്തോഷിക്കുവാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

For Prayer Help (24x7) - 044 45 999 000