Loading...
Paul Dhinakaran

രക്ഷ എന്ന കവചം!!

Dr. Paul Dhinakaran
25 Jul
പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദാനം 2 ശമൂവേൽ 22:36-ൽ നിന്നുള്ളതാണ്. “നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.” അതെ, ദൈവത്തിന്റെ രക്ഷയുടെ കവചം നമ്മെ ലോകത്തിൽ വലിയവരാക്കിത്തീർക്കുന്നു. ഒരു ചിത്രീകരണത്തിന് പോകുന്നതിനുമുമ്പ് ഒരു നടൻ ഷേവ് ചെയ്യുകയായിരുന്നു. അവന് യേശുവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവൻ വൃത്തികെട്ട ജീവിതം നയിക്കുകയായിരുന്നു. എന്നാൽ കണ്ണാടിയിൽ മുഖം നോക്കിക്കൊണ്ടിരുന്നപ്പോൾ അവൻ ദൈവത്തിന്റെ ന്യായവിധിയുടെ സിംഹാസനം അതിൽ കണ്ടു. ദൈവത്തിന്റെ മഹത്വവും ന്യായവിധിയും കണ്ട് അവൻ വിറച്ചു. ദൈവം ആളുകളെ ന്യായം വിധിച്ചുകൊണ്ടിരിക്കുന്നത് അവൻ കണ്ടു. “ഈ മനുഷ്യനെ തീയിലേക്ക് എറിയുക” എന്നും മറ്റൊരു സ്ത്രീയെക്കുറിച്ച്, “ഈ സ്ത്രീ നീതിയുള്ളവളായാണ് ജീവിച്ചത്. അവളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുക” എന്നും പറയുന്നത് അവൻ കേട്ടു.

അപ്പോൾ സാത്താൻ ഒരു ദിശയിൽ നിന്ന് വരുന്നതും നടനിലേക്ക് വിരൽ ചൂണ്ടുന്നതും “ഇവനെ എനിക്ക് വിട്ടുതരൂ. ഇവൻ എന്റേതാണ്” എന്നുപറയുന്നതും കണ്ട നടൻ കൂടുതൽ വിറച്ചു. പിശാചിന്റേതായിത്തീരുവാൻ അവൻ ആഗ്രഹിച്ചില്ല. എന്നാൽ ആ നിമിഷം ഒരാൾ അടിക്കപ്പെട്ട്, രക്തം ചിന്തി കുരിശ് ചുമന്നുകൊണ്ട് നടന്നുവരുന്നതും “അവനെ എനിക്ക് വിട്ടുതരൂ. അവന്റെ പാപമോചനത്തിനായി ഞാൻ എന്റെ രക്തം ചൊരിഞ്ഞു” എന്ന് ആ വ്യക്തി പറയുന്നതും അവൻ കേട്ടു.  അപ്പോൾ ആ നടൻ മുഖം കുനിച്ച്, അവന്റെ വഴികളിൽ അനുതപിക്കുകയും ദൈവമകനായിത്തീരുകയും ചെയ്തു.
രക്ഷയുടെ പരിചയായി യേശു തന്നെത്തന്നെ നൽകി. ഇന്നും, പിശാചിന്റെ ആക്രമണത്തിൽ നിന്നും ന്യായവിധിയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുവാൻ കഴിയുന്ന രക്ഷയുടെ കവചം നിങ്ങൾക്ക് ലഭിക്കും. യേശുവിലേക്ക് തിരിയുക. അപ്പോൾ ദൈവത്തിന്റെ കരം നിങ്ങളെ ഉയർത്തി ലോകത്തിൽ വലിയവനാക്കും. വിശ്വാസം നഷ്ടപ്പെട്ട് വെള്ളത്തിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നപ്പോഴും, കർത്താവിനെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെട്ട് വെള്ളത്തിൽ വീണപ്പോഴും പത്രൊസ് യേശുവിനോട് നിലവിളിച്ചു. യേശു അവന്റെ കരംപിടിച്ച്  ഉയർത്തി. വെള്ളത്തിന്റെ മുകളിലൂടെ പടകിലേക്ക് നടക്കുവാൻ അവനെ പ്രേരിപ്പിച്ചു. അവർ മറുകരയിലെത്തി. നിങ്ങളെ ഉയർത്തുവാൻ യേശുവിന്റെ അതേ കരം നിങ്ങളോടൊപ്പമുണ്ട്. അവനാണ് നിങ്ങളുടെ രക്ഷയുടെ പരിച!
Prayer:
സ്നേഹമുള്ള പിതാവേ,

എന്റെ കരം പിടിച്ച് എന്നെ വഴിനടത്തേണമേ. അങ്ങയുടെ രക്ഷയുടെ പരിച എന്നെ നീതിയിലേക്കു തിരിക്കട്ടെ. എന്നെ ഉയർത്തേണമേ. എന്നെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കേണമേ. അങ്ങയുടെ പദ്ധതി പ്രകാരം എന്നെ വലിയ ഉയരങ്ങളിലേക്ക് നയിക്കേണമേ.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000