Loading...

നിങ്ങളിൽ വസിക്കുന്ന ദൈവം!!

Samuel Dhinakaran
30 Sep
ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. വെളിപ്പാടു 3:20
ഈ ലോകത്തിൽ നമുക്ക് ഏറ്റവും സന്തോഷമുള്ള കാര്യം യേശു നമ്മോടുകൂടെ വസിക്കുന്നു എന്നുള്ളതാണ്. യേശുവിന്റെ വിശ്വസ്തയെക്കുറിച്ച്  അനുഭവിച്ചറിയേണ്ടതും യേശുവിനെ മുറുകെ പിടിക്കേണ്ടതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. ‘നിങ്ങൾ യേശുവിനെ കൈക്കൊള്ളാതെ ഞാൻ നിങ്ങളെ വിടുകയില്ല’ എന്നുപറഞ്ഞ് ആരും നിങ്ങളെ നിർബന്ധിക്കുകയില്ല. യേശുവിനെ സ്വീകരിക്കുവാൻ നിങ്ങളെ തയ്യാറാക്കി നിറുത്തുകയുമില്ല. തിരഞ്ഞെടുക്കുവാനുള്ള അവകാശം നിങ്ങളുടെ കൈകളിലാണ്.
 
യേശു ഒരിക്കലും ആരിലും ഒരു സമ്മർദ്ദവും ചെലുത്തുകയില്ല എന്ന് എന്റെ പിതാമഹൻ (സഹോ. ഡി.ജി.എസ്. ദിനകരൻ) എപ്പോഴും പറയാറുണ്ടായിരുന്നു. ദൈവത്തിന്  അത് ചെയ്യുവാനുള്ള കഴിവ് ഉണ്ടെങ്കിലും അവൻ ആരുടെയും ഹൃദയത്തെ അതിനായി പ്രേരിപ്പിക്കുന്നില്ല. മത്തായി 7:7 ഇപ്രകാരം പറയുന്നു: ‘‘യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് കിട്ടും.’’ യേശുവിനെ കൈക്കൊള്ളുവാനും കൈക്കൊള്ളാതിരിക്കുവാനുമുള്ള തീരുമാനം നിങ്ങളുടെതു മാത്രമാണ്. ‘‘ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും’’( വെളിപ്പാടു 3:20) എന്ന് കർത്താവ് പറയുന്നു.
 
ഇന്നത്തെ യുവതലമുറ സ്വാതന്ത്യ്രം കാംക്ഷിക്കുന്നവരാണ്. തങ്ങളുടെ ഇഷ്ടപ്രകാരം നടക്കുവാനാണ് അവർ ആഗ്രഹിക്കുന്നത്. കൂട്ടുകാരോടൊപ്പം പുറത്ത് പോകരുതെന്ന് മാതാപിതാക്കൾ പറഞ്ഞാൽ അവർ എന്താണ് ചെയ്യുന്നത്?  ഉടനെ ‘‘ശരി, മമ്മീ, ഞാൻ നിങ്ങൾ പറയുന്നത് അനുസരിക്കാം. ഞാൻ കൂട്ടുകാരോടൊപ്പം പോകുന്നില്ല’’ എന്ന് അവർ പറയുമോ? ഒരിക്കലുമില്ല. മറിച്ച്, ‘‘എന്നെ പുറത്തേക്ക് വിടാതെ വീട്ടിനുള്ളിൽ അടച്ചിട്ട് ഇവർ എന്റെ ജീവിതം നശിപ്പിക്കുകയാണ്’’ എന്ന് അവർ മനസ്സിൽ പിറുപിറുത്തുകൊണ്ടിരിക്കും.
എനിക്ക്  കോളേജിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവന്റെ മാതാപിതാക്കൾ വളരെ കണിശക്കാരായിരുന്നു. അവൻ ഒരു ആൺകുട്ടിയായിരുന്നിട്ടും കൂട്ടുകാരോടൊപ്പം ഒന്ന് പുറത്തിറങ്ങുവാൻപോലും അവർ അവനെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കളോട് എനിക്ക് ഒരു എതിർപ്പുമില്ല. ഞാൻ യുവജനങ്ങളുടെ മനസ്സിനെക്കുറിച്ചാണ് പറയുന്നത്. മാതാപിതാക്കൾ നമ്മുടെ നന്മക്കുവേണ്ടിയാണ് ഇതൊക്കെ പറയുന്നതെങ്കിലും പലപ്പോഴും അത് കേൾക്കുന്പോൾ നമുക്ക്  ദേഷ്യം വരികയും അവരുടെ വാക്കുകൾ അവഗണിച്ച് കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങുവാൻ പോകുകയും ചെയ്യുന്നു. ഇങ്ങനെ നിർബന്ധം പിടിച്ച്  നിങ്ങളുടെ ഉള്ളിലേക്ക് കയറിക്കൂടാൻ യേശു ആഗ്രഹിക്കുന്നില്ല.
 
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ഹൃദയത്തിലേക്ക് വരുവാൻ കർത്താവ് എപ്പോഴും ഒരുങ്ങിയിരിക്കുന്നു. അതിനായി അവൻ കാത്തിരിക്കുന്നു. അതിനായാണ് അവൻ ഈ ലോകത്തിൽ വന്നത്. നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം! നിങ്ങളുടെ ഹൃദയത്തിൽ വരേണ്ടതിനായി കർത്താവിനോട്  യാചിക്കുക. നിങ്ങളുടെ ഹൃദയത്തിൽ അവന് നിങ്ങൾ ഇടം കൊടുക്കുന്പോൾ അവൻ എപ്പോഴും നിങ്ങളെ സകല അനുഗ്രഹങ്ങളാലും നിറയ്ക്കും എന്നുള്ളതിൽ സംശയമില്ല. ഇന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക് കടന്നുവരുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ‘‘ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും’’ എന്ന കർത്താവിന്റെ വിളിക്ക്  ഇന്ന്  നിങ്ങൾ ചെവി ചായിക്കുമോ?  ഹൃദയം തുറക്കുമോ? എങ്കിൽ കർത്താവ് നിങ്ങളെ തന്റെ പൈതലാക്കി, സകലവിധങ്ങളിലും അനുഗ്രഹിക്കും.
 
Prayer:
കർത്താവായ യേശുവേ!
 
അങ്ങേയ്ക്കായി ഞാൻ എന്റെ ഹൃദയവാതിൽ തുറന്നുതരുന്നു. അങ്ങ് എന്റെ ഹൃദയത്തിൽ വന്ന് വാസംചെയ്യേണമേ. അങ്ങയുടെ തിരുരക്തത്താൽ എന്റെ പാപങ്ങൾ കഴുകി, എന്നെ ശുദ്ധീകരിയ്ക്കേണമേ. അങ്ങയുടെ പൈതലായി എന്നെ രൂപാന്തരപ്പെടുത്തേണമേ. അങ്ങയുടെ ചട്ടങ്ങൾ പ്രമാണിച്ച് നടക്കുവാൻ എന്നെ പഠിപ്പിക്കേണമേ. എന്റെ എല്ലാ ചുവടുവെയ്പിലും അങ്ങ് എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. അങ്ങയുടെ തിരുഹിതത്തിനായി ഞാൻ എന്നെ സമർപ്പിക്കുന്നു. അങ്ങയുടെ നിത്യസ്നേഹത്തിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, എന്നെയും അങ്ങയുടെ സ്നേഹത്താൽ നിറയ്ക്കേണമേ. അങ്ങയുടെ പൈതലായി എന്നെ അംഗീകരിക്കേണമേ. ആരെല്ലാം ഉപേക്ഷിച്ചാലും അങ്ങയുടെ സ്നേഹത്തിൽ നിലകൊള്ളുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ് അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എനിക്ക് കൃപ നല്കേണമേ.
 
ആമേൻ.

For Prayer Help (24x7) - 044 45 999 000