Loading...
Evangeline Paul Dhinakaran

ജീവജലമേകുന്നവൻ!

Sis. Evangeline Paul Dhinakaran
03 Oct
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും.  യോഹന്നാൻ 7:38
 
നാം സകലവിധങ്ങളിലും അനുഗൃഹീതരായി ജീവിക്കണമെന്ന് സ്നേഹവാനായ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ ദേഹം ദേഹി ആത്മാവിൽ സൌഖ്യം നൽകുവാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ എല്ലാ ആവശ്യങ്ങളും കർത്താവ് നിറവേറ്റിത്തരും. ജലത്താൽ നിറഞ്ഞിരിക്കുന്ന ദൈവത്തിന്റെ നദിയിൽനിന്നും നാം സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. സങ്കീർത്തനങ്ങൾ 65:9,10 വാക്യങ്ങൾ ഇപ്രകാരം പറയുന്നു: ‘‘നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ ഈ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു. നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചു നിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.’’ നമ്മെക്കുറിച്ചുള്ള കർത്താവിന്റെ കരുതൽ നമുക്ക് ഈ വാക്യങ്ങളിൽ കാണുവാൻ സാധിക്കും. നമ്മുടെ എല്ലാ ഭാരങ്ങളും ദൈവത്തിന്റെ പാദത്തിൽ നാം സമർപ്പിക്കുന്പോൾ, ദൈവം നമ്മെ കരുതുക മാത്രമല്ല, നമ്മുടെ ഭാരങ്ങൾ വഹിക്കുകയും ചെയ്യുന്നു. നാം സകലവിധങ്ങളിലും അനുഗൃഹീതരായി ജീവിക്കണമെന്നതാണ് ദൈവഹിതം. അതുകൊണ്ടാണ് ‘‘നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും’’ എന്ന് യെശയ്യാവു 58:11 -ൽ ദൈവം നമുക്ക് വാഗ്ദത്തം നൽകിയിരിക്കുന്നത്.
 
മോശെ യിസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ നടത്തിയപ്പോൾ വെള്ളം കിട്ടാതെ അവർക്ക് ദാഹിച്ചു. ‘ഞങ്ങൾ ദാഹിച്ച് മരിക്കേണ്ടതിനായാണോ നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നത്?’ എന്ന് അവർ മോശെക്കു വിരോധമായി പിറുപിറുത്തു. അപ്പോൾ യഹോവ മോശെയോടു: ‘‘ഞാൻ ഹോരേബിൽ നിന്റെ മുന്പാകെ പാറയുടെമേൽ നിൽക്കും; നീ പാറയെ അടിക്കേണം; ഉടനെ വെള്ളം അതിൽനിന്നും പുറപ്പെടും.’’ അതനുസരിച്ച് തന്റെ കൈയിലിരുന്ന വടികൊണ്ട് മോശെ പാറയെ അടിച്ചു. ഉടനെ തന്നെ അതിൽനിന്നും വെള്ളം പുറപ്പെട്ടു. അങ്ങനെ യിസ്രായേൽ മക്കളുടെ ദാഹം ശമിച്ചു (പുറപ്പാടു 17:5,6).
നമ്മുടെ കർത്താവായ യേശുവാണ് നമ്മുടെ ശരണമായ ഉറപ്പുള്ള പാറ. നമുക്കാവശ്യമായതെല്ലാം നൽകുവാൻ അവൻ മതിയായവനാണ്. നമ്മെ രക്ഷിക്കുന്ന, സൌഖ്യമാക്കുന്ന ജീവജലത്തിന്റെ നദികൾ അവനിൽനിന്ന് പുറപ്പെടുന്നു. ‘‘കർത്താവേ, അങ്ങ് എന്റെ പാറയാകുന്നു. എന്നെ അനുഗ്രഹിക്കേണമേ’’ എന്ന് പ്രാർത്ഥിക്കുവിൻ.
 
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളെയും അനുഗ്രഹിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ‘‘എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും’’ എന്ന്  യോഹന്നാൻ 7:38 -ൽ കർത്താവ് പറയുന്നു. നിങ്ങളും ഈ അനുഭവം പ്രാപിക്കുന്പോൾ, ജീവജലത്തിന്റെ ഉറവകൾ നിങ്ങളുടെ ഹൃദയത്തിൽ നിന്നും പുറപ്പെടും. ഈ വാഗ്ദത്തത്തിൽ വിശ്വസിച്ചുകൊണ്ട്, ദാഹത്തോടുകൂടെ, ദൈവീകാനുഗ്രഹങ്ങൾക്കായി നിങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കുക. വറ്റിപ്പോകാത്ത ഉറവയായ യേശു ക്രിസ്തു നിങ്ങൾക്കായി കാത്തിരിക്കുന്നു. കർത്തൃപാദത്തിൽ നിങ്ങളെ പൂർണ്ണമായും സമർപ്പിക്കുക. കർത്താവ് നിങ്ങളെ ഉയർത്തും. നിങ്ങളുടെ ഹൃദയത്തിലേയ്ക്ക് അവൻ ജീവജലം പകരും. അവൻ നിങ്ങളെ സൌഖ്യമാക്കും.
Prayer:
സ്നേഹവാനായ പിതാവേ,
 
അങ്ങ് ജീവജലത്തിന്റെ ഉറവയാകുന്നുവല്ലോ. കർത്താവേ, കർത്താവേ, എന്റെ ജീവിതം മുഴുവനും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയുടെ കൃപയാൽ എന്നെ നിറയ്ക്കേണമേ. എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. കർത്താവേ, അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു. ഇന്ന് അങ്ങയുടെ പാദത്തിൽ എന്നെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു. അങ്ങയുടെ സകല അനുഗ്രഹങ്ങളാലും എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിറയ്ക്കേണമേ. എല്ലാ തിന്മകൾക്കും രോഗങ്ങൾക്കും ഞങ്ങളെ വിലക്കി കാത്തുകൊള്ളേണമേ.
 
 
അങ്ങ് എന്റെ പ്രാർത്ഥനയ്ക്കുത്തരം നല്കുന്നതിനായി സ്തോത്രം!
 
ആമേൻ.

For Prayer Help (24x7) - 044 45 999 000