Loading...
Evangeline Paul Dhinakaran

വൻവിജയം

Sis. Evangeline Paul Dhinakaran
28 Oct
പ്രിയ സ്നേഹിതാ, ഇന്ന് ദൈവം നിങ്ങൾക്ക് നൽകുന്ന വാഗ്ദത്തം 1 ശമൂവേൽ 26:25-ൽ നിന്നാണ്: ''എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയം പ്രാപിക്കും.'' അതെ, ഇതാണ് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്ദത്തം. ''എന്റെ കുഞ്ഞേ, നീ അനുഗ്രഹിക്കപ്പെടട്ടെ'' എന്നു യേശു പറയുന്നു. നിങ്ങൾ വൻകാര്യങ്ങൾ ചെയ്യും, നിങ്ങൾ ജയം പ്രാപിക്കും. ഈ വാക്കുകളാൽ ദാവീദ് ശൗലിനെ അനുഗ്രഹിച്ചു. എന്നാൽ ശൗൽ ദാവീദിനെ വെറുത്തു. ദാവീദിനെ കൊല്ലാൻ ശൗൽ പിന്നാലെ ചെന്നു. അവൻ ദാവീദിനോടു അടുത്തപ്പോൾ, അവനെ മുഖാമുഖമായി കണ്ടപ്പോൾ, അവനെ കൊല്ലുന്നതിനു പകരം അനുഗ്രഹിക്കുകയാണ് ചെയ്തത്. ഇതാണ് ദൈവമക്കൾക്കുള്ള അനുഗ്രഹം. പൂർണ്ണഹൃദയത്തോടെ നാം കർത്താവിനെ സേവിക്കുമ്പോൾ, നമ്മുടെ ശത്രുക്കൾപോലും നമ്മെ സ്നേഹിക്കാൻ ദൈവം ഇടയാക്കും.

സദൃശവാക്യം 16:7-ൽ വേദപുസ്തകം പറയുന്നു: ''ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.'' ഒരു മനുഷ്യന്റെ വഴി ദൈവത്തിന് ഇഷ്ടമായാൽ, അവന്റെ ശത്രുക്കൾ പോലും അവനോടു സമാധാനത്തിലാകുവാൻ ദൈവം ഇടയാക്കും. അതെ, ദാവീദ് ദൈവത്തിന്റെ ഹൃദയത്തിനു ബോധിച്ച പുരുഷനായിരുന്നു. ''അവൻ എനിക്കു ബോധിച്ച പുരുഷനാകുന്നു. ഞാൻ അവനോടു ചെയ്യാൻ ആവശ്യപ്പെടുന്നതൊക്കെയും അവൻ ചെയ്യുന്നു. എന്റെ ഹിതം അനുസരിച്ചുകൊണ്ട് പൂർണ്ണമായും അവൻ അത് നിറവേറ്റുന്നു'' എന്ന് ദൈവം ദാവീദിനെക്കുറിച്ച് സാക്ഷ്യം പറയുന്നു. ദാവീദിന്റെ വഴികൾ ദൈവത്തിന് വളരെ പ്രസാദകരമായിരുന്നു. അതുകൊണ്ടാണ് അവന്റെ ശത്രുപോലും അവനെ അനുഗ്രഹിക്കാൻ ദൈവം ഇടയാക്കിയത്.
നമ്മുടെ ശത്രുക്കൾ നമ്മെ വെറുക്കുകയോ, അസൂയ പൂണ്ട് നമ്മെക്കുറിച്ച് അപവാദം പറയുകയോ ചെയ്യുമ്പോൾ, അക്ഷരാർത്ഥത്തിൽ നാം അവരെ വെറുക്കുകയില്ലേ? എന്നാൽ അവരെ വെറുക്കുന്നതിനു പകരം, നാം അവരെ അനുഗ്രഹിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമെങ്കിൽ, നമ്മുടെ ശത്രുക്കളെക്കാൾ അധികമായി ദൈവം നമ്മെ അനുഗ്രഹിക്കും. വേദപുസ്തകത്തിൽ നാം ഇങ്ങനെ വായിക്കുന്നു: ''ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധംനടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചും ക്ഷയിച്ചും വന്നു'' (2 ശമൂവേൽ 3:1) അതെ, ദാവീദ് ശക്തനായി വളർന്നു. ഇതാണ് നിങ്ങൾക്കായുള്ള ദൈവത്തിന്റെ അനുഗ്രഹം. നിങ്ങൾ മേൽക്കുമേൽ ബലം പ്രാപിക്കും. നിശ്ചയമായും നിങ്ങൾ വിജയിക്കും. നിങ്ങൾ അനുഗൃഹീതരാകുന്നു. അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ (1 പത്രൊസ് 5:6). തക്കസമയത്ത് ദൈവം നിങ്ങളെ അനുഗ്രഹിച്ചു വർദ്ധിപ്പിക്കും. നിങ്ങൾ വൻകാര്യങ്ങൾ ചെയ്യും, നിങ്ങൾ വിജയിക്കും. 
Prayer:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ,

അങ്ങയുടെ വാഗ്ദത്തം അനുസരിച്ചു ഇന്ന് എന്നെ അനുഗ്രഹിക്കേണമേ. ദിവസം കഴിയുന്തോറും ഞാൻ കൂടുതൽ ബലം പ്രാപിക്കട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്റെ ഉള്ളത്തെ ശക്തിപ്പെടുത്തേണമേ. എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ തരേണമേ. എന്റെ ജീവിതത്തിൽ സകലതും മടങ്ങിവരട്ടെ. അങ്ങേക്കായി വൻകാര്യങ്ങൾ ചെയ്യുവാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,

ആമേൻ.

For Prayer Help (24x7) - 044 45 999 000