Loading...
Dr. Paul Dhinakaran

ദൈവീകജ്ഞാനം പ്രാപിക്കുവിൻ!!

Dr. Paul Dhinakaran
13 Aug
ദൈവം നമുക്ക് നൽകുന്ന ജ്ഞാനം, ഈ ലോകം നൽകുന്ന ജ്ഞാനത്തെക്കാൾ അധികമായ ജ്ഞാനമാണ്. ഭൂതകാലത്തിലെ എല്ലാ കണ്ടുപിടുത്തങ്ങളും ദൈവത്തിന്റെ ജ്ഞാനം ആളുകളിൽ പ്രവർത്തിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. ഒരു പെട്ടകം പണിയുവാൻ ദൈവം നോഹയെ പഠിപ്പിച്ചു. നോഹയുടെ ജ്ഞാനത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വലിയ കപ്പലുകൾ നിർമ്മിക്കുന്നത്. കണ്ടുപിടുത്തങ്ങൾ നടപ്പിലാക്കുവാൻ അവൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ദൈവം ആളുകളെ പഠിപ്പിക്കുന്നു. ‘‘യഹോവയല്ലോ ജ്ഞാനം നൽകുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു’’ എന്ന്  സദൃശവാക്യങ്ങൾ 2:6 പറയുന്നു. ജോലി, പഠനം, ജീവിതത്തിന്റെ മറ്റ് മേഖലകൾ എന്നിവയിൽ മികവ് പുലർത്തുവാൻ നമുക്കും ജ്ഞാനം ആവശ്യമാണ്. ദൈവത്തോട് ചോദിക്കുക എന്നതാണ് ജ്ഞാനം കണ്ടെത്താനുള്ള ഏക മാർഗ്ഗം. കർത്താവ്  പറയുന്നു: ‘‘നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും’’ (യാക്കോബ് 1:5). ദൈവം പക്ഷപാതമുള്ളവനല്ല. തന്നോട് ചോദിക്കുന്ന എല്ലാവർക്കും അവൻ ഉദാരമായി തന്റെ ജ്ഞാനം നൽകുന്നു. ദൈവം നൽകുന്ന ജ്ഞാനം മറ്റുള്ളവരിൽ നിന്ന്  നമ്മെ വ്യത്യസ്തരാക്കും.

യോസേഫ്  വിശ്വസ്തതയുള്ള ജീവിതം നയിച്ചവനായിരുന്നു. ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. ഇതുനിമിത്തം അവന് ഒരു ദോഷവും സംഭവിച്ചില്ല. ദൈവം അവനെ സംരക്ഷിച്ചു. ഫറവോൻ രാജാവ് രണ്ട് സ്വപ്നങ്ങൾ കണ്ടു. അതിന്റെ അർത്ഥം വ്യാഖ്യാനിച്ചു കൊടുത്തത് യോസേഫായിരുന്നു. മിസ്രയീംദേശത്തു ഒക്കെയും ബഹുസുഭിക്ഷമായ ഏഴു സംവത്സരം വരും. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും എന്ന് ദൈവം വെളിപ്പെടുത്തി. ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ച്, പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴു സംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല എന്ന് യോസേഫിലൂടെ ദൈവം ഫറവോന് സ്വപ്നം വ്യാഖ്യാനിച്ചുകൊടുത്തു. ‘‘ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു’’ എന്നു പറഞ്ഞു. മിസ്രയീമിലെ അധികാരിയായിരുന്ന യോസേഫ്  ജ്ഞാനവും വിവേകവും നിറഞ്ഞവനായിരുന്നു. ദൈവം അവന് വരുംകാലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സമൃദ്ധിയുടെ കാലത്ത് അവൻ ധാന്യങ്ങളെല്ലാം ശേഖരിച്ച് വെച്ചു. കഠിനമായ ക്ഷാമമുണ്ടായ കാലത്ത്, താൻ സംഭരിച്ചു വെച്ചിരുന്ന ധാന്യങ്ങൾ യോസേഫ് ജനങ്ങൾക്ക് വിതരണം ചെയ്തു. ദൈവം തന്റെ പ്രവചനവരത്താൽ യോസേഫിനെ നിറച്ച്  അവനെ ഒരു ദേശത്തിന് അനുഗ്രഹമാക്കിത്തീർത്തു. ഈ വെളിപ്പാടിലൂടെയാണ്  യോസേഫ്,  രാജാവിന്റെ അടുത്ത സ്ഥാനത്തെത്തിയത് (ഉല്പത്തി 41-ാം അദ്ധ്യായം).
പ്രിയപ്പെട്ടവരേ, ഈ ഒരു മനുഷ്യന് ലഭിച്ച ദൈവീക വെളിപ്പാടിലൂടെ ദൈവശക്തി മിസ്രയീമിലെങ്ങും വെളിപ്പെട്ടു. യോസേഫ് ആരാധിച്ചിരുന്ന സർവ്വശക്തനായ ദൈവത്തെ കുറിച്ച്  അവർക്ക് ബോദ്ധ്യപ്പെട്ടു. ദൈവം നിങ്ങൾക്ക് ഒരു വെളിപ്പാട് നൽകുമ്പോൾ, ദൈവകൃപയിൽ ആശ്രയിച്ച് അത് പ്രാവർത്തികമാക്കുവാൻ നിങ്ങളെ സ്വയം സമർപ്പിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തുള്ളവരെയും നിങ്ങളുടെ നഗരത്തെയും സംരക്ഷിക്കുവാൻ ദൈവം നിങ്ങളെ ഉപയോഗിക്കും. ‘‘ഉയരത്തിൽനിന്നുള്ള ജ്ഞാനമോ, ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു’’ (യാക്കോബ് 3:17). ആളുകളുമായി എങ്ങനെ ബന്ധപ്പെടണമെന്ന് ദൈവം നമ്മെ പഠിപ്പിക്കും. അതുവഴി നമുക്ക് അവരുടെ പ്രീതി നേടാനും നമ്മിലൂടെ ദൈവത്തിന് അവരുടെ ജീവിതത്തിൽ മഹത്തായ കാര്യങ്ങൾ ചെയ്യുവാനും കഴിയും. ‘‘നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തനെ്റ പ്രവൃത്തികളെ കാണിക്കട്ടെ’’ (യാക്കോബ് 3:13). അതിനാൽ നമ്മുടെ ജീവിതത്തിലൂടെയാണ്  നാം ജ്ഞാനികളെന്ന് തെളിയിക്കേണ്ടത്. ജ്ഞാനമുള്ളവരായി  ജീവിക്കുവാനും കർത്താവിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യുവാനും നിങ്ങളെ സഹായിക്കേണ്ടതിനായി അവനോട്  യാചിക്കുക. തീർച്ചയായും അവൻ നിങ്ങളെ സഹായിക്കും. 
Prayer:
ജ്ഞാനത്തിന്റെ ഉറവയായ കർത്താവേ, 

യോസേഫിനെപ്പോലെ എന്നെയും അങ്ങയുടെ ജ്ഞാനത്താൽ നിറക്കേണമേ. അങ്ങയോടുള്ള ഭയത്തിൽ ജീവിപ്പാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ പാദത്തിൽ കാത്തിരിപ്പാനും അങ്ങയുടെ കൃപകൾ പ്രാപിപ്പാനും എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് അനുഗ്രഹമായി എന്നെ മാറ്റേണമേ. 

അങ്ങയുടെ സന്നിധിയിൽ എന്നെ സമർപ്പിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000