Loading...
Stella dhinakaran

നീതിമാർഗ്ഗത്തിൽ നടക്കുവിൻ!!

Sis. Stella Dhinakaran
13 Mar
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.  സങ്കീർത്തനങ്ങൾ 11:7
രാഹാബ് എന്ന വേശ്യാസ്ത്രീ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരെ പൂർണ്ണഹൃദയത്തോടെ സഹായിച്ചതിനാൽ, ആ നല്ല പ്രവൃത്തിയിലൂടെ അവൾ നീതീകരിക്കപ്പെട്ടു (യാക്കോബ് 2:25). അതുകൊണ്ട്, നീതിപാതയിൽ സഞ്ചരിക്കേണ്ടത് നമ്മെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒരു കാര്യമാണ്. നമ്മുടെ ‘‘മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവദിക്കുകയോ ചെയ്തുംകൊണ്ട്’’ സകലതും നമുക്ക് വെളിവാക്കിത്തരുന്നു (റോമർ 2:15; 1 യോഹന്നാൻ 3:20). നീതിയുടെ കുറ്റമറ്റ പാതകൾ നമുക്ക് തിരഞ്ഞെടുക്കാം. ഇത് ദൈവത്തിന് പ്രസാദകരമാകുന്നു.
 
ജഡീകത ഉയർത്തുന്ന അനാവശ്യ ചിന്തകൾ, ദൈവത്തിന് വിരോധമായി പ്രവർത്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. നാം സകലരോടും സമാധാനത്തിൽ കഴിയണം എന്ന് നമ്മുടെ അന്തരംഗം പറയുന്നു. എങ്കിലും ജഡീക മനസ്സാകട്ടെ നമ്മിൽ ശത്രുതയും കയ്പ്പും പിണക്കവും കലഹവും എല്ലാം ഉണ്ടാക്കുന്നു.
ഒരു മാതാവ് തന്റെ മകനെ നീതിമാർഗ്ഗത്തിൽ വളർത്തി. അവൻ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചപ്പോൾ, അവന് തക്കതായ ഒരു ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹവും നടത്തി. ആ പെൺകുട്ടിയും നീതിവഴികളിൽ സഞ്ചരിച്ചുപോന്നു. എങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ജഡികചിന്തകൾക്ക് അവൾ ഇടം നൽകുവാൻ തുടങ്ങി. കുടുംബജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ചു കഴിഞ്ഞപ്പോൾ, കർത്താവിനെ അന്വേഷിക്കുന്നതും വേദപുസ്തകം വായിച്ച് പ്രാർത്ഥിക്കുന്നതും അവൾ സാവധാനം മറന്നു. ഈ അവസരത്തിനായി തക്കം പാർത്തിരുന്ന പിശാച്, അനാവശ്യമായ ചിന്തകളും കോപം, ശത്രുത, കയ്പ് മുതലായ സ്വഭാവങ്ങളും അവളിൽ ഉളവാക്കി. അന്നുവരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന ആ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുവാൻ തുടങ്ങി. പ്രത്യേകിച്ച് അവൾ തന്റെ അമ്മാവിയമ്മയെ അനാവശ്യമായി വേദനിപ്പിക്കുവാൻ തുടങ്ങി. അവളുടെ പ്രവൃത്തികൾ കണ്ട് ആ പാവം മാതാവ് വളരെ നിരാശയിലായി. എങ്കിലും മുന്പത്തെക്കാൾ കൂടുതൽ ഉപവാസത്തോടുകൂടെ ഈ മാതാവ് ദൈവത്തെ അന്വേഷിക്കുകയും തന്റെ മരുമകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജഡീക ചിന്തകളെയും പൈശാചിക പ്രവൃത്തികളെയും ശാസിച്ച് പ്രാർത്ഥിക്കുകയും ചെയ്തു (ഫിലിപ്പിയർ 2:10). ആ മാതാവിന്റെ പ്രാർത്ഥന കേട്ട കർത്താവ്, മരുമകളുടെ ഉള്ളത്തിൽ പ്രവർത്തിച്ചിരുന്ന ജഡീക ചിന്തകളെ തകർത്തുകളഞ്ഞു. ഒരു ദിവസം, യാതൊരു താൽപര്യവുമില്ലാതെ അവൾ വേദപുസ്തകം എടുത്ത് വായിക്കുവാൻ തുടങ്ങി. താഴെപ്പറയുന്ന തിരുവചനം അവളുടെ കണ്ണുകളിൽ പതിഞ്ഞു: ‘‘...നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ’’ (അപ്പൊ. പ്രവൃത്തികൾ 5:39).
 
തന്റെ ദുഷ്ടസ്വഭാവങ്ങളെല്ലാം അവൾക്ക് ഓർമ്മ വന്നു. അവൾ അവിടെ മുട്ടുകുത്തി, കർത്താവിനോട് നിലവിളിച്ചു. കരുണാസന്പന്നനായ കർത്താവായ യേശു അവളോടു ക്ഷമിക്കുകയും അവളുടെ ജീവിതത്തെ പുതുക്കിപ്പണിയുകയും ചെയ്തു. ലോകത്തിന് നൽകുവാൻ കഴിയാത്ത ദിവ്യസമാധാനം ആ കുടുംബത്തെ ഒരിക്കൽക്കൂടെ നിറച്ചു.
 
പ്രിയപ്പെട്ടവരേ, ഇതുപോലെ നിങ്ങളും ജഡീക ചിന്തകൾക്ക് ഇടംനൽകി, ഹൃദയത്തിൽ ദൈവത്തോട് ശത്രുത പുലർത്തുന്നുവോ? അത് നീതിമാർഗ്ഗമല്ല. ഇത്തരം ജഡീക ചിന്തകൾ ഉപേക്ഷിച്ച്, ദൈവാത്മാവിന് നിങ്ങളുടെ ഉള്ളത്തിൽ ഇടം നൽകുമെങ്കിൽ അത് നിങ്ങളെ നീതിപാതയിലേക്ക് നയിക്കും. സമാധാനവും ജീവനും പ്രാപിക്കുവാൻ അത് വഴിയൊരുക്കും (റോമർ 8:6). രാഹാബും മുകളിൽ പ്രസ്താവിച്ച യുവതിയും ഈ ദൈവീക വഴി തിരഞ്ഞെടുത്ത് നീതീകരിക്കപ്പെട്ടു. ഇന്ന് നിങ്ങളും ഈ പിന്തുടരുക. ‘‘യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും’’ എന്ന് സങ്കീർത്തനങ്ങൾ 11:7 പറയുന്നു. എപ്പോഴും കർത്താവിനെ മുറുകെ പിടിച്ചുകൊൾക. നീതിപാതകളിലൂടെ നടന്ന് സമാധാന ജീവിതം ആസ്വദിക്കുക.
Prayer:
സ്നേഹവാനായ കർത്താവേ!
ജീവിതത്തിൽ എന്തെല്ലാം പ്രയാസങ്ങൾ നേരിട്ടാലും അങ്ങയിലേക്ക് മാത്രം നോക്കുവാനും നീതിമാർഗ്ഗത്തിൽ ജീവിക്കുവാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ സഹായത്തോടെ  അവയെ ജയിപ്പാൻ അങ്ങ് എനിക്ക് കൃപ നല്കേണമേ! അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. അങ്ങയെ മാത്രം പിൻതുടരുവാൻ എന്നെ സഹായിക്കേണമേ. ദൈവഭയത്തിൽ ജീവിച്ച് അങ്ങയുടെ പരിപൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എനിക്ക് കൃപ നൽകേണമേ! സ്തുതിയും മാനവും മഹത്വവും ഞാൻ അങ്ങേക്ക് കരേറ്റുന്നു.
അങ്ങയുടെ നാമത്തിൽ യാചിക്കുന്നു. ഉത്തരമരുളേണമേ.
ആമേൻ.

For Prayer Help (24x7) - 044 45 999 000