Loading...

ദൈവവചനം ശ്രവിക്കുവിൻ!!

Shilpa Dhinakaran
30 Sep
പ്രിയ സുഹൃത്തേ, ദിവസവും ദൈവവചനം ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത്  നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവന്റെ പാദത്തിങ്കൽ കാത്തിരിക്കുക, അവന്റെ വചനം വായിക്കുക, അവൻ നമ്മോട് സംസാരിക്കേണ്ടതിനായി കാത്തിരിക്കുക എന്നിവ വളരെ പ്രധാനമാണ്. എല്ലാ ദിവസവും രാവിലെ നാം അവനായി കാത്തിരിക്കുന്പോൾ അവൻ തന്റെ അനുഗ്രഹങ്ങൾ നമ്മുടെമേൽ ചൊരിയുന്നു. ‘‘ദിവസംപ്രതി എന്റെ പടിവാതിക്കൽ ജാഗരിച്ചും എന്റെ വാതിൽക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’’ എന്ന് സദൃശവാക്യങ്ങൾ 8:34 -ൽ പറഞ്ഞിരിക്കുന്ന ദൈവവചനം അനുസരിച്ച്, അവന്റെ വചനം ശ്രവിക്കുന്നവർ ഭാഗ്യവാന്മാർ തന്നെ! തങ്കലേക്ക്  അടുത്തുവരുന്ന എല്ലാവരെയും കർത്താവ് തീർച്ചയായും അനുഗ്രഹിക്കും. അതിനാൽ അതിരാവിലെ എഴുന്നേറ്റ് ദൈവത്തിനെ്റ ശബ്ദം കേൾക്കുന്നത്  ഒരു ശീലമാക്കി മാറ്റണം.

കുട്ടിക്കാലം മുതൽ ദർശനങ്ങൾ കാണുന്ന ഒരു പെൺകുട്ടിയെ എനിക്കറിയാം. ഒരിക്കൽ അവളുടെ ദർശനത്തിൽ വേദപുസ്തകം യേശുക്രിസ്തുവായി മാറിയതെങ്ങനെയെന്ന് അവൾ വിവരിക്കുകയുണ്ടായി. അപ്പോഴാണ് ദൈവവചനം എത്ര പ്രാധാന്യമേറിയതാണെന്ന് ഞാൻ മനസ്സിലാക്കിയത്. സങ്കീർത്തനം 119:105- ദൈവവചനത്തിന്റെ മഹത്വത്തെക്കുറിച്ച് നാം വായിക്കുന്നു: ‘‘നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.’’ നിങ്ങൾ തിരുവെഴുത്തുകൾ വായിച്ച് ധ്യാനിക്കുന്പോൾ നിങ്ങളോട് സംസാരിക്കേണമേ എന്ന്  കർത്താവിനോട് പറയുന്പോൾ, കർത്താവ് നിങ്ങളെ  നയിക്കുകയും വെളിച്ചമായിരുന്ന്  നടക്കേണ്ടുന്ന വഴി നിങ്ങൾക്ക് കാണിച്ചുതരികയും ചെയ്യും. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവൻ നിങ്ങളെ നയിക്കുകയും ചെയ്യും. എന്തുചെയ്യണം, ഏത് വഴി തിരിയണം എന്ന് തീരുമാനിക്കുവാനാകാതെ നിങ്ങൾ വളരെ ആശയക്കുഴപ്പത്തിലായേക്കാം. എന്നാൽ നിങ്ങൾ ദൈവത്തിങ്കലേക്ക് തിരിയുന്പോൾ, നിങ്ങൾ നടക്കേണ്ടുന്ന വഴി അവൻ കാണിച്ചുതരും.
തന്റെ പാദത്തിങ്കൽ കാത്തിരുന്ന മറിയയെ കർത്താവായ യേശു അഭിനന്ദിക്കുന്നത് നമുക്ക് വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും. മാർത്തയും മറിയയും സഹോദരിമാരായിരുന്നു. ഒരു ദിവസം യേശു അവരുടെ വീട്ടിൽ ചെന്നപ്പോൾ, അവന്റെ വചനം ശ്രവിക്കുവാനായി മറിയ ഓടിവന്ന്  കർത്താവിന്റെ കാൽക്കൽ ഇരുന്നു. അടുക്കളയിൽ വീട്ടുജോലികൾ ചെയ്യുന്ന തിരക്കിലായിരുന്നു മാർത്ത. മാർത്ത ശരിയായ കാര്യമാണ്  ചെയ്തതെന്ന്  നമുക്ക് തോന്നിയേക്കാം. പക്ഷേ യേശു വ്യക്തമായി പറയുന്നു: ‘‘മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല’’ (ലൂക്കൊസ് 10:41,42). യേശു പറയുവാൻ ഉദ്ദേശിച്ചത്, നിങ്ങൾ എന്റെ പാദത്തിൽ കാത്തിരുന്നാൽ മാത്രമേ നിങ്ങളുടെ വേവലാതികളെല്ലാം നീങ്ങിപ്പോകുകയുള്ളൂ എന്നാണ്. കർത്താവുമായുള്ള നമ്മുടെ ബന്ധത്തെക്കാളുപരിയായി മറ്റൊരു ബന്ധത്തെയും നാം കാണരുതെന്നും കർത്താവിന് പ്രസാദകരമായി നാം ചെയ്യുന്ന കാര്യങ്ങൾ മാത്രമേ എന്നും നിലനിൽക്കുകയുള്ളൂ എന്നും കർത്താവ്  നമ്മോട് പറയുന്നു. ആയതിനാൽ, കർത്തൃപാദത്തിൽ കാത്തിരിക്കുവാനും ദൈവവചനം വായിക്കുവാനുമുള്ള ദാഹം പുതുക്കുവാൻ ഇന്ന് നിങ്ങൾ തയ്യാറാണോ? എങ്കിൽ തീർച്ചയായും നിങ്ങൾ അനുഗ്രഹിക്കപ്പെടും.
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങ് ഇന്ന് എനിക്ക് നൽകിയ വാഗ്ദത്തത്തിനായി നന്ദി. കർത്താവേ, എല്ലാ ദിവസവും അങ്ങയുടെ പാദത്തിൽ കാത്തിരുന്ന്  അങ്ങയുടെ വചനങ്ങൾ ശ്രവിക്കുവാൻ എന്നെ സഹായിക്കേണമേ. എന്റെ ഉത്കണ്ഠകളെല്ലാം മാറ്റിത്തരേണമേ. അങ്ങയുടെ വചനങ്ങളാൽ എന്നെ ശക്തീകരിച്ച് ഞാൻ പോകേണ്ട പാത എനിക്ക് കാണിച്ചുതരേണമേ. അങ്ങയുടെ ഹിതപ്രകാരം എന്നെ വഴിനടത്തേണമേ. ശരിയായ വഴിയിൽ എന്നെ നടത്തേണമേ. അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000