
നിങ്ങൾക്കായുള്ള ദൈവീപദ്ധതി പിന്തുടരുക
പ്രിയ സ്നേഹിതാ, ഇന്നത്തെ വാഗ്ദത്തം ഫിലിപ്പിയർ 2:13-ൽ നിന്ന് എടുത്തതാണ്: ''ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നതു'' എന്ന് അവിടെ പറയുന്നു. അതെ, ഈ വചനം അനുസരിച്ച്, ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്നു! ദൈവത്തിന്റെ ഉദ്ദേശ്യമനുസരിച്ച് നിങ്ങൾക്ക് ഒരു ആഗ്രഹവും ആ നല്ല ഉദ്ദേശ്യം നിറവേറ്റാനുള്ള ശക്തിയും ഉണ്ടായിരിക്കുകയും ചെയ്യും. അതിനാൽ സന്തോഷിക്കുക! നിങ്ങൾ ദൈവത്തിന്റെ നിയന്ത്രണത്തിലാണ്.
എപ്പോഴാണ് കർത്താവിന് നിങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്നത്? നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് നല്ല ഒരു ഉദ്ദേശ്യമുണ്ടെന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കണം. നിങ്ങളുടെ ജീവിതത്തിൽ കാര്യങ്ങൾ തെറ്റായി പോയേക്കാം. നിങ്ങൾക്ക് ചുറ്റും മോശമായ കാര്യങ്ങൾ സംഭവിച്ചേക്കാം; എല്ലായിടത്തും നിങ്ങൾക്ക് നിന്ദയും പരിഹാസവും അനുഭവിക്കേണ്ടി വന്നേക്കാം. ജീവിതത്തിൽ നിരവധി നഷ്ടങ്ങൾ നേരിട്ടേക്കാം. എന്തുകൊണ്ടാണ് അതൊക്കെയും ദൈവം അനുവദിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ശൂന്യമാക്കപ്പെടുന്നതിനുവേണ്ടി. നിങ്ങൾക്ക് നിങ്ങളുടെ ശക്തിയിലുള്ള വിശ്വാസം ഇല്ലാതാകുന്നതിനുവേണ്ടി. പ്രിയ സ്നേഹിതാ. അങ്ങനെയാണ് ദൈവം നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നത്. നിങ്ങളെ ദൈവസാന്നിദ്ധ്യത്താൽ നിറയ്ക്കേണ്ടതിന് അവിടുന്ന് നിങ്ങളെ ആദ്യം ശൂന്യമാക്കും. അങ്ങനെ ദൈവത്തിന്റെ നല്ല ഉദ്ദേശ്യം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ ജീവിതത്തിലൂടെയും നിറവേറപ്പെടും. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രം എന്നേക്കും ജീവിക്കും. എന്നാൽ സ്വന്ത ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവർ കുറച്ച് സമയത്തേക്ക് മാത്രമേ നിലനിൽക്കൂ. കാരണം മനുഷ്യന്റെ പദ്ധതികൾ നിത്യമല്ല. എന്നാൽ ദൈവം നിത്യനാണ്.
സ്നേഹവാനാ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ അത്ഭുത വാഗ്ദാനത്തിനായി നന്ദി. കർത്താവേ, എന്റെ ജീവിതത്തെക്കുറിച്ച് അങ്ങേയ്ക്ക് നല്ല ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, ഇതാ ഞാൻ അങ്ങയുടെ കുരിശിന്റെ മുമ്പിൽ വന്ന് എന്നെ ശൂന്യമാക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. എന്നെ പൂർണ്ണമായും ശൂന്യമാക്കി അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമേ. കർത്താവേ, അങ്ങ് എന്നിൽ പ്രവർത്തിക്കാൻ തുടങ്ങണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങ് വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമാകുന്നുവല്ലോ. ഇനി ഞാനല്ല ക്രിസ്തുവത്രേ എന്നിൽ വസിക്കുന്നത്. കർത്താവേ, എന്നെ പ്രയാസപ്പെടുത്തുന്ന എല്ലാ അവസ്ഥകളിൽ നിന്നും എന്നെ ഉയിർപ്പിക്കേണമേ. എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ നല്ല ഉദ്ദേശം ഇന്നു മുതൽ പൂർത്തീകരിക്കപ്പെടട്ടെ. അങ്ങയുടെ നാമം മാത്രം എന്നിലും എന്നിലൂടെയും മഹത്വപ്പെടട്ടെ. യേശുവിന്റെ നവിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.