
നിങ്ങളുടെ കുടുംബത്തിനായുള്ള ദൈവത്തിന്റെ നന്മ പ്രാപിക്കുക
പ്രിയ സ്നേഹിതാ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 31:19-ൽ നിന്ന് എടുത്തതാണ്: ''നിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.'' അതെ, നിങ്ങളെ അനുഗ്രഹിക്കാൻ കർത്താവ് കാത്തിരിക്കുന്നു. ദൈവം നിങ്ങളെ അത്യധികം നന്മകളാൽ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് തന്നിൽ അഭയം പ്രാപിക്കാൻ കർത്താവ് നിങ്ങളെ ക്ഷണിക്കുന്നു. എത്ര വലിയ ദൈവത്തെയാണ് നാം സേവിക്കുന്നത്! സ്നേഹിതാ, ദൈവം തന്റെ മക്കളെ അനുഗ്രഹിക്കാൻ വാസ്തവമായും ഇഷ്ടപ്പെടുന്നു. അതിനാൽ, നിങ്ങളുടെ ജീവിതത്തിൽ നിർജ്ജീവമായിപ്പോയി എന്ന് നിങ്ങൾ കരുതുന്ന മേഖലകളെപ്പോലും പുനരുജ്ജീവിപ്പിക്കാൻ കർത്താവ് തയ്യാറാണ്. അതിനാൽ, സന്തോഷിച്ചാനന്ദിക്കുക!
വേദപുസ്കത്തിൽ, ലാസറിന്റെ ജീവിതത്തിൽ ദൈവത്തിന്റെ പുനരുത്ഥാന ശക്തി പ്രകടമാകുന്നത് നാം കാണുന്നു. ലാസർ മരണപ്പെട്ടു. ആശ്വസിപ്പിക്കാൻ പോലും കഴിയാത്തവിധം അവന്റെ സഹോദരിമാർ രണ്ടുപേരും കരയുകയായിരുന്നു. ഇത് അവസാനമാണെന്നും ഇനി ഒരിക്കലും തങ്ങൾക്ക് തങ്ങളുടെ സഹോദരനെ കാണാൻ കഴിയില്ലെന്നും അവർ കരുതി. എന്നാൽ യേശു വന്ന് ലാസറിനെ ജീവങ്കലേക്ക് തിരികെ കൊണ്ടുവന്നു. ലാസറിന്റെ ജീവിതം അവസാനിച്ചുവെന്ന് ചുറ്റുമുള്ളവർ കരുതി. എന്നാൽ കർത്താവിന് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. അവിടുന്ന് തന്റെ മക്കൾക്ക് നല്ലവനായിരിക്കാൻ അവൻ ആഗ്രഹിച്ചു. അവരെ നന്മകളാൽ നിറയ്ക്കാൻ അവിടുന്ന് ആഗ്രഹിച്ചു.
ഇന്ന്, ഒരു പക്ഷേ നിങ്ങളും അതേ അവസ്ഥയിലായിരിക്കാം. ഒരുപക്ഷേ, നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും ഇനി നല്ലതൊന്നു നിങ്ങളിൽ നിന്നും പ്രതീക്ഷിക്കാനില്ലെന്നും നിങ്ങളുടെ ചുറ്റുമുള്ളവർ പറഞ്ഞേക്കാം. നിങ്ങളുടെ സ്വന്തം മാതാപിതാക്കൾ തന്നെ അങ്ങനെ പറയുന്നുണ്ടാകാം! അല്ലെങ്കിൽ 'നിങ്ങൾ ഒന്നിനും കൊള്ളാത്തവനാണ്' എന്ന് ആളുകൾ പറയുന്നത് നിങ്ങൾ കേൾക്കുന്നുവോ? എന്റെ പ്രിയ സ്നേഹിതാ, ധൈര്യപ്പെടുക! എല്ലാ നന്മകളും നൽകി നിങ്ങളെ അനുഗ്രഹിക്കുവാൻ താൻ കാത്തിരിക്കുന്നു എന്ന് കർത്താവ് നിങ്ങളോട് പറയുന്നു. കർത്താവ് നിങ്ങൾക്കായി എല്ലാം കരുതിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രേഷ്ഠമായി കാര്യം. ദൈവത്തിൽ അഭയം പ്രാപിക്കുക എന്നത് മാത്രമാണ് നിങ്ങളിൽ നിന്നുള്ള ഏക ആവശ്യം.
പ്രിയ കർത്താവായ യേശുവേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിന് നന്ദി. കർത്താവേ, അങ്ങയുടെ അചഞ്ചലമായ കാരുണ്യത്താൽ എന്നെ തൃപ്തിപ്പെടുത്തേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവേ, ഞാൻ അങ്ങയിൽ പൂർണ്ണമായി അഭയം പ്രാപിക്കുന്നു. കർത്താവേ, ഞാൻ അങ്ങയിലേക്ക് മാത്രം നോക്കുകയും, അങ്ങയിൽ മാത്രം ആശ്രയിക്കുകയും ചെയ്യുന്നു. കർത്താവേ, അങ്ങയുടെ നന്മ എന്റെ മേൽ വരുമാറാകട്ടെ. കർത്താവേ, അങ്ങ് വാഗ്ദാനം ചെയ്തതുപോലെ അങ്ങയുടെ സന്തോഷവും സമാധാനവും കൊണ്ട് എന്നെ നിറയ്ക്കുകയും എന്നെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യണമേ. കർത്താവേ, ദിവസത്തിലെ ഓരോ നിമിഷവും അങ്ങയുടെ സാന്നിധ്യം എന്നെ നിറയ്ക്കുന്നതായി ഞാൻ അനുഭവിക്കട്ടെ. കർത്താവേ, എന്റെ ജീവിതത്തിലെ നിർജ്ജീവമായ എല്ലാ മേഖലകളെയും പുനരുജ്ജീവിപ്പിക്കുന്നതിനാൽ നന്ദി. അങ്ങയുടെ സ്നേഹകരങ്ങളിൽ നിന്ന് സമൃദ്ധമായ നന്മകൾ ഞാൻ പ്രാപിക്കട്ടെ. യേശുവിന്റെ നവിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.