Loading...

നമ്മുടെ ദൈവം! നമ്മുടെ സങ്കേതം!!

Shilpa Dhinakaran
09 Nov
പ്രിയപ്പെട്ടവരേ, സർവ്വശക്തനായ ദൈവം നിങ്ങളോടുകൂടെ കൂടെയുണ്ട്! അവൻ നിങ്ങൾക്ക് മുൻപായി കടന്നുചെന്ന് നിങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുതരും (പുറപ്പാടു 23:27). ആയതിനാൽ ഒരു മനുഷ്യനും നിങ്ങൾക്ക് എതിരായി നിൽക്കുകയില്ല. നിങ്ങൾക്കുനേരെ ഗർജ്ജിച്ചുകൊണ്ട് വരുന്നവർ താളടിയായിപ്പോകും. 

ഒരു ആഫ്രിക്കൻ മിഷനറിയെക്കുറിച്ച് പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരു ചെറിയ ഗ്രാമത്തിലെ മിഷൻ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന അദ്ദേഹം, രണ്ടാഴ്ച കൂടുന്പോൾ അടുത്തുള്ള പട്ടണത്തിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ തന്റെ സൈക്കിളിൽ പോകുക പതിവായിരുന്നു. ഈ യാത്രകളിലൊന്നിൽ അദ്ദേഹം മടങ്ങിവരുന്പോൾ, കാടിന് നടുവിൽ രണ്ടുപേർ വഴക്കിടുന്നത് കണ്ടു. അതിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ വ്യക്തിക്ക്  അദ്ദേഹം ഉടൻതന്നെ ആവശ്യമായ ചികിത്സ നൽകുകയും അവനുമായി ക്രിസ്തുവിന്റെ സ്നേഹം പങ്കുവെക്കുകയും ചെയ്തു. അതിനുശേഷം അവനെ പട്ടണത്തിലേക്ക് തിരിച്ചയച്ചു.

ഏതാനും ആഴ്ചകൾക്കുശേഷം, ആ മിഷനറി പട്ടണത്തിലെത്തിയപ്പോൾ ആ പരിക്കേറ്റ യുവാവ് അദ്ദേഹത്തെ കണ്ടു. മിഷനറിയെ കണ്ടപ്പോൾ, കാടിന്റെ നടുവിൽവെച്ച് പരിക്കേറ്റ തന്നെ, മിഷനറി ചികിത്സിക്കുന്നതിന്  അല്പസമയത്തിന് മുൻപ് താൻ ചെയ്യുവാൻ തീരുമാനിച്ചിരുന്ന കുറ്റകൃത്യത്തെക്കുറിച്ച്  അവന് ഓർമ്മ വന്നു. കാട്ടിലൂടെ മിഷനറി പോകുന്പോൾ അദ്ദേഹത്തെ ആക്രമിച്ച്, പണം തട്ടിയെടുത്തിട്ട് കൊന്നുകളയണമെന്ന്  താനും സുഹൃത്തുക്കളുംചേർന്ന്  പദ്ധതിയിട്ടിരുന്നതായി അവൻ പറഞ്ഞു. മിഷനറിക്കുനേരെ കത്തിയോങ്ങുന്ന സമയത്ത്, അദ്ദേഹത്തിന് ചുറ്റും ആയുധമേന്തിയ 26 പട്ടാളക്കാർ തോളോടുതോൾ ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ തങ്ങൾക്ക്  അദ്ദേഹത്തെ ഉപദ്രവിക്കുവാൻ സാധിച്ചില്ല എന്നവൻ പറഞ്ഞു. ഇതുകേട്ട് മിഷനറി പൊട്ടിച്ചിരിച്ചുകൊണ്ട്, ‘അതിന് ഒരു സാദ്ധ്യതയുമില്ല. കാരണം, ഞാൻ തനിയെയാണ് യാത്ര ചെയ്തിരുന്നത് ’ എന്നുപറഞ്ഞു. എന്നാൽ ആ യുവാവ്  അത് അംഗീകരിക്കുവാൻ തയ്യാറായില്ല. അവൻ പറഞ്ഞു: ‘‘ഇല്ല സാർ, ഞാൻ മാത്രമല്ല, എന്നോടൊപ്പമുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളും ആ സൈനികരെ കണ്ടതാണ്. അവർ എത്ര പേർ ഉണ്ടായിരുന്നു എന്ന് ഞങ്ങൾ എണ്ണുകയും ചെയ്തു. ആ സൈനികർ കാരണമാണ് ഞങ്ങൾ താങ്കളെ ഉപദ്രവിക്കാതിരുന്നത്.’’

അമേരിക്കയിലെ മിഷിഗണിലുള്ള തന്റെ പള്ളിയിൽ വെച്ചാണ് മിഷനറി ഈ സംഭവം പങ്കുവെച്ചത്. അദ്ദേഹം ഇത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ, സഭയിലുള്ള ഒരു ചെറുപ്പക്കാരൻ തിടുക്കത്തിൽ എഴുന്നേറ്റു നിന്നു. ആ സംഭവം നടന്ന തീയതിയും സമയവും കൃത്യമായി പറയുവാൻ അവൻ ആവശ്യപ്പെട്ടു. മിഷനറി അത് പറഞ്ഞപ്പോൾ, ‘‘പാസ്റ്റർ, അന്ന് ഏകദേശം അതേ സമയത്ത് ഗോൾഫ് കളിക്കുവാൻ പോകുവാനായി ഞാൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ആ സമയത്ത് താങ്കൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന ശക്തമായ ഒരു ഉൾവിളി എനിക്കുണ്ടായി. ഉടനെ ഞാൻ നമ്മുടെ സഭയിലെ ചില വിശ്വാസികളെ വിളിച്ചു. ഞങ്ങൾ ഒരുമിച്ച് താങ്കൾക്കുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങൾ കൃത്യം 26 പേർ ഉണ്ടായിരുന്നു!’’ എത്ര അത്ഭുതം! ദൈവമക്കൾ അമേരിക്കയിലെ മിഷിഗണിൽ ഒരുമിച്ചു ചേർന്ന് പ്രാർത്ഥിച്ചപ്പോൾ, ദൂരെ ആഫ്രിക്കയിലുള്ള ഒരു മിഷനറിയെ സംരക്ഷിക്കുവാൻ ദൈവം തന്റെ ദൂതന്മാരെ അയച്ചു. നമ്മുടെ ദൈവം എത്ര ആശ്ചര്യവാനാണ്!! നമ്മുടെ ചിന്തകൾക്കതീതമാണ് അവന്റെ കരുതലും ശക്തിയും!
ദൈവം എങ്ങനെ ദാവീദിനെ ആപത്തുകളിൽനിന്നും രക്ഷിച്ചു എന്ന് നാം വേദപുസ്തകത്തിൽ വായിക്കുന്നു. കാരണം, അവൻ ദൈവത്തിന് ബോധിച്ച പുരുഷനായിരുന്നു. യിസ്രായേലിന്റെ രാജാവായിരുന്ന ശൌലിനുപോലും ദാവീദിന് എതിരായി നിൽക്കുവാൻ സാധിച്ചില്ല. ഇതുപോലെ അവന്റെ പ്രിയ മക്കളായ നമ്മെക്കുറിച്ചും ദൈവത്തിന് പ്രത്യേക കരുതലുണ്ട്. ദൈവം നമ്മിൽ ആനന്ദിക്കുന്നു. നമ്മെ ചുറ്റിയിരിക്കുന്ന എല്ലാ ആപത്തുകളിൽനിന്നും ദൈവം നമ്മെ കാത്തുപരിപാലിക്കും. ‘‘നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല’’ (യെശയ്യാവു 54:17) എന്ന വചനപ്രകാരം കർത്താവ് നിങ്ങളെ കാത്തുപരിപാലിക്കും. പ്രിയപ്പെട്ടവരേ, ഭയം നിങ്ങളെ വേട്ടയാടുന്പോൾ കർത്താവിൽ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിക്കുക. അവൻ നിങ്ങളുടെ ചാരെ ഉണ്ട്! ‘‘ഒരു മനുഷ്യനും നിങ്ങളുടെ മുന്പിൽ നിൽക്കയില്ല’’ (ആവർത്തനം 11:25). അവനാണ് നമ്മുടെ സങ്കേതം! അവൻ നിങ്ങളെ തന്റെ സ്നേഹത്താൽ പൊതിഞ്ഞ് കാക്കും! ദൈവീക സുരക്ഷിതത്വം നിങ്ങൾ അനുഭവിച്ചറിയും!
Prayer:
സ്നേഹവാനായ കർത്താവേ,

അങ്ങയിൽ ഞാൻ അഭയം പ്രാപിക്കുന്നു. അങ്ങ് എനിക്ക്  ബലമുള്ള ഗോപുരമാണല്ലോ. അതിനുള്ളിൽ കടക്കുവാൻ ഒരു ശത്രുവിനും സാധിക്കുകയില്ല എന്നെനിക്കറിയാം. അങ്ങയുടെ ചിറകിൻകീഴിൽ എന്നെയും എന്റെ കുടുംബത്തെയും മൂടിമറെച്ചുകൊള്ളേണമേ. എനിക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കാതെ അങ്ങ് കാത്തുകൊള്ളേണമേ. അങ്ങയുടെ ദൂതന്മാരുടെ കാവൽ ഞങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ട് ഉത്തരമരുളിച്ചെയ്യേണമേ. 

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000