Loading...
Dr. Paul Dhinakaran

കർത്താവിനായി കാത്തിരിപ്പിൻ!

Dr. Paul Dhinakaran
10 Sep
ഭർത്താവിനെ നഷ്ടപ്പെട്ടപ്പോൾ മാതാപിതാക്കളുടെ അടുക്കൽ പോകുന്നതിനുപകരം അമ്മായിയമ്മയോട് പറ്റിച്ചേർന്നുനിൽക്കുന്ന രൂത്തിനെക്കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. നിന്റെ ദൈവം എന്റെ ദൈവം എന്നു പറഞ്ഞു അവൾ നവോമിയുടെ ജീവനുള്ള ദൈവത്തെ അന്വേഷിച്ചു. മാതാപിതാക്കളോടൊപ്പം അവൾക്ക് ഒരു പുതിയ ജീവിതം ആരംഭിക്കുവാൻ കഴിയുമായിരുന്നപ്പോഴും, രൂത്ത് അമ്മാവിയമ്മയോടൊപ്പം താമസിക്കുവാൻ തീരുമാനിച്ചു. അവളുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ കർത്താവ്  ക്ഷമയോടെ കാത്തിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാമോ? ബെത്ത്ലഹേമിലേക്ക് തിരിച്ചു  വന്നപ്പോൾ അവളും അവളുടെ അമ്മാവിയമ്മയും വിധവകളായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവർ ജീവിച്ചത്. എന്നാൽ അവർ ദൈവത്തെ മുറുകെ പിടിച്ചു. നവോമിയുടെ പ്രാർത്ഥനയാൽ രൂത്തിന് അനുഗൃഹീതമായ ഒരു ജീവിതം ലഭിച്ചു. രൂത്ത് ജോലി ചെയ്തിരുന്ന വയലിന്റെ ഉടമയായിരുന്ന ബോവാസ് അവളെ വിവാഹം കഴിച്ചു (രൂത്ത് 2:12).  നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വംശാവലിയിൽ അവളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്! എത്ര ഭാഗ്യകരമായ ജീവിതം!

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇപ്പോൾ മൈക്രോവേവ് തലമുറയുടെ കാലമാണ്. ഇന്നത്തെ തലമുറയ്ക്ക് തൽക്ഷണ കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ. തൽക്ഷണ കോഫി, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ. ഇന്നത്തെ ലോകത്തിൽ എല്ലാം വേഗത്തിൽ ആയിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനാൽ ദൈവവും വേഗതയുള്ളവനായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ എനിക്ക്  പ്രിയമുള്ളവരേ, അവൻ ക്ഷമയുടെ ദൈവമാണ്. അവൻ ശരിയായ സമയത്ത് ശരിയായ കാര്യങ്ങൾ ചെയ്യുന്നവനാണ്. രൂത്ത് ക്ഷമയോടെ കാത്തിരുന്ന്  അനുഗ്രഹം പ്രാപിച്ചതെങ്ങനെയെന്ന് നാം കണ്ടുവല്ലോ. ഇന്ന്, നിങ്ങളും ക്ഷമയോടെ കർത്താവിനായി  കാത്തിരിക്കുവിൻ! അവൻ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. നിങ്ങൾക്ക് ഊഹിക്കാവുന്നതിലും കൂടുതലായുള്ള കാര്യങ്ങൾ അവൻ ചെയ്യും. നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തംപരമായി ചെയ്വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനാണ് നമ്മുടെ കർത്താവ് എന്ന് എഫെസ്യർ 3:20 പറയുന്നു. ‘‘അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു’’ (സഭാപ്രസംഗി 3:11). എല്ലാത്തിനും ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് അവൻ നമ്മെ അനുഗ്രഹിക്കും. അത് നമുക്ക് ഏറ്റവും ആവശ്യമുള്ള കാര്യമായിരിക്കും. ഇതാണ് കർത്താവിന്റെ കരുതൽ!
പുതിയനിയമത്തിൽ യേശു കാനായിൽ ചെയ്ത അത്ഭുതത്തെക്കുറിച്ച് നാം വായിക്കുന്നു. യേശുവും ശിഷ്യന്മാരും കാനാവിലെ കല്യാണത്തിന് ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞ് കുറഞ്ഞുപോയപ്പോൾ യേശുവിന്റെ അമ്മ അവനോട് ഇക്കാര്യം പറഞ്ഞു. ‘‘എന്റെ നാഴിക വന്നിട്ടില്ല’’ എന്ന് യേശു പറഞ്ഞു. അവിടെയുണ്ടായിരുന്ന ആറ് കല്പാത്രങ്ങളിൽ വെള്ളം നിറയ്ക്കുവാൻ അവൻ വേലക്കാരോട് പറഞ്ഞു. യേശു ആ വെള്ളം വീഞ്ഞാക്കി മാറ്റി. വീഞ്ഞു കുടിച്ച ആളുകൾ ഏറ്റവും മികച്ച വീഞ്ഞ് അവസാനം  വിളന്പിയതിൽ അത്ഭുതപ്പെട്ടു (യോഹന്നാൻ 2:1-13). അത് ഒരു സാക്ഷ്യമായി മാറി. ഇങ്ങനെയാണ് ദൈവം ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്യുന്നത്. ലാസറിനെ സംസ്കരിച്ച് നാലുദിവസത്തിനുശേഷം കർത്താവ് ഒരു അത്ഭുതം ചെയ്തതെങ്ങനെയെന്നും നാം കാണുന്നു. എല്ലാവരും വളരെ വൈകിപ്പോയെന്ന് കരുതിയപ്പോൾ, ദൈവത്തിന്റെ നാമം മഹത്വപ്പെടുത്താനുള്ള സമയമാണെന്ന് യേശു കാണിച്ചു (യോഹന്നാൻ 11-ാം അദ്ധ്യായം). ചില സമയങ്ങളിൽ ദൈവം നമുക്കുള്ള അനുഗ്രഹങ്ങൾ വൈകിപ്പിക്കും. അല്പം വൈകിയാണെങ്കിലും നാം അത്  സ്വീകരിക്കുന്പോൾ, അത് കർത്താവിൽ നിന്ന് മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കും. ഇന്ന് നിങ്ങൾക്കായി അത്ഭുതം ചെയ്യുവാൻ കർത്താവ് കാത്തിരിക്കുന്നു. ‘‘ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു’’ (സങ്കീർത്തനം 130:5). ആയതിനാൽ കർത്താവിനെ മുറുകെ പിടിച്ചുകൊൾക! അത്ഭുതങ്ങൾ പ്രാപിക്കുക!
Prayer:
സർവ്വശക്തനായ കർത്താവേ, 

എന്റെ എല്ലാ കാര്യങ്ങളും അങ്ങ് തക്കസമയത്ത് ഭംഗിയായി നിർവ്വഹിച്ചു തരും എന്ന് എനിക്ക് ഉറപ്പ് നൽകിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, ഞാൻ അങ്ങയുടെ പാദത്തിൽ എന്റെ ഭാരങ്ങളെല്ലാം ഇറക്കി വെയ്ക്കുന്നു. അങ്ങ് എന്നോടുകൂടെയിരുന്ന് എന്നെ അനുഗ്രഹിക്കേണമേ. അങ്ങയുടെ തിരുക്കരത്താൽ എന്നെ വഴിനടത്തേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000