Loading...
DGS Dhinakaran

മഹാസമാധാനം!!

Bro. D.G.S Dhinakaran
27 Feb
ദൈവത്തിന്റെ കല്പനകളെ സ്നേഹിക്കുക എന്നത്  വേദപുസ്തകം വായിക്കുന്നതിനേക്കാളും ധ്യാനിക്കുന്നതിനേക്കാളും പ്രാധാന്യമേറിയതാണ്. യേശുവിനെത്തന്നെ സ്നേഹിക്കുക എന്നാണതിന്റെ അർത്ഥം. അത്തരമൊരു സ്നേഹം നമ്മിൽ ഉള്ളപ്പോൾ കർത്താവ് നിങ്ങളുടെ മനസ്സിനെ പൂർണ്ണസമാധാനത്തോടെ നിലനിർത്തും (യെശയ്യാവു 26: 3).


ഒരിക്കൽ ഞാൻ ഒരു രാജകുമാരിയെ കണ്ടുമുട്ടി.അവൾക്ക് യേശുവിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അവൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആതിഥേയർ എന്നോട് അഭ്യർത്ഥിച്ചു. ഞാൻ അവളെ കണ്ടപ്പോൾ ഇപ്രകാരം ചോദിച്ചു: ‘‘ഞാൻ ഏതു കാര്യത്തിനുവേണ്ടിയാണ്  പ്രാർത്ഥിക്കേണ്ടത്?’’ അവൾ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? അവൾ പറഞ്ഞു: ‘‘സർ, എനിക്ക് ഈ ലോകത്തിൽ എല്ലാം ഉണ്ട്; ഒരു നല്ല ഭർത്താവും മകനും എനിക്കുണ്ട്. എനിക്ക് കുറവുകളൊന്നുമില്ല. പക്ഷെ എന്റെ ഹൃദയത്തിൽ എനിക്ക് സമാധാനമില്ല. എനിക്ക് സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിച്ചാലും.’’ 

ഈ ഭൂമിയിൽ മനുഷ്യന്  ഏറ്റവും അത്യാവശ്യമായ കാര്യമാണ് ‘സമാധാനം’ യേശു പറഞ്ഞു: ‘‘എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു.നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു’’ (യോഹന്നാൻ 14:27). ഈ ലോകം നൽകുന്ന സമാധാനം വ്യാജമാണ്. അത്  നിമിഷനേരത്തേക്കേയുള്ളൂ. എന്നാൽ യേശു നല്കുന്ന സമാധാനം നിത്യവും ശാശ്വതവുമാണ്. തന്റെ സമാധാനം അവൻ നമുക്ക് നല്കുന്നു. അതുകൊണ്ടാണ് ലോകം തരുന്നതുപോലെയല്ല ഞാൻ നിങ്ങൾക്ക്  തരുന്നത് എന്ന് യേശു പറഞ്ഞത്. ജനങ്ങൾ സമാധാനത്തിനായി അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്നു. എന്നാൽ, യേശു സമാധാന പ്രഭുവാണ് എന്ന് വേദപുസ്തകം പറയുന്നു (യെശയ്യാവു 9: 6). നമ്മുടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ മുൻപോട്ട് പോകുന്പോൾ ജീവിതം സമാധാനപരമായിരിക്കും. പക്ഷേ, ജീവിതം കാറും കോളും നിറഞ്ഞതാണെങ്കിൽ ഈ അത്ഭുതകരമായ സമാധാനം നമുക്ക് എങ്ങനെ ലഭിക്കും?
വേദപുസ്തകം പറയുന്നു: ‘‘നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല’’ (സങ്കീർത്തനങ്ങൾ 119:165). പ്രിയപ്പെട്ടവരേ, നിങ്ങളുടെ ജീവിതത്തിൽ യേശുവിന് പ്രഥമസ്ഥാനം നൽകുന്പോൾ  നിങ്ങൾ ഒരിക്കലും ഇടറിപ്പോകുകയില്ല. ദൈവത്തിലുള്ള ഈ വിശ്വാസവും ആശ്രയവും സകലബുദ്ധിയെയും കവിയുന്ന സമാധാനം പ്രാപിക്കുവാൻ നിങ്ങളെ സഹായിക്കും (ഫിലിപ്പിയർ 4:7). നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകൾ നിറഞ്ഞ സാഹചര്യങ്ങളിലും തന്നിൽ വിശ്വസിക്കുവാൻ യേശു നമ്മെ ക്ഷണിക്കുന്നു. പ്രശ്നങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും വിടുതലും ആശ്വാസവും നേടുവാൻ ദൈവവചനത്തെ സ്നേഹിക്കുകയും ദൈവീക സമാധാനം പ്രാപിക്കുകയും ചെയ്യുക. ഈ ദൈവീക സമാധാനം പ്രാപിച്ച്  വിജയകരമായ ജീവിതം നയിക്കുവിൻ! 
Prayer:
പ്രിയ കർത്താവേ, 

കർത്താവേ, അങ്ങ് വാഗ്ദത്തം ചെയ്തിരിക്കുന്ന അങ്ങയുടെ സമാധാനം എനിക്ക് നല്കേണമേ. ഏത് പ്രതികൂല സാഹചര്യത്തിലും അങ്ങയുടെ സമാധാനത്താൽ നിറഞ്ഞ് അവയെ തരണം ചെയ്യുവാൻ അങ്ങ് എന്നെ സഹായിക്കേണമേ. ഞാൻ അങ്ങയുടെ പൈതലാകുന്നുവല്ലോ. അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങയുടെ കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. കർത്താവേ, എന്നെ അങ്ങയുടെ രക്തത്താൽ എന്നെ കഴുകി ശുദ്ധീകരിക്കേണമേ. എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ജീവിതത്തിൽ എന്നെ ഉയർത്തി, അനുഗ്രഹിക്കേണമേ. അങ്ങയുടെ സമാധാനത്താൽ എന്നെ നിറയ്ക്കേണമേ. കർത്താവേ, എന്നോട് മനസ്സലിയേണമേ. അങ്ങയുടെ സന്നിധിയിൽ എന്നെ സമർപ്പിക്കുന്നു.

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000