Loading...
DGS Dhinakaran

ഞാൻ ആകുന്നവൻ ഞാൻ ആകുന്നു!!

Bro. D.G.S Dhinakaran
27 Sep
അവൻ അരുളിച്ചെയ്തു: അങ്ങനെ സംഭവിച്ചു: അവൻ കല്പിച്ചു; അവ സ്ഥാപിതമായി. സങ്കീർത്തനങ്ങൾ 33:9
2000 വർഷങ്ങൾക്ക് മുൻപ്, സർവ്വശക്തനായ ദൈവം യേശു എന്ന പേരിൽ മനുഷ്യാവതാരമെടുത്ത് ഈ ലോകത്തിൽ വന്നു. ‘‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’’ എന്ന് യോഹന്നാൻ 14:9 -ൽ യേശു പറഞ്ഞിരിക്കുന്നു. ‘‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’’ എന്ന് ദൈവം പറയുന്നു (പുറപ്പാടു 3:14; യോഹന്നാൻ 4:26; 8:24; 8:58).  തന്റെ ശക്തിയുള്ള വചനത്താൽ അവൻ ഈ പ്രപഞ്ചത്തെ വഹിക്കുന്നു എന്ന് എബ്രായർ 1:3 പറയുന്നു.
 
ആശ്ചര്യമേറിയ ദൈവശക്തി!
 
യേശുവിന്റെ ശിഷ്യന്മാർ പടകിൽ കയറി അക്കരക്ക് പോയി. കാറ്റ് പ്രതികൂലമാകയാൽ അവർ തിരകളാൽ വലഞ്ഞു. രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ വന്നു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നുപറഞ്ഞു നിലവിളിച്ചു. ഉടനെ യേശു ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ട എന്നു പറഞ്ഞു. അവൻ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു. (മത്തായി 14:23-33). നാലാം യാമത്തിൽ ശിഷ്യന്മാരെ രക്ഷിക്കുവാനായി കടലിന്മേൽ നടന്നുവന്ന കർത്താവ് ഇന്ന് നിങ്ങളുടെ അടുക്കൽ ഉണ്ട്!
 
പരിപാലിക്കുന്ന ദൈവശക്തി!
 
2004 ഡിസംബർ 24 -ാം തീയതി ഞായറാഴ്ച സുനാമിത്തിരകൾ ചെന്നൈയിൽ ആഞ്ഞടിച്ചു. ദൈവഭയമുള്ള ഒരു കുടുംബം ചെന്നൈയിൽ താമസിച്ചിരുന്നു. അന്ന് രാവിലെ അവർ പള്ളിയിൽ പോയി. ആരാധനയ്ക്കുശേഷം അവർ മറ്റൊരു പ്രാർത്ഥനാ യോഗത്തിൽ സംബന്ധിക്കുവാൻ പോയി. അവർ തങ്ങളുടെ മകനെയോർത്ത് വളരെ ഭാരപ്പെട്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അന്ന് രാവിലെ അവർ പള്ളിയിൽ പോകുവാൻ അവനെ വിളിച്ചപ്പോൾ ‘ഞാൻ വരുന്നില്ല. എനിക്ക് ക്രിക്കറ്റ് കളിക്കുവാൻ പോകണം. അതാണ് എനിക്ക് പ്രധാനപ്പെട്ട കാര്യം’ എന്നവൻ പറഞ്ഞു. ഇത് അവന്റെ മാതാപിതാക്കളെ വളരെയധികം വിഷമിപ്പിച്ചു.
അന്ന് അവൻ ഗ്രൌണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്നാണ് വൻതിരമാലകൾ ആഞ്ഞടിച്ചത്. അവന്റെ കൂട്ടുകാരെല്ലാം അലകളിൽ അകപ്പെട്ടു. അവൻ അടുത്തുകണ്ട ഒരു ഉയരമുള്ള മതിലിൽ കയറിയിരുന്നു. എന്നാൽ അലകൾ അതിനുംമുകളിലേക്ക് വന്നുകൊണ്ടിരുന്നു. അവൻ അലറിവിളിച്ചു. പെട്ടെന്ന് ഒരു ഇരുന്പ് കന്പി അവന്റെ മുൻപിൽ കാണപ്പെട്ടു. അവൻ അതിൽ മുറുകെ പിടിച്ചു. ഒന്നിനു പുറകെ ഒന്നായി തിരമാലകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു. എല്ലാം ശാന്തമാകുന്നതുവരെ അവൻ അവിടെയിരുന്നു. അവൻ താഴെയിറങ്ങി വന്നപ്പോൾ അവന്റെ സൈക്കിൾ വെച്ചിരുന്ന സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. അവൻ ഭവനത്തിലെത്തി. പരിഭ്രാന്തിയിലായിരുന്ന മാതാപിതാക്കൾക്ക് അവനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിഞ്ഞില്ല. സുനാമി വന്നപ്പോൾ അവൻ ഇരുന്ന സ്ഥലം അവർ പോയി നോക്കി. ‘നീ പിടിച്ച കന്പി എവിടെ?’ എന്ന് അവർ അവനോട് ചോദിച്ചു. അവർ അവിടെയെല്ലാം തപ്പി. അവിടെ ഒരു കന്പിപോലും കണ്ടില്ല. ‘‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’’ എന്ന് അരുളിച്ചെയ്തവൻ അവിടെ അവനുവേണ്ടി അത് ഉണ്ടാക്കി, അവനെ കാത്ത്പരിപാലിച്ചു. ഇതാണ് നമ്മുടെ ദൈവത്തിന്റെ ശക്തി!
 
ഈ ശക്തി ഇന്ന് നിങ്ങളിലേക്കും വ്യാപരിക്കുന്നു!
 
അതെ! നമ്മുടെ കർത്താവിന്റെ വാക്കുകളിൽ ശക്തിയുണ്ട്! ‘‘അവൻ അരുളിച്ചെയ്തു: അങ്ങനെ സംഭവിച്ചു: അവൻ കല്പിച്ചു; അവ സ്ഥാപിതമായി’’ എന്ന് സങ്കീർത്തനക്കാരൻ പറയുന്നു (സങ്കീർത്തനങ്ങൾ 33:9). അവന്റെ വാക്കുകളിൽ ശക്തിയുണ്ട്. അതുകൊണ്ട് എനിക്ക് വിടുതൽ ലഭിക്കും എന്ന് നിങ്ങൾ വിശ്വസിച്ചാൽ കർത്താവിന്റെ വാക്കുകൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യും എന്നുള്ളതിൽ സംശയമില്ല.
 
പ്രിയപ്പെട്ടവരേ, അത്ഭുതവാനായ ഈ കർത്താവ് ഇന്നും ജീവിക്കുന്നു. അവൻ നമ്മോടൊപ്പമുണ്ട്. ജീവിതത്തിൽ പരീക്ഷണങ്ങളും ശോധനകളും നേരിട്ടേക്കാം. എന്നാൽ എല്ലാവറ്റെയും ജയിക്കുവാൻ കഴിവുള്ള ദൈവം നമ്മോടുകൂടെയുണ്ട്. എന്നാൽ അങ്ങനെയുള്ള സന്ദർഭങ്ങളിൽ പലപ്പോഴും നാം കർത്താവിനെ മറന്നു പോകുന്നു. സാഹചര്യം ഏതായിരുന്നാലും നാം കർത്താവിൽ പൂർണ്ണമായും വിശ്വസിക്കണം. നമ്മുടെ കർത്താവായ ‘‘യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ’’ (എബ്രായർ 13:8). നാം അപേക്ഷിക്കുന്പോൾ അവൻ നമ്മെ സഹായിക്കും. നിങ്ങളെ പൂർണ്ണമായി ദൈവത്തിങ്കൽ സമർപ്പിക്കുവിൻ! ഇന്ന് നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തുതന്നെയായിരുന്നാലും ഭാരപ്പെടേണ്ടാ! ശക്തനായവൻ നിങ്ങളോടുകൂടെയുണ്ട്. കാറ്റിനെയും കടലിനെയും ശാസിച്ച് അമർത്തിയ അതേ ശക്തിയേറിയ വാക്കുകൾ നിങ്ങൾക്കുവേണ്ടിയും ഇന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കർത്താവ് അമർച്ചചെയ്യും. ആകയാൽ സന്തോഷമായിരിപ്പിൻ! കർത്താവ് നിങ്ങൾക്ക് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യും. ആകയാൽ സന്തോഷമായിരിപ്പിൻ!
Prayer:
സ്നേഹവാനായ കർത്താവേ,
 
അങ്ങയുടെ വചനങ്ങളിൽ പൂർണ്ണമായും വിശ്വസിച്ച് ഞാൻ അങ്ങയുടെ സന്നിധിൽ വരുന്നു. കർത്താവേ, എന്റെ ആവശ്യങ്ങളെല്ലാം അങ്ങയുടെ പാദത്തിങ്കൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ വചനത്താൽ കാറ്റിനെയും കടലിനെയും ശാസിച്ച് അമർത്തിയതുപോലെ ഇപ്പോൾത്തന്നെ അങ്ങയുടെ വചനങ്ങളെ അയച്ച് ഈ പ്രശ്നത്തിൽനിന്നും എനിക്ക് വിടുതൽ നല്കേണമേ എന്ന് അങ്ങയുടെ വിലയേറിയ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. അങ്ങയുടെ വചനത്തിൽ ശക്തിയുണ്ടെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അങ്ങ് അത്ഭുതം പ്രവർത്തിക്കുന്നതിനായി സ്തോത്രം.എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
 
ആമേൻ.

For Prayer Help (24x7) - 044 45 999 000