Loading...
Evangeline Paul Dhinakaran

നിങ്ങളോടു കൂടെയുള്ള കർത്താവ്!!

Sis. Evangeline Paul Dhinakaran
11 Jun
വിലപിക്കുന്ന പ്രവാചകൻ എന്ന് വിളിക്കപ്പെടുന്ന യിരെമ്യാവിനെ ദൈവം തിരഞ്ഞെടുത്തു. പാപത്തിൽനിന്നും ജനങ്ങൾ വിടുവിക്കപ്പെടേണ്ടതിനായി അവൻ ദൈവത്തോട് യാചിച്ചു. സ്നേഹം, മനസ്സലിവ്, ധൈര്യം എന്നിവയാൽ നിറയപ്പെട്ടിരുന്ന യേശുവിനെപ്പോലെയായിരുന്നു യിരെമ്യാവും. അതേസമയം ക്രിസ്തുവിലുള്ള വിശ്വാസം ഹേതുവായി നമ്മുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അത് നേരിടുവാനുള്ള ധൈര്യം നമുക്കുണ്ടായിരിക്കണം. 

ചില സന്ദർഭങ്ങളിൽ, ആവശ്യസമയത്ത് സഹായിക്കുവാൻ ആരുമില്ലാതെ ഏകനായിപ്പോയല്ലോ എന്ന് നമുക്ക് അനുഭവപ്പെടാറുണ്ട്. യേശുവിന്റെ ബലമുള്ള ഭുജങ്ങളിൽ നമ്മെ സമർപ്പിക്കുന്നതിനുവേണ്ടി ദൈവം അനുവദിക്കുന്നതാണ് അത്തരം സാഹചര്യങ്ങൾ. വേദപുസ്തകത്തിൽ പറയുന്നതുപോലെ അവൻ നിങ്ങളെ ഉയരങ്ങളിലെത്തിക്കും. ‘‘അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ’’ (1 പത്രോസ് 5:6). ദൈവം ഇപ്രകാരം പറയുന്നു: ‘‘നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. നീ യഹോവയിൽ ആനന്ദം കണ്ടെത്തും. ഞാൻ നിന്നെ ദേശത്തിൽ വാഹനമേറ്റി നിന്റെ പിതാവ് യാക്കോബിന്റെ അവകാശത്തിന് നിന്നെ ഓഹരിക്കാരനാക്കും.’’ ദൈവത്തിലല്ലാതെ ഒരു മനുഷ്യനിലുംനിങ്ങൾക്ക് സന്തോഷം കണ്ടെത്തുവാൻ സാധിക്കുകയില്ല. ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ. കർത്താവ് ലോകത്തെ ജയിച്ചിരിക്കുന്നു.
നീ എനിക്കുവേണ്ടി നിലകൊള്ളുമോ എന്ന് യഹോവ യിരെമ്യാവിനോട് ചോദിച്ചു. തന്റെ രാജ്യം സ്ഥാപിക്കുവാനും പണിയുവാനും ദൈവം നിങ്ങളെ വിളിക്കുന്നു. ദൈവം തന്റെ പരിശുദ്ധാത്മാവിനാൽ നമ്മെ നിറച്ചതുകൊണ്ട് ഒന്നിനും നമ്മെ തകർക്കുവാൻ സാധിക്കുകയില്ല. നാം കുലുങ്ങിപ്പോവുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. നാം മുന്നോട്ടുതന്നെ ഓടിക്കൊണ്ടിരിക്കും. ദൈവം യിരെമ്യാവിന്റെ വായെ തൊട്ട് സംസാരിക്കുവാൻ അവനെ പ്രാപ്തനാക്കിയതുപോലെ, ഇന്ന് ദൈവകരം നിങ്ങളെയും സ്പർശിക്കും. യിരെമ്യാവിനോടും മോശെയോടും കൂടെ ഇരുന്ന ദൈവം നിങ്ങളോടുകൂടെയുണ്ട്.  യിസ്രായേലിന്റെ രാജാവ് നമ്മുടെ മദ്ധ്യേയുണ്ട്. ‘‘നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന് നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും’’ (സെഫന്യാവു 3:17). യിസ്രായേലിന്റെ ദൈവം നമ്മുടെ മദ്ധ്യേയുള്ളതിനാൽ നാം നിരാശപ്പെടേണ്ടതില്ല. തീർച്ചയായും അവൻ നിങ്ങളെ വഴിനടത്തും. ഏത് സാഹചര്യമായിരുന്നാലും ആരെല്ലാം നിങ്ങളെ പരിഹസിച്ചാലും തള്ളിപ്പറഞ്ഞാലും കർത്താവിനെ മാത്രം മുറുകെ പിടിച്ചുകൊൾക! അവൻ നിങ്ങളോട് മനസ്സലിയും! നിങ്ങളോടുകൂടെ വാസം ചെയ്യും. നിങ്ങളെ അനുഗ്രഹിച്ച് ഉയർത്തും!  ആകയാൽ സകല വിധങ്ങളിലും നിങ്ങളെ അനുഗ്രഹിക്കുവാൻ വല്ലഭനായ കർത്താവിനെമാത്രം മുറുകെ പിടിച്ചുകൊൾക. കർത്താവ് തീർച്ചയായും നിങ്ങളെ അനുഗ്രഹിക്കും. 
Prayer:
സ്നേഹവാനായ കർത്താവേ, 

എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കർത്താവേ, എന്നെ അങ്ങയുടെ സാന്നിദ്ധ്യത്താൽ നിറയ്ക്കേണമേ. അങ്ങയുടെ ഹിതപ്രകാരം ജീവിച്ച് അനുഗ്രഹങ്ങൾ പ്രാപിപ്പാൻ എന്നെ സഹായിക്കേണമേ. എപ്പോഴും അങ്ങയുടെ സാന്നിദ്ധ്യവലയത്തിൽ എന്നെ കാത്തുകൊള്ളേണമേ. അങ്ങ് എപ്പോഴും എന്നോടൊപ്പം വാസം ചെയ്യേണമേ. അങ്ങയുടെ വചനത്തിലൂടെ എന്നോട് സംസാരിച്ചതിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. അങ്ങ് എന്നെ കൈവിടാതെ എപ്പോഴും എന്നോടുകൂടെ ഉണ്ട് എന്ന് ഉറപ്പ് നല്കിയതിനായി സ്തോത്രം. കർത്താവേ, എന്നെ അങ്ങയുടെ കരങ്ങളിൽ ഭരമേല്പിക്കുന്നു. എന്റെ കണ്ണുനീരും ഏകാന്തതയുമെല്ലാം അങ്ങ് മാറ്റി, എന്നെ അനുഗ്രഹിച്ച് ദൈവീക സന്തോഷത്താൽ എന്നെ നിറയ്ക്കേണമേ. 

സ്തുതിയും സ്തോത്രവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000