
അളവറ്റ അനുഗ്രഹങ്ങൾ!!
എന്റെ വിലയേറിയ സുഹൃത്തേ, ദൈവം നിങ്ങളെ പൂർണ്ണഹൃദയത്തോടെ അനുഗ്രഹിക്കട്ടെ. ഈ ദിവസത്തെ വാഗ്ദാന വചനം പുറപ്പാട് 23:25. “നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകറ്റിക്കളയും.” നാം അവനെ മാത്രം സേവിക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. പലപ്പോഴും, ഈ ലോകത്തിലെ ഭാരങ്ങൾ, പ്രശ്നങ്ങൾ, ബലഹീനത, ഈ ലോകത്തിലെ പാപങ്ങൾ, ഈ ലോകത്തിന്റെ അനീതി, ഈ ലോകത്തിന്റെ വഞ്ചന എന്നിവ വളരെ വലുതായിത്തീരുന്നു. ഇവയെല്ലാം കാരണം, നമുക്ക് ദൈവത്തിലേക്ക് നോക്കാൻ കഴിയാതെപോകുന്നു. എന്നിരുന്നാലും, വേദപുസ്തകം പറയുന്നു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”
ദൈവരാജ്യം എന്താണ്? അത് നീതിയാണ്, ദൈവത്തിന്റെ നീതി. അത് സമാധാനമാണ് - സകലബുദ്ധിയെയും കവിയുന്ന സമാധാനം. യേശുവിനു മാത്രമേ അത് നൽകുവാൻ കഴിയൂ. ലോകത്തിന് നൽകുവാൻ കഴിയുകയില്ല. അത് സന്തോഷമാണ് - ദൈവത്തിന് എന്തും സാധ്യമാണെന്ന് പറയുന്ന പരിശുദ്ധാത്മാവിന്റെ സന്തോഷം. നിങ്ങൾ ദൈവത്തിന്റെ പൈതലായായതിനാൽ, അവൻ നിങ്ങൾക്കായി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. ഈ കാരണങ്ങളാലാണ് നിങ്ങൾ അവനെ സേവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത്, അങ്ങനെ അവൻ നിങ്ങളുടെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കുകയും നിങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, ഇന്ന് അവനിലേക്ക് ശ്രദ്ധ തിരിക്കുക.
എന്റെ ജീവിതത്തിൽ ഈ വാഗ്ദാനം നിറവേറ്റേണമേ. അങ്ങയുടെ സ്നേഹം എന്നെ ആലിംഗനം ചെയ്യട്ടെ. കർത്താവേ, ഈ ലോകത്തിൽ അങ്ങല്ലാതെ എനിക്ക് മറ്റാരുമില്ല. അങ്ങയുടെ പൈതലായ എന്നെ അനുഗ്രഹിക്കേണമേ. എനിക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകേണമേ. എന്നിൽ നിന്ന് രോഗങ്ങൾ അകറ്റേണമേ. എന്റെ ജീവിതത്തിൽ സന്തോഷം നൽകേണമേ.
എന്റെ കർത്താവായ യേശുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.
ആമേൻ.