Loading...
Evangeline Paul Dhinakaran

എപ്പോഴും പ്രാർത്ഥിപ്പിൻ!!

Sis. Evangeline Paul Dhinakaran
09 Apr
ചില സന്ദർഭങ്ങളിൽ നാം പ്രാർത്ഥിക്കുകയും ഉത്തരം ലഭിക്കാതെ വരികയും ചെയ്യുന്പോൾ, ‘‘എനിക്ക് യോഗമില്ല, അതുകൊണ്ട് എന്റെ പ്രാർത്തനക്ക് ഉത്തരം ലഭിക്കുന്നില്ല’’ എന്ന് നാം പറയാറുണ്ട്. പകരം, കർത്താവിനെ സ്നേഹിക്കുന്ന നാം അനുഗ്രഹം പ്രാപിക്കുന്നതുവരെയും മടുത്തുപോകാതെ, ‘‘ഞാൻ ചോദിച്ചത് ദൈവം എനിക്ക് തന്നില്ല. എന്നാൽ ഞാൻ ചോദിച്ചതിനെക്കാൾ മികച്ചതും വലിയതുമായ അനുഗ്രഹം അവിടുന്ന് എനിക്കായി കരുതിയിരിക്കുന്നു’’ എന്ന് പറഞ്ഞുകൊണ്ടിരിക്കണം. 

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള യമുന ഗോവിന്ദരാജ് ദന്പതികളുടെ സാക്ഷ്യം വായിക്കുക:
‘‘വിവാഹം കഴിഞ്ഞ് അനേക വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് മക്കളില്ലായിരുന്നു. അതുനിമിത്തം ഞങ്ങൾ വളരെ നിന്ദയും പരിഹാസവും സഹിച്ചു. സാന്പത്തിക പരാധീനതകളുടെ മദ്ധ്യത്തിലും വിവിധ ആശുപത്രികളിൽ പോയി ഞങ്ങൾ പല ചികിത്സകൾ നടത്തി. പക്ഷേ ഫലം ഒന്നും ഉണ്ടായില്ല. 20 വർഷങ്ങൾ കടന്നുപോയി. ഞാൻ പൂർണ്ണമായും തകർന്ന അവസ്ഥയിലായി. ഒരു ദിവസം ഞങ്ങൾ യേശു വിളിക്കുന്നു ടി.വി. പരിപാടി കണ്ടുകൊണ്ടിരിക്കെ, മക്കളില്ലാത്തവർക്കുവേണ്ടി ആ പരിപാടിയിൽ ഡോ. പോൾ ദിനകരൻ പ്രാർത്ഥിച്ചു. ഞങ്ങളും ആ പ്രാർത്ഥനയിൽ പങ്കുചേർന്നു. പിന്നീട് വാനഗരം പ്രാർത്ഥനാ ഗോപുരത്തിൽ നടത്തപ്പെട്ട യോഗത്തിലും ഞങ്ങൾ പങ്കെടുത്തു. അന്ന് ഡോ. പോൾ ദിനകരനായിരുന്നു ശുശ്രൂഷ അർപ്പിച്ചത്. യോഗത്തിന്റെ അവസാനം അദ്ദേഹത്തെ നേരിൽ കണ്ട് പ്രാർത്ഥിക്കുന്നതിനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു. ഉടനെ തന്നെ ദൈവം പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഒരു പെൺകുഞ്ഞിനെയും ആൺകുഞ്ഞിനെയും നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. എല്ലാ മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു.’’

ഒരു പക്ഷേ ഒരു പ്രത്യേക ആവശ്യത്തിനായി ദീർഘനാളുകളായി നിങ്ങൾ പ്രാർത്ഥിക്കുകയാവാം. നിരാശപ്പെടരുത്. ഇടവിടാതെ പ്രാർത്ഥിക്കുക (1തെസ്സലോനീക്യർ 5:17). കണ്ണുനീരോടെയുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും. 

പ്രിയപ്പെട്ടവരേ, എപ്പോഴും നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്പോൾ നമുക്കാവശ്യമായതെല്ലാം അവൻ നല്കിത്തരും. മനുഷ്യൻ നമ്മുടെ ബാഹ്യരൂപം മാത്രമേ കാണുന്നുള്ളൂ. എന്നാൽ കർത്താവ് നമ്മുടെ ഹൃദയങ്ങളെ കാണുന്നവനാണ്. ഇന്ന് നിങ്ങളുടെ ഭാരങ്ങളും പ്രയാസങ്ങളും എന്തുതന്നെ ആയിരുന്നാലും അവയെല്ലാം കർത്തൃസന്നിധിയിൽ സമർപ്പിക്കുവിൻ. ‘‘കർത്താവേ, അങ്ങയുടെ കരങ്ങളിൽനിന്നും എനിക്ക് ഈ അനുഗ്രഹം വേണം’’ എന്ന് പ്രാർത്ഥിക്കുവിൻ. തീർച്ചയായും കർത്താവ് നിങ്ങളുടെ നിലവിളി കേട്ട് ഉത്തരം നൽകും. ‘‘മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം’’ എന്ന് ലൂക്കൊസ് 18:1 പറയുന്നു. എപ്പോഴും കർത്താവിങ്കലേക്ക് മാത്രം നോക്കുക! ദൈവവചനങ്ങളെ മുറുകെ പിടിച്ചുകൊൾക! നിങ്ങളുടെ ആവശ്യങ്ങൾ എന്തുതന്നെയായിരുന്നാലും അവൻ തീർച്ചയായും അത് നിറവേറ്റിത്തരും. ഒരിക്കലും പ്രാർത്ഥനയിൽ മടുത്തുപോകരുത്!! 
Prayer:
സ്നേഹവാനായ കർത്താവേ,

ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ നേരിട്ടാലും അങ്ങയിലേക്ക് മാത്രം നോക്കുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സഹായത്തോടെ  അവയെ ജയിപ്പാൻ അങ്ങ് എനിക്ക് കൃപ നല്കേണമേ! അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. അങ്ങയെ മാത്രം പിൻതുടരുവാൻ എന്നെ സഹായിക്കേണമേ. ദൈവഭയത്തിൽ ജീവിച്ച് അങ്ങയുടെ പരിപൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എനിക്ക് കൃപ ചെയ്യണമേ! സ്തുതിയും മാനവും മഹത്വവും ഞാൻ അങ്ങേക്ക് കരേറ്റുന്നു. 

അങ്ങയുടെ നാമത്തിൽ യാചിക്കുന്നു. ഉത്തരമരുളേണമേ.

ആമേൻ.

1800 425 7755 / 044-33 999 000