
നിങ്ങൾ നീതിയുടെ ഫലമാകട്ടെ!
പ്രിയ സ്നേഹിതാ, ഇന്ന് നിങ്ങൾക്കായി ഒരു അത്ഭുത വാഗ്ദത്തം കർത്താവിന് കരുതിയിരിക്കുന്നു. യോഹന്നാൻ 15:4-ൽ കർത്താവ് പറയുന്നു: ''എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല''. ഇതനുസരിച്ച്, എപ്പോഴും നിങ്ങളോടൊത്തുള്ള സംഭാഷണങ്ങളും കൂട്ടായ്മയും കർത്താവ് ആഗ്രഹിക്കുന്നു. അവിടുന്ന് നിങ്ങളോടൊപ്പം ഒന്നായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലോസ് റോമർ 8:35 ൽ ധൈര്യത്തോടെ ഇപ്രകാരം ചോദിക്കുന്നത്: ''ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ?'' ക്രിസ്തുവിന്റെ സ്നേഹം ഇതാണ്, ഈ ലോകത്തിലെ യാതൊന്നിനും നമ്മെ ദൈവസ്നേഹത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല.
വേദപുസ്തകത്തിൽ, കർത്താവായ യേശു മറിയയുടെയും മാർത്തയുടെയും വീട്ടിൽ പലതവണ സന്ദർശിച്ചതായി നാം കാണുന്നു. അതിഥികളെ പരിചരിക്കുന്നതിലും എല്ലാവർക്കും ഭക്ഷണം ഒരുക്കുന്നതിലും മാർത്ത എപ്പോഴും തിരക്കിലായിരുന്നു. എന്നാൽ മറിയ യേശുവിന്റെ കാൽക്കൽ ഇരുന്നു ദൈവസാന്നിധ്യവും ഉപദേശങ്ങളും കേട്ടുകൊണ്ടിരുന്നു. അതുകൊണ്ടാണ് യേശു മാർത്തയോട് പറഞ്ഞത്, 'മറിയ നല്ലത് തിരഞ്ഞെടുത്തിരിക്കുന്നു'. പ്രിയ സ്നേഹിതാ, യേശുവാണ് നിങ്ങളുടെ ഏക വഴി. നിങ്ങൾ െേയശുവിൽ വസിക്കുമ്പോൾ നിങ്ങൾ നീതിയുടെ ഫലങ്ങൾ പുറപ്പെടുവിക്കും. അതനുസരിച്ച്, കർത്താവ് നിങ്ങളെ കൂടുതൽ വിശുദ്ധരും നീതിമാനും ആക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
യോഹന്നാൻ 15:7-ൽ, ''നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും'' എന്ന് കർത്താവ് പറയുമ്പോൾ, നാം ദൈവത്തോട് ഒന്നായിരിക്കുന്നതിന്റെ പ്രാധാന്യം കർത്താവ് ആവർത്തിക്കുന്നതായി കാണാം. ഇതാണ്, നീതിയുടെ ഫലം പുറപ്പെടുവിക്കാൻ സഹായിച്ചുകൊണ്ട് കർത്താവ് നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ജീവിതം. അതിനാൽ, പ്രിയ സ്നേഹിതാ, ദൈവവുമായി ഐക്യപ്പെടുക എന്നത് വളരെ ലളിതമാണ്. അതിനാൽ, നിങ്ങളുടെ ശത്രുക്കളെ കണ്ട് ഭയപ്പെടരുത്. കർത്താവ് എന്റെ പക്ഷത്തുണ്ടെന്നും എനിക്ക് ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസത്തോടെ പ്രഖ്യാപിക്കുക. മനുഷ്യന് നിങ്ങളോട് എന്തു ചെയ്യാൻ കഴിയും? സ്നേഹിതാ, ഇന്ന് കർത്താവിന്റെ അനുഗ്രഹിക്കുന്ന കരം നിങ്ങളുടെ മേൽ വരുന്നു. നിങ്ങൾ നീതിയുടെ ഫലം പുറപ്പെടുവിക്കുന്ന വൃക്ഷമായി മാറും! പ്രാർത്ഥനയിൽ നിങ്ങൾ ദൈവത്തോട് ചോദിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും. അതിനാൽ സന്തോഷിക്കുക!
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ വചനത്തിലൂടെ എന്നോടു സംസാരിച്ചതിനാൽ നന്ദി. കർത്താവേ, ഞാൻ അങ്ങയെ മാത്രം മുറുകെ പിടിക്കുന്നു. അങ്ങ് മാത്രമാണ് എന്റെ ഏക പ്രത്യാശ. കർത്താവായ യേശുവേ, അങ്ങയെപ്പോലെ ആർക്കും എന്നെ സ്നേഹിക്കാൻ കഴിയില്ല. കർത്താവേ, അങ്ങയുടെ സ്നേഹത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. കർത്താവേ, അങ്ങയുമായി ശക്തമായ ഒരു ബന്ധം സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയിൽ വസിക്കാനും അങ്ങയോടു ചേർന്ന് ഒന്നാകാനും ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, അങ്ങയുടെ മഹത്വത്തിനായി നീതിയുടെ ഫലം കായ്ക്കുന്ന വൃക്ഷമായിത്തീരാൻ എന്നെ സഹായിക്കേണമേ. കർത്താവേ, അങ്ങയുടെ സ്നേഹത്തിൽ നിന്നും ഈ ലോകത്തിലെ യാതൊന്നും എന്നെ വേർപെടുത്തരുതേ. കർത്താവേ, എന്നെ മുറുകെ പിടിച്ച് അനുഗ്രഹിക്കണമേ. പഴയതെല്ലാം കഴിഞ്ഞുപോകട്ടെ. എനിക്കെതിരെ പ്രവർത്തിക്കുന്ന അന്ധകാരത്തിന്റെ എല്ലാ ശക്തികളും യേശുവിന്റെ നാമത്തിൽ തകർന്നുപോകട്ടെ. കർത്താവേ, എന്നെ വിടുവിച്ച് അങ്ങയുടെ നീതിയാൽ എന്നെ നിറയ്ക്കേണമേ. കർത്താവേ, എന്റെ കൈപിടിച്ച്, ഫലം കായ്ക്കുന്ന വൃക്ഷമാക്കി എന്നെ മാറ്റുന്നതിനാൽ നന്ദി. മറ്റുള്ളവർക്ക് അനുഗ്രഹത്തിന്റെ ചാലകമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, എന്റെ ജീവിതത്തെ പണിഞ്ഞ് എന്നെ ഉപയോഗിക്കേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.