Loading...
Paul Dhinakaran

പരസ്പരം ബഹുമാനിക്കുവിൻ!!

Dr. Paul Dhinakaran
23 Jan

സങ്കീർത്തനം 149:4 ഇപ്രകാരം പറയുന്നു: ‘‘യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.’’ ഉയർച്ചക്ക് മുൻപായി താഴ്മ കാണപ്പെടുന്നു. ചിലർ മനുഷ്യർക്കു മുൻപാകെയല്ല, ദൈവമുൻപാകെ തങ്ങളെ താഴ്ത്തുന്നു. ‘‘താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ’’ (ഫിലിപ്പിയർ 2:3) എന്ന് വേദപുസ്തകം നമ്മെ ഉപദേശിക്കുന്നു. ഒരു മനുഷ്യൻ താഴ്മയുള്ളവനായി കാണപ്പെടുന്പോൾ അവന്റെ ജീവിതം കർത്താവായ യേശുക്രിസ്തുവിൽ പണിയപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അങ്ങനെയുള്ള ഒരുവന്റെ ജീവിതം ഒരിക്കലും ദൈവീക ലക്ഷ്യത്തിൽനിന്നും വ്യതിചലിക്കുകയില്ല. ജോൺ ന്യൂട്ടൺ ഇപ്രകാരം പറയുന്നു: ‘‘ക്രിസ്തുവിന്റെ വിദ്യാലയത്തിന്റെ നേട്ടവും നമ്മുടെ ഗുരുനാഥൻ അവനാണ്  എന്നതിന്റെ ശക്തമായ തെളിവുമാണ് സ്നേഹവും താഴ്മയും എന്ന് എനിക്ക് ഉറപ്പുണ്ട്.’’

അനേക വർഷങ്ങൾക്ക് മുൻപ്, ജർമ്മനിയിൽ പ്രഗത്ഭനായ മുതിർന്ന ഒരു എലിമെന്ററി സ്കൂൾ പ്രിൻസിപ്പാൾ ഉണ്ടായിരുന്നു. തന്റെ സ്കൂളിൽ അഞ്ചാം ഗ്രേഡ് പാസ്സായ വിദ്യാർത്ഥികൾക്കുവേണ്ടി അദ്ദേഹം ‘ബിരുദദാന സമ്മേളനം’ നടത്തി. സർട്ടിഫിക്കറ്റ് വാങ്ങുവാനായി ഓരോ വിദ്യാർത്ഥിയും മുൻപോട്ട് കടന്നുവരുന്പോൾ അദ്ദേഹം കുനിഞ്ഞ് അവരെ വണങ്ങിയിട്ട് സർട്ടിഫിക്കറ്റ് നൽകിക്കൊണ്ടിരുന്നു. ഇത് കണ്ട ജനങ്ങൾ, ‘സർ, ഈ കുഞ്ഞുങ്ങളുടെ മുൻപിൽ അങ്ങ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?’ എന്ന് ചോദിച്ചു. അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘ഭാവിയിൽ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എഞ്ചിനീയർമാരും രാജ്യത്തിന്റെ ഭരണാധികാരികളും ആയിത്തീരേണ്ടതിന് ഞാനാണ്  ഇവർക്ക് പരിശീലനം നൽകിയിരിക്കുന്നത്. ഇന്ന് അവർ ചെറിയ കുഞ്ഞുങ്ങളായിരിക്കാം. എന്നാൽ ഭാവിയിൽ അവർ സമൂഹത്തിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കും എന്ന് എനിക്കുറപ്പുണ്ട്. അവരിലുള്ള മഹത്വം എനിക്ക് കാണുവാൻ കഴിയുന്നു. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.’

പ്രിയപ്പെട്ടവരേ, ഈ സ്കൂൾ പ്രിൻസിപ്പാളിനെപ്പോലെ നിങ്ങളിലുള്ള മഹത്വം കർത്താവ് കാണുന്നുണ്ട്. അദ്ദേഹത്തെപ്പോലെ നിങ്ങളും മറ്റുള്ളവരിലുള്ള മഹത്വം തിരിച്ചറിയണം. എപ്പോഴും താഴ്മയുള്ളവരായി ജീവിക്കണം. മറ്റുള്ളവർ ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവർക്ക് അവരുടേതായ കഴിവുകളും ലക്ഷ്യവും ഉണ്ട് എന്നുള്ളതും നാം മനസ്സിലാക്കണം. നിങ്ങളുടെ പദവിയോ സ്ഥാനമാനങ്ങളോ നിമിത്തം ഒരിക്കലും മറ്റുള്ളവരെ തരംതാഴ്ത്തി കാണരുത്. എപ്പോഴും മറ്റുള്ളവരെ ബഹുമാനിക്കുവിൻ. നിങ്ങൾ അനുഗ്രഹസന്പൂർണ്ണരാണെങ്കിലും എപ്പോഴും താഴ്മയുള്ളവരായിരിക്കണം. നിങ്ങൾ അങ്ങനെ ആയിരിക്കുന്പോൾ കർത്താവ് നിങ്ങളെ കൂടുതലായി അനുഗ്രഹിച്ച് ഉയരങ്ങളിലേക്ക് ഉയർത്തും എന്നുള്ളതിൽ സംശയമില്ല. നിങ്ങളുടെ ചുറ്റുമുള്ളവരിലുള്ള മഹത്വം തിരിച്ചറിയുക. ദൈവസന്നിധിയിൽ നിങ്ങളെ താഴ്ത്തുക. ദൈവീകാനുഗ്രഹങ്ങൾ പ്രാപിക്കുക! 
Prayer:
എന്റെ തുണയായ കർത്താവേ,

മറ്റുള്ളവരെ ബഹുമാനിച്ച്, എപ്പോഴും താഴ്മയോടുകൂടെ ജീവിക്കുവാൻ എനിക്ക് കൃപ നൽകേണമേ. ഞാൻ കടന്നു പോകുന്ന പാത അങ്ങ് അറിയുന്നുവല്ലോ. കർത്താവേ, അങ്ങ് എന്നെ സഹായിക്കേണമേ. അങ്ങ് എപ്പോഴും എന്നോടുകൂടെ ഉണ്ടായിരിക്കേണമേ. അങ്ങയുടെ നാമത്തിന് സാക്ഷിയായി എന്നെ മാറ്റേണമേ.

സ്തുതിയും മാനവും മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000