Loading...
Dr. Paul Dhinakaran

രക്ഷിക്കുന്ന ദൈവം!!

Dr. Paul Dhinakaran
02 Oct
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 
1 യോഹന്നാൻ 1:9
15 വർഷങ്ങൾ മദ്യത്തിന് അടിമയായിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അവൻ രാവിലെ മൂന്ന് മണിക്ക് മദ്യപാനം തുടങ്ങും. പണം മുഴുവനും നശിപ്പിക്കും. ഭാര്യയുടെ ആഭരണങ്ങളെല്ലാം അവൻ വിറ്റു. വീട്ടിൽനിന്നും പോയാൽ പല ദിവസങ്ങൾ കഴിഞ്ഞായിരിക്കും അവൻ തിരിച്ചു വരുന്നത്. ആ ദിവസങ്ങളിൽ ഭാര്യ മൊബൈൽ ഫോണിൽ വിളിക്കുവാൻ ശമ്രിച്ചാൽ അവൻ ഒരിക്കലും ഫോൺ എടുക്കുകയില്ല. അവൾ എന്തെങ്കിലും ചോദിച്ചാൽ അവൻ അവളെ മർദ്ദിക്കുവാൻ തുടങ്ങും. തന്മൂലം പല തവണ അവൾ മരണവക്കോളമെത്തിയിട്ടുണ്ട്. ഭവനത്തിലെ ഭയാനകമായ കാഴ്ചകൾ കണ്ട് അവരുടെ കുഞ്ഞുങ്ങൾ പിതാവിനെ കാണുന്പോൾത്തന്നെ ഭയന്ന് വിറയ്ക്കുവാൻ തുടങ്ങും. ഇങ്ങനെ ഏഴ് വർഷങ്ങൾ അവന്റെ ഭാര്യ കഷ്ടപ്പെട്ടു.  പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നവൾ ചിന്തിച്ചിട്ടുണ്ട്. എന്നാൽ കുടുംബത്തിനും ക്രിസ്ത്യാനിത്വത്തിനും അപമാനം ഉണ്ടാക്കരുത് എന്നു കരുതി അവൾ അതിന് തുനിഞ്ഞില്ല. തന്റെ യാതനകളുടെ മദ്ധ്യത്തിലും അവൾ കർത്താവിനെ മുറുകെ പിടിച്ചുകൊണ്ട് ഉപവസിച്ച് പ്രാർത്ഥിക്കുവാൻ തുടങ്ങി.
 
ആ സന്ദർഭത്തിലാണ് ബെഥെസ്ദാ പ്രാർത്ഥനാ കേന്ദ്രത്തിൽ നടത്തപ്പെടുന്ന പ്രത്യേക യോഗങ്ങളെക്കുറിച്ച് അവൾ അറിഞ്ഞത്. ഈ യോഗത്തിൽ സംബന്ധിച്ച് ഡോ. പോൾ ദിനകരനിലൂടെ തന്റെ ഭർത്താവിന്റെ പേര് കർത്താവ് വിളിക്കണം. അല്ലെങ്കിൽ ആത്മഹത്യ ചെയ്യണമെന്ന് അവൾ തീരുമാനിച്ചു. എന്നാൽ അവളുടെ ഭർത്താവിന് ഈ യോഗങ്ങളിൽ ഒന്നും വിശ്വാസമില്ലായിരുന്നു. ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി, ഒരു നിബന്ധനയോടെ അവൻ വരാമെന്ന് സമ്മതിച്ചു. ‘‘ഞാൻ പൂർണ്ണമായും മദ്യപിച്ചിട്ട് മാത്രമേ അവിടെ വരികയുള്ളൂ. അദ്ദേഹം എന്റെ പേര് വിളിക്കുമോ എന്ന് നോക്കാം’’ ഇതായിരുന്നു അവന്റെ നിബന്ധന.
 
അവൻ നന്നായി മദ്യപിച്ചിട്ട് അവിടെ എത്തി, ഒരു മൂലയിൽ പോയിരുന്നു. പ്രാർത്ഥനയുടെ ആരംഭത്തിൽ എന്നിലൂടെ അവന്റെ പേര് വിളിക്കാതിരുന്നപ്പോൾ ഇതെല്ലാം ചെപ്പടി വിദ്യയാണെന്ന് അവൻ ചിന്തിച്ചു. ആ സമയം ഒരു പ്രാർത്ഥനാ പടയാളി അവന്റെ തലയിൽ എണ്ണപൂശി പ്രാർത്ഥിച്ചു. ആ നിമിഷം കർത്താവ് അവന്റെ പേര് വിളിച്ച് എന്നിലൂടെ ഇപ്രകാരം പറഞ്ഞു: ‘‘രമേഷ്കുമാർ! കർത്താവ് നിന്റെ പാപജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു. നിനക്ക് നഷ്ടപ്പെട്ടതെല്ലാം കർത്താവ് ഇരട്ടിയായി നൽകും.’’ തൽക്ഷണം അഗ്നിപോലെ എന്തോ ഒന്ന് തന്റെ തലയിൽ വന്ന് വീഴുന്നതായി അവന് തോന്നി. തനിക്ക് എന്തോ ഒരു മാറ്റം സംഭവിക്കുന്നതായി അവന് അനുഭവപ്പെട്ടു. അന്നുമുതൽ മദ്യപാനശീലത്തിൽനിന്നും പാപജീവിതത്തിൽനിന്നും അവന് പൂർണ്ണവിടുതൽ ലഭിച്ചു. അവന് നഷ്ടപ്പെട്ടതെല്ലാം കർത്താവ് തിരികെ കൊടുത്തു. ഇപ്പോൾ അവൻ അതിരാവിലെ മൂന്നുമണിക്ക് എഴുന്നേറ്റ് വേദപുസ്തകം വായിക്കുന്നു. നഷ്ടപ്പെട്ട ജോലി കർത്താവ് അവന് തിരികെകൊടുത്തു. കർത്താവ് അവനെ സമൃദ്ധിയായി അനുഗ്രഹിച്ചു.

നമ്മെ പാപത്തിൽനിന്നു വിടുവിക്കുവാനായി കർത്താവായ യേശു കുരിശ്മരണം കൈവരിച്ചു. എഫെസ്യർ 1:7 ഇപ്രകാരം പറയുന്നു: ‘‘അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.’’ ‘‘അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു’’ (കൊലൊസ്യർ 1:14). ഇന്നുതന്നെ നിങ്ങളുടെ പാപങ്ങൾ കർത്തൃസന്നിധിയിൽ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുവിൻ! ‘‘നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചുകൊണ്ടു പോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞുകൊണ്ടു കണ്ണുനീരൊഴുക്കും’’ എന്ന് യിരെമ്യാവു 13:17 പറയുന്നു.
 
പ്രിയപ്പെട്ടവരേ, നിങ്ങൾ പാപഭാരത്താൽ ഉഴലുകയാണോ? നിങ്ങളുടെ പാപങ്ങൾ എല്ലാം കർത്താവ് തന്റെ ശരീരത്തിൽ വഹിച്ചു. അവയിന്മേൽ അവൻ ജയം നേടി. ‘‘ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു’’ (1യോഹന്നാൻ 1:9). ഇന്ന് നിങ്ങളും നിങ്ങളുടെ പാപങ്ങളും കുറവുകളും കർത്താവിനോട് ഏറ്റുപറയുക. അവൻ നിങ്ങളോട് ക്ഷമിക്കും. നിങ്ങളെ ശുദ്ധീകരിക്കും (1യോഹന്നാൻ 1:9). ക്രിസ്തുവിൽ ജയജീവിതം നയിക്കുവാൻ നിങ്ങളെ സഹായിക്കും. ആകയാൽ നിങ്ങൾ വ്യാകുലപ്പെടാതെ കർത്താവിനെമാത്രം മുറുകെ പിടിച്ചുകൊൾക.
Prayer:
സ്നേഹവാനായ കർത്താവേ,
 
പലപ്രാവശ്യം ഞാൻ അങ്ങയിൽ നിന്നും അകന്നുപോയിട്ടുണ്ട്. അങ്ങയുടെ സ്നേഹവും കൃപയും ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു. കർത്താവേ, എന്നോട് ക്ഷമിക്കേണമേ. എന്റെ പാപങ്ങൾ ഞാൻ ഏറ്റുപറയുന്നു. അങ്ങയുടെ അടുക്കലേക്ക് ഞാൻ മടങ്ങി വരുന്നു. കർത്താവേ, അങ്ങയുടെ പൈതലായി എന്നെ അംഗീകരിക്കേണമേ. ഈ നിമിഷം മുതൽ എന്നെ ഒരു പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തേണമേ. അങ്ങയുടെ രക്തത്താൽ എന്നെ കഴുകി, ഹിമംപോലെ എന്നെ വെളുപ്പിക്കേണമേ. അങ്ങ് എന്നോട് ക്ഷമിക്കുന്നതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു.
 
എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.
 
ആമേൻ.

For Prayer Help (24x7) - 044 45 999 000