Loading...
Paul Dhinakaran

വഴിനടത്തുന്ന ദൃഷ്ടികൾ

Dr. Paul Dhinakaran
14 Jan
ആശയക്കുഴപ്പങ്ങൾ നിറഞ്ഞ ഇക്കാലത്ത്‌, സങ്കീർത്തനം 32:8-ൽ മനോഹരമായ ഒരു വാഗ്‌ദത്തം ദൈവം നമുക്ക്‌ നൽകുന്നു: ‘‘ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്‌ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും’’. ദൈവത്തിന്റെ ദൃഷ്‌ടികൾ നിങ്ങളുടെമേലുണ്ട്‌ എന്ന്‌ അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ആവശ്യങ്ങളും കണ്ണുനീരുകളും ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവുകയില്ല. ഇന്നുമുതൽ ദൈവത്തിന്റെ വഴികൾ വ്യക്തമായി നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യും.

ജനറൽ പാറ്റന്റെ ജീവചരിത്രം ഒരിക്കൽ ഞാൻ വായിച്ചു. ജർമ്മനിയോടു ധീരമായി പൊരുതി ജയത്തിന്മേൽ ജയം നേടിയ പ്രശസ്തനായ ഒരു ജനറലായിരുന്നു അദ്ദേഹം. ഓരോതവണയും യുദ്ധവിമാനങ്ങൾ ബോംബ്‌ വർഷിക്കുമ്പോൾ, അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയുടെ മദ്ധ്യേ നടക്കുമായിരുന്നു. ജനറൽ പാറ്റന്റെ അസാമാന്യ ധൈര്യത്തിലൂടെ ശത്രുവിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രയാസമേറിയ സ്ഥലങ്ങൾ അവർ പിടിച്ചെടുത്തു. മാധ്യമപ്രവർത്തകർ അദ്ദേഹത്തോടു ചോദിച്ചു: ‘‘സർ, ശത്രുക്കൾ ബോംബുവർഷം നടത്തിയ സ്ഥലങ്ങൾ എങ്ങനെയാണ്‌ താങ്കൾ പിടിച്ചെടുത്തത്‌? എല്ലാ ദിവസവും ഒരു പ്രത്യേക പുസ്തകം താങ്കൾ വായിക്കാറുണ്ട്‌ എന്ന്‌ ഞങ്ങൾ കേട്ടു. അത്‌ ഏതു പുസ്തകമാണെന്ന്‌ വ്യക്തമാക്കാമോ?’’ യാതൊരുമടിയും കൂടാതെ അദ്ദേഹം മറുപടി നൽകി: ‘‘അത്‌ വിശുദ്ധ വേദപുസ്തകമാണ്‌. ഘോരയുദ്ധം നടക്കുമ്പോഴും, ഈ പുസ്തകം ഞാൻ സ്ഥിരമായി വായിക്കും. യുദ്ധത്തിൽ ഞാൻ എങ്ങനെയാണ്‌ പ്രവർത്തിക്കേണ്ടതെന്ന്‌ കർത്താവ്‌ എനിക്ക്‌ ഉപദേശം നൽകും. അത്‌ വായിക്കുമ്പോൾ എന്റെ ആത്മാവ്‌ പുതുക്കം പ്രാപിക്കും. ഈ ലോകത്തിൽ ജീവിക്കുന്നതിന്‌ എനിക്ക്‌ ഒരു കാലാവധി നിശ്ചയിച്ചിട്ടുണ്ട്‌. അതുവരെയും, ഒരു മനുഷ്യനോ പിശാചിനോ എന്നെ നശിപ്പിക്കുവാനോ എന്റെ ജീവനെടുക്കുവാനോ കഴിയില്ല.’’
പ്രിയരേ, വേദപുസ്തകം എന്നത്‌ ഒരു യാത്രാ ഭൂപടമാണ്‌. ഏതിനെക്കുറിച്ചും അതിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൈക്കൊള്ളാൻ നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങൾ അനുവദിക്കുമെങ്കിൽ, നിങ്ങളുടെ ലക്ഷ്യം നിങ്ങൾക്ക്‌ നഷ്‌ടപ്പെടുകയില്ല. ഇപ്പോഴും, ജോലി സ്ഥലത്ത്‌, കുടുംബത്തിൽ, സ്കൂളിൽ നിങ്ങൾ നേരിടുന്ന അനിശ്ചിതത്വങ്ങളും പരീക്ഷകളും ദൈവം കാണുന്നു. തന്റെ ജ്ഞാനത്താൽ ദൈവം നിങ്ങളെ വഴിനടത്തും. ഉറച്ച മനസ്സു നൽകി ശരിയായ തീരുമാനം എടുക്കാൻ ദൈവം നിങ്ങളെ സഹായിക്കും. അവന്റെ ദൃഷ്‌ടികൾ നിങ്ങളുടെമേലുണ്ടെന്ന്‌ ഓർക്കുക. ദൈവത്തിന്റെ ദിവ്യനടത്തിപ്പിൽ നിന്നും നിങ്ങളെ വേർപെടുത്താൻ യാതൊന്നിനും സാധിക്കുകയില്ല. ‘‘ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?’’ (മത്തായി 6:26). ഈ വാഗ്‌ദത്തം ഓരോ ദിവസവും നിങ്ങളെ ശക്തിപ്പെടുത്തും.
Prayer:
പൂക്കളെയും പക്ഷികളെയും പോറ്റുന്ന പ്രിയ കർത്താവേ, അങ്ങയുടെ നന്മയിൽ ഞാൻ ആശ്രയിക്കുന്നു. അങ്ങയുടെ കണ്ണുകൾ എല്ലായ്‌പോഴും എന്റെ മേൽവെച്ച്‌ എന്നെ വഴിനടത്തുന്നതിനാൽ നന്ദി. എന്റെ സാഹചര്യങ്ങളും ആവശ്യങ്ങളും അങ്ങയുടെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ കൃപയില്ലാതെ എനിക്ക്‌ മുന്നേറുവാൻ കഴിയുകയില്ല. ഏതു വഴി പോകണമെന്ന്‌ എനിക്കറിയില്ല. കർത്താവേ, എനിക്കു മുമ്പായി അങ്ങ്‌ പോകേണമേ. ഞാൻ പോകേണ്ടുന്ന മാർഗ്ഗം എനിക്ക്‌ കാണിച്ചുതരേണമേ. എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.
 

For Prayer Help (24x7) - 044 45 999 000