Loading...
Evangeline Paul Dhinakaran

ഒരു ബുദ്ധിമുട്ടുകൾക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല

Sis. Evangeline Paul Dhinakaran
15 May
പ്രിയ സ്നേഹിതാ, ഇന്ന് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്ദത്തം അപ്പൊ. പ്രവൃത്തി 16:31.  ''കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.'' ഇന്ന് കുടുംബത്തെ മുഴുവൻ അനുഗ്രഹിക്കുന്നതിൽ ദൈവം ശ്രദ്ധിക്കുന്നു. ഈ ഭാഗത്ത്, ''നീ കർത്താവിൽ വിശ്വസിക്കുമെങ്കിലും നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും'' എന്ന് പത്രൊസ് കാരാഗൃഹപ്രമാണിയോടു പറയുന്നു. പ്രവൃത്തി 16:34-ൽ കാണുന്നതുപോലെ, കാരാഗൃഹപ്രമാണിയുടെ കുടുംബത്തിലാണ് ഇത് സംഭവിച്ചത്. ''പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.''

അതെ, നാം കർത്താവിൽ വിശ്വസിക്കുമ്പോൾ നമുക്ക് ലോകത്തെ അതിജീവിക്കാൻ കഴിയും. 1 യോഹന്നാൻ 5:4-ൽ വേദപുസ്തകം പറയുന്നു: ''ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.'' 18-ാം വചനത്തിൽ വേദപുസ്തകം പറയുന്നു: ''ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു. ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.'' അതെ, നാം ജയാളികളായിത്തീരും.
നമുക്ക് പാപത്തെ അതീജീവിക്കാൻ കഴിയും. ഈ ലോകത്തിൽ നമുക്ക് തിന്മകളെ അതിജീവിക്കാൻ സാധിക്കും. ദൈവം നമ്മെ സുരക്ഷിതരായി കാക്കും. ലോകം മുഴുവൻ ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. അതെ, ഈ ലോകം ദുഷ്ടത നിറഞ്ഞതാണ്. അതുകൊണ്ടാണ് യോഹന്നാൻ 16:33-ൽ പറയുന്നത്: ''നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.'' ലോകത്തെ ജയിച്ച കർത്താവ് നിങ്ങളെയും അതിനു സഹായിക്കും. കർത്താവ് നിങ്ങൾക്ക് ജയം നൽകും. ലോകത്തെ എങ്ങനെ അതിജീവിക്കാമെന്ന് നിങ്ങൾക്കറിയാമോ? വെളിപ്പാട് 12:11-ൽ വേദപുസ്തകം വ്യക്തമായി പറയുന്നു: ''അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.'' കർത്താവ് നിങ്ങളുടെ ഹൃദയത്തിൽ വരുമെങ്കിൽ, ലോകത്തിലെ യാതൊന്നിനും നിങ്ങളെ സ്പർശിക്കാൻ കഴിയില്ല. പ്രശ്നങ്ങൾക്കോ, ബുദ്ധിമുട്ടുകൾക്കോ, പീഡകൾക്കോ, ക്ഷാമം, നഗ്നത, അപകടം, വാൾ തുടങ്ങി യാതൊന്നിനും നിങ്ങളെ സ്പർശിക്കാൻ കഴിയില്ല. അതെ, വേദപുസ്തകം പറയുന്നു: ''ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു നമ്മെ വേർപിരിക്കുന്നതാർ?'' ഇതിലൊക്കെയും നിങ്ങൾ പൂർണ്ണജയം പ്രാപിക്കുന്നു. കർത്താവ് നിങ്ങളെ സുരക്ഷിതരായി കാക്കട്ടെ. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കട്ടെ.
Prayer:
സ്നേഹവാനായ പിതാവേ,

ഈ മനോഹര വാഗ്ദത്തത്തിനായി നന്ദി. അങ്ങയുടെ സംരക്ഷിക്കുന്ന കരങ്ങൾ എന്റെയും എന്റെ കുടുംബത്തിന്റെയുംമേൽ വരട്ടെ. എന്നെ അങ്ങയിലേക്ക് അടുപ്പിക്കേണമേ. എന്നെ ജയാളിയാക്കേണമേ. യാതൊരു തിന്മയും എന്റെ കുടുംബത്തിൽ സ്പർശിക്കരുതേ. എന്റെ പ്രിയപ്പെട്ടവരെയെല്ലാം രക്ഷിക്കേണമേ. അങ്ങയെ മാത്രം സേവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000