Loading...
Stella dhinakaran

നിങ്ങളുടെമേൽ ദൈവത്തിന്റെ കടാക്ഷം

Sis. Stella Dhinakaran
15 Jan
എല്ലായ്‌പ്പോഴും ദൈവസാന്നിദ്ധ്യത്താലും സമാധാനത്താലും നിറയപ്പെട്ട ദൈവകേന്ദ്രീകൃതമായ ഒരു കുടുംബത്താൽ അനുഗ്രഹിക്കപ്പെടണമെന്ന്‌ നാം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ കുടുംബത്തിലെ ഒരു വ്യക്തിയുടെ അന്യായപ്രവൃത്തികൾ നിമിത്തം ഇതിന്‌ കോട്ടം സംഭവിക്കുമ്പോൾ, അടിസ്ഥാനത്തിൽ വിള്ളൽ വീണതുപോലെ നാം തകർന്നുപോകുന്നു. ഭാരപ്പെടേണ്ടാ. നിങ്ങളുടെ കുടുംബാംഗങ്ങളോടുള്ള നിങ്ങളുടെ കരുതലിനും സംരക്ഷണത്തിനും ഉപരിയായി, സകലമനുഷ്യർക്കുംവേണ്ടി തന്റെ വിലയേറിയ രക്തം ചിന്തിയ കർത്താവായ യേശു, അവരെ തന്റെ സ്‌നേഹപാശങ്ങളാൽ തന്നിലേക്കടുപ്പിക്കുന്നു. ദൈവസ്‌നേഹത്തിൽ നിന്നോ നിങ്ങളുടെ പ്രാർത്ഥനകളിൽ നിന്നോ രക്ഷനേടാൻ അവർക്ക്‌ സാധിക്കുകയില്ല. പ്രവൃത്തി 16:31 പറയുന്നു: ‘‘കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും’’. രക്ഷയുടെ അഗ്നി നിങ്ങളുടെ കുടുംബത്തിൽ മുഴുവൻ വ്യാപിക്കും.
 
ഉല്ലാസജീവിതം നയിച്ചുവന്ന ഒരു യുവതി ലോകഇമ്പങ്ങളിൽ മുഴുകിയിരുന്നു. തന്റെ കുടുംബാംഗങ്ങളുടെയോ പാസ്റ്റർമാരുടെയോ മറ്റു ദൈവദാസന്മാരുടെയോ ഉപദേശങ്ങളോ ആലോചനകളോ അവൾ ശ്രദ്ധിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ തന്റെ പാപജീവിതത്തിന്റെ ഉച്ചകോടിയിലെത്തി. പാപക്കടലിൽ നീന്തിത്തുടിച്ച ഈ യുവതിക്ക്‌ അപ്രതീക്ഷിതമായി ഒരു ആത്മീയ ഉണർവ്വ്‌ യോഗത്തിൽ സംബന്ധിക്കുവാൻ അവസരം ലഭിച്ചു. ആദ്യമൊന്നും അവിടെ നടക്കുന്ന കാര്യങ്ങൾ അവൾ ശ്രദ്ധിച്ചില്ല. പിന്നീട്‌ ദൈവത്തിന്റെ വചനം നേരിട്ട്‌ അവളോട്‌ ഇടപെടുകയും അവളുടെ ഹൃദയത്തെ സ്‌പർശിക്കുകയും ചെയ്‌തു. അതെ, ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാണ്‌ (എബ്രായർ 4:12). വചനം കൂടുതൽ കേൾക്കുന്തോറും അവളുടെ ഹൃദയം സ്‌പർശിക്കപ്പെട്ടുകൊണ്ടിരുന്നു. അവൾ കഠിനമായി കരഞ്ഞു. ഇതാണ്‌ ദൈവകൃപ! പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു (റോമർ 5:20). ഈ വചനം അവളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായി. അവൾ തന്റെ കഴിഞ്ഞകാല പാപജീവിതത്തെ ഉപേക്ഷിച്ച്, ദൈവത്തിലും അവന്റെ മഹത്വകരമായ സാന്നിദ്ധ്യത്തിലും വസിക്കുവാൻ ആരംഭിച്ചു. ദൈവത്തിൽ നിന്നും ഒരുപുതിയ ഹൃദയവും പുതിയ ആത്മാവും പുതിയ ശരീരവും പുതിയ ജീവിതവും അവൾ പ്രാപിച്ചു.
പ്രിയരേ, ഓരോ വ്യക്തിയെയും പിന്തുടർന്ന്‌, വിശ്വാസത്തിൽ നിലനിൽക്കുന്ന ദൈവത്തിന്റെ അചഞ്ചലമായ സ്‌നേഹത്തെ നോക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർ തങ്ങളുടെ പാപങ്ങളാലും ആസക്തികളാലും നഷ്‌ടപ്പെട്ടുപോകരുത്‌. ദൈവത്തിന്റെ വെളിച്ചം അവരുടെ അന്ധകാരത്തെ കീഴ്‌പ്പെടുത്തണം.  ‘‘നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്ത്‌, നിന്റെ രക്ഷ കൊണ്ടു എന്നെ സന്ദർശിക്കേണമേ’’ (സങ്കീർത്തനം 106:5) എന്നു പറയുക മാത്രം ചെയ്യുക. വേഗത്തിൽ നിങ്ങൾ ജയം കാണും. ‘‘നാമോ നമ്മെ സ്‌നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു’’ (റോമർ 8:37) എന്ന്‌ വേദപുസ്തകം പറയുന്നതിനാൽ, നിങ്ങളുടെ വാസസ്ഥലം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇടമായിത്തീരും!
Prayer:
പ്രിയ പിതാവേ, ഞങ്ങളെ രക്ഷിക്കുവാൻ യേശുവിനെ അയച്ചതിനാൽ അങ്ങേയ്ക്കു നന്ദി പറയുന്നു. ഈ വലിയ രക്ഷ പ്രാപിക്കുവാൻ എന്നിൽ പ്രവർത്തിക്കുന്നതിനാൽ നന്ദി. ഇതുവരെയും രക്ഷപ്രാപിച്ചിട്ടില്ലാത്ത എന്റെ കുടുംബം, മക്കൾ, സ്നേഹിതർ, ബന്ധുക്കൾ എന്നിവരെ അങ്ങയുടെ കൃപാസനത്തിൽ ഞാൻ കൊണ്ടുവരുന്നു. എനിക്ക്‌ നൽകിയിരിക്കുന്ന അധികാരത്തോടെ, അവരെ ഞാൻ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക്‌ മാറ്റുന്നു. അവരുടെ ജീവിതത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളെയും യേശുവിന്റെ രക്‌തത്താൽ ഞാൻ നീക്കുന്നു. അവരുടെ കണ്ണുകളും, കാതുകളും, ഹൃദയവും യേശുവിനെ സ്വീകരിക്കുന്നതിനായി തുറക്കപ്പെടട്ടെ. ഇപ്പോൾത്തന്നെ അങ്ങയുടെ ശക്തി പ്രവർത്തിക്കുന്നതിനാൽ നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

For Prayer Help (24x7) - 044 45 999 000