Loading...

നന്മ മാത്രം!

Shilpa Dhinakaran
23 Nov
പ്രിയ സ്നേഹിതാ, സങ്കീർത്തനം 85:12 ആണ് ഇന്നത്തെ വാഗ്ദത്തം. "യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും." വ്യക്തിപരമായി ഞാൻ ഈ വാഗ്ദത്തത്തെ സ്നേഹിക്കുന്നു. കാരണം, എന്റെ ബാല്യകാലം മുതൽ ഈ നിമിഷം വരെയും ഇതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിൽ, നല്ലതോ, മോശമായതോ എന്തെങ്കിലും സംഭവിക്കുമ്പോൾ, നന്മയായത് മാത്രമേ ദൈവം ഞങ്ങൾക്ക് നൽകുകയുള്ളൂ എന്ന് ഉറപ്പാക്കുവാൻ ദൈവം തന്നെ അനുവദിച്ചതാണ് അത് എന്ന് മാത്രമേ ഞാൻ കാണക്കാക്കാറുള്ളൂ. നിങ്ങളുടെ ജീവിതത്തിലും പലവിധ കാര്യങ്ങളും സംഭവിച്ചേക്കാം. എന്നാൽ ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നും നിങ്ങൾ അവന്റെ മക്കളാണെന്നും അതിനാൽ നിങ്ങൾക്ക് ഹാനികരമായ യാതൊന്നും അവൻ ചെയ്യുകയില്ലെന്നും എപ്പോഴും ഓർത്തുകൊള്ളുക. ദൈവം നല്കുന്നതെന്തും നല്ലത് മാത്രമായിരിക്കും.

റോമർ 8:28-ൽ വേദപുസ്തകം പറയുന്നു: "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു." നാം ദൈവത്തെ സ്നേഹിക്കുകയും, നമ്മെത്തന്നെ അവന്റെ കരങ്ങളിൽ സമർപ്പിക്കുകയും ചെയ്യുമ്പോൾ, നമുക്ക് നന്മയായത് ദൈവം ചെയ്തു തരും. എന്റെ ജീവിതത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ അനേകം സംഭവങ്ങൾ ഞാൻ ഓർക്കുന്നു. പ്രത്യേകിച്ചും പന്ത്രണ്ടാം ക്ലാസ്സിൽ, പരീക്ഷയ്ക്കു ഞാൻ മുഷിഞ്ഞു പഠിച്ചെങ്കിലും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല. എങ്കിലും അപ്പോഴും ദൈവം നന്മ മാത്രമേ ചെയ്തുള്ളൂ. അത്ഭുതകരമായി ദൈവം എനിക്ക് മെഡിസിനു പ്രവേശനം നൽകുകയും പഠനം പൂർത്തിയാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. അതിനായി ഓരോ ദിവസവും ഞാൻ ദൈവത്തെ വാഴ്ത്തി സ്തുതിക്കുന്നു. പ്രിയ സ്നേഹിതരെ, ചെറിയ തിരിച്ചടികളാണെങ്കിൽപ്പോലും ഭാരപ്പെടരുത്. കാരണം, നിങ്ങളുടെ ജീവിതത്തിൽ ദൈവം നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ.
 
വേദപുസ്തകത്തിലും, ദൈവത്തിന്റെ നിർദ്ദേശമനുസരിച്ചു  അബ്രഹാമും ലോത്തും യാത്ര പുറപ്പെടുന്നത് നാം കാണുന്നു. അവർ കനാനിനെ സമീപിച്ചപ്പോൾ, അവർക്ക് ധാരാളം കന്നുകാലി സമ്പത്തുണ്ടായിരുന്നു. അങ്ങനെ അവർ രണ്ടായി പിരിയാൻ തീരുമാനിച്ചു. തനിക്ക് ഇഷ്ടമുള്ള ദേശം തിരഞ്ഞെടുക്കാൻ അബ്രഹാം ലോത്തിനോട് പറഞ്ഞു. ലോത്ത്‌ സോദോം തിരഞ്ഞെടുത്തു. എന്നാൽ ദൈവം നൽകിയതുമായി യാത്ര തുടരാൻ അബ്രഹാം തയ്യാറായി. അങ്ങനെ തേനും പാലും ഒഴുകുന്ന കനാൻ ദേശം ദൈവം അബ്രഹാമിനു നൽകി. ലോത്ത് തിരഞ്ഞെടുത്ത ദേശം ഹരിതാഭവും കാണാൻ ഭംഗിയുള്ളതും ആയിരുന്നു. എന്നാൽ അവിടെയുള്ള ജനത്തിന്റെ പാപങ്ങൾ നിമിത്തം അത് വേഗത്തിൽ അഗ്നിക്കിരയായി. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് പ്രകാരം മുന്നോട്ടു പോയ അബ്രഹാം അനുഗ്രഹിക്കപ്പെട്ടു. അതെ പ്രിയ സ്നേഹിതരെ, ദൈവം നൽകിയതിനെ ഓർത്തു നിങ്ങൾ ആകുലപ്പെടരുത്. കാരണം അതിനു പിന്നിൽ വലിയ അനുഗ്രഹം മറഞ്ഞിരിക്കുന്നു. ദൈവം നിങ്ങൾക്ക് നൽകിയതിനെ നിശ്ചയമായും ഒരുനാൾ നിങ്ങൾ തിരിഞ്ഞു നോക്കി ദൈവത്തിനു നന്ദി പറയും.
Prayer:
സ്നേഹവാനായ കർത്താവായ യേശുവേ,

ഈ വാഗ്ദത്തത്തിനായി നന്ദി. അങ്ങയുടെ സാന്നിദ്ധ്യത്താലും ആത്മാവിനാലും എന്നെ നിറയ്ക്കേണമേ. അങ്ങയോട് അപേക്ഷിച്ചത് ലഭിക്കാത്തതിനാൽ ഞാൻ നിരാശപ്പെടാൻ ഇടയാകരുതെ. നല്ലത് മാത്രമേ അങ്ങ് എനിക്ക് നൽകുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ അങ്ങയുടെ ഹിതം നിറവേറട്ടെ. അതിലൂടെ ഞാൻ അങ്ങേക്ക് മഹത്വം കരേറ്റട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,

ആമേൻ.

For Prayer Help (24x7) - 044 45 999 000