Loading...

കർത്താവിനെ അനുസരിപ്പിൻ!!

Sis. Evangeline Paul Dhinakaran
02 Dec
നാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ വചനത്തെ ബഹുമാനിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ‘‘യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?’’ (ആവർത്തനം 10:12,13) എന്ന് വേദപുസ്തകം പറയുന്നു. ഒരു വ്യക്തി എപ്പോഴാണ് ദൈവത്തെ ഭയപ്പെടുകയും അവനെ അനുസരിക്കുകയും ചെയ്യുന്നത്? സ്നേഹമുള്ള ഒരു ഹൃദയത്തിൽനിന്ന് മാത്രമേ അനുസരണയുണ്ടാകുകയുള്ളൂ. ‘‘എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും’’ (യോഹന്നാൻ 14:23) എന്ന് വേദപുസ്തകത്തിൽ നാം വായിക്കുന്നില്ലേ? പ്രിയപ്പെട്ടവരേ, നിങ്ങൾ ഇന്ന് നേരിടുന്ന കഷ്ടതകൾ ദൈവത്തെ സ്നേഹിക്കുന്നതിൽനിന്നും നിങ്ങളെ അകറ്റി നിറുത്തുന്നുവെങ്കിൽ, ദൈവം നിങ്ങൾക്ക് ചെയ്തിരിക്കുന്ന നന്മകൾ ഓരോന്നായി ഓർക്കുക. അപ്പോൾ കർത്താവ് നിങ്ങൾക്ക് നൽകിയിരിക്കുന്ന കണക്കറ്റ നന്മകളുടെ നീണ്ട പട്ടിക കണ്ട് നിങ്ങൾ അത്ഭുതപ്പെടും. നിങ്ങളുടെ ഹൃദയം ദൈവത്തോടുള്ള സ്നേഹത്താൽ നിറയും. 

ഞങ്ങളുടെ പിതാവ് സഹോ. ഡി.ജി.എസ്. ദിനകരന്റെ അവസാനനാളുകളിൽ അദ്ദേഹം ആശുപത്രിയിലായിരുന്നപ്പോൾ, ഞങ്ങളെ ഓരോരുത്തരെയും അടുക്കൽ വിളിച്ച് അനുഗ്രഹിക്കുകയുണ്ടായി. അദ്ദേഹം എന്റെ മകൻ സാമുവേലിനെ അരികിൽ വിളിച്ചിട്ട് ഇപ്രകാരം പറഞ്ഞു: ‘‘സാം, എല്ലാ ദിവസവും നിന്റെ വേദപുസ്തകം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. നീ അത് മാത്രം ചെയ്താൽ മതി. അത് വളരെ എളുപ്പമുള്ള കാര്യമാണ്.’’ അദ്ദേഹം മൂന്നുപ്രാവശ്യം അത് ആവർത്തിച്ചു പറഞ്ഞു. ദൈവവചനത്തിന്റെ പ്രാധാന്യത്തെ കുറിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള വാക്കുകൾ! എന്റെ മകൻ സാം, കർത്താവിനോടും അവന്റെ മുത്തച്ഛനോടുമുള്ള സ്നേഹത്താൽ എല്ലാ ദിവസവും അങ്ങനെ ചെയ്തുവരുന്നു. മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ ചെന്നപ്പോൾ കർത്താവ് ഇങ്ങനെ പറഞ്ഞു: ‘‘അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല’’ (ലൂക്കൊസ് 10:42). ‘ഒന്നു മതി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ദൈവസന്നിധിയിൽ സ്നേഹപൂർവ്വം കാത്തിരിക്കുക എന്നതാണ് അത്! മറിയ യേശുവിന്റെ പാദത്തിങ്കൽ കാത്തിരുന്ന് അവന്റെ ഉപദേശങ്ങൾ ശദ്ധ്രിച്ച് കേട്ടു. അവൾ അങ്ങനെ ചെയ്തതിനാൽ, അവളുടെ ആവശ്യ സമയത്ത്, കർത്താവ് അവളുടെ സഹോദരൻ ലാസറിനെ മരിച്ചവരിൽനിന്നും ഉയിർപ്പിച്ചു. 
പ്രിയപ്പെട്ടവരേ, ‘‘എന്റെ ഭവനത്തിലെ എല്ലാ കാര്യങ്ങളും നിർജ്ജീവമായ അവസ്ഥയിലാണ്. ഒരു അനുഗ്രഹവും എന്റെ ജീവിതത്തിൽ ഇല്ല’’ എന്ന് നിങ്ങൾ പറയുന്നുവോ? സാഹചര്യങ്ങളോർത്ത് നിങ്ങൾ വിഷമിക്കേണ്ട! ധൈര്യമായിരിപ്പിൻ! ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ദൈവവചനങ്ങൾക്ക് ചെവിചായിച്ച്, അവന്റെ ശബ്ദം അനുസരിക്കുന്പോൾ നിങ്ങളുടെ ജീവിതത്തിലെ വരണ്ട നിലമെല്ലാം സമൃദ്ധിയായ വിളവ് നൽകും. വിവേകമില്ലാത്തവർ ഏറ്റവും ബുദ്ധിമാന്മാരായി മാറും. ബലഹീനർ ശക്തരാകും. ദരിദ്രർ സന്പന്നരാകും! ദൈവത്തിന്റെ മഹത്വം നിങ്ങളുടെ ജീവിതത്തിൽ പ്രകടമാകുന്നത്  നിങ്ങൾ കാണും. ലാസറിനെ വെച്ചിരുന്ന കല്ലറയിൽ യേശു ചെന്നപ്പോൾ അവൻ മാർത്തയോടു പറഞ്ഞു: ‘‘നിന്റെ സഹോദരൻ ജീവിക്കും.’’ ഇന്ന് കർത്താവ്  ഇതുതന്നെ നിങ്ങളോടു പറയുന്നു. വിശ്വസിക്കുക! അത്ഭുതങ്ങൾ പ്രാപിക്കുക!
Prayer:
സ്നേഹവാനായ കർത്താവേ, 

എന്റെ ജീവിതത്തിലെ ഓരോ ചുവടുവെയ്പിലും അങ്ങയെ അനുസരിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കല്പനകൾ അനുസരിച്ച്, അതിൻ പ്രകാരം ജീവിപ്പാൻ എന്നെ സഹായിക്കേണമേ. എന്റെ എല്ലാ കുറവുകളും എന്നോട് ക്ഷമിക്കേണമേ. എന്റെ ജീവിതത്തിലെ എല്ലാ നിർജ്ജീവാവസ്ഥയും അങ്ങ് മാറ്റിത്തരേണമേ. അങ്ങയുടെ അനുഗ്രഹങ്ങളാൽ എന്നെ നിറയ്ക്കേണമേ. അങ്ങയുടെ പൈതലായി എന്നെ കാത്തുകൊള്ളേണമേ.

എല്ലാ മഹത്വവും ഞാൻ അങ്ങേക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000