Loading...
DGS Dhinakaran

കുരിശിൽ നിന്നുള്ള നന്മകൾ!!

Bro. D.G.S Dhinakaran
17 Jun
തനെ്റ മക്കൾക്ക് പാപമോചനവും രോഗശാന്തിയും നൽകാനായി കർത്താവായ യേശു അസഹനീയമായ വേദനയിലൂടെ കടന്നുപോയി. മുൾക്കിരീടം ധരിപ്പിക്കപ്പെട്ടതിനാൽ അവനെ്റ തലയിൽനിന്നും രക്തം വാർന്നൊഴുകിക്കൊണ്ടിരുന്നു. നമ്മുടെ മനസ്സിൽ സമാധാനമേകുന്നതിനായി അവൻ ആ വേദന സഹിച്ചു. നമ്മുടെ എല്ലാ രോഗങ്ങളിൽ നിന്നും നമ്മെ സൌഖ്യമാക്കുന്നതിനായി അവന്റെ ശരീരം മുഴുവനും ചാട്ടവാറുകൊണ്ടുള്ള അടികൾ! കൈകളിലും കാലുകളിലും ആണികൾ! വിലാപ്പുറത്ത് കുന്തംകൊണ്ട് കുത്തിയ മുറിവ്! ഈ വേദനകളെല്ലാം അവന് നമുക്കായി സഹിച്ചു. അവൻ ജീവിച്ചിരുന്നപ്പോൾ തന്റെ അടുക്കൽ വന്ന എല്ലാവരെയും അവൻ സൌഖ്യമാക്കി. ഇന്ന്, രോഗശാന്തിക്കായി അവങ്കലേക്ക് നോക്കുന്ന എല്ലാവരെയും തീർച്ചയായും അവൻ സൌഖ്യമാക്കും. നിങ്ങളുടെ രോഗം ഭേദമാക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞേക്കാം. എന്നാൽ കർത്താവ്  പറയുന്നു: ‘‘നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ’’ (മത്തായി 9:29). നിങ്ങൾ ദൈവവചനത്തിൽ മാത്രം ആശ്രയിക്കണം. ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും, കർത്താവിന്റെ വാക്കുകൾ ഒരിക്കലും ഒഴിഞ്ഞുപോകുകയില്ല (മത്തായി 24:35). ആകയാൽ കർത്താവിൽ പൂർണ്ണമായും വിശ്വസിക്കുക. നിങ്ങൾ തീർച്ചയായും രോഗശാന്തി പ്രാപിക്കും.

അനേക വർഷങ്ങൾക്കുമുന്പ്, അമേരിക്ക ഐക്യനാടുകളിലെ ടെക്സസിൽ മനോഹരമായ ഒരു പൂന്തോട്ടത്തിന്റെ അരികിലൂടെ ഒരാൾ നടന്നുപോകുകയായിരുന്നു. അവിടെ ഒരു കൊച്ചുകുട്ടി നിൽക്കുന്നതും പൂന്തോട്ടത്തിലെ പൂക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നതും അയാൾ കണ്ടു. പെട്ടെന്ന്, വളരെ വിഷമുള്ള ഒരു പാമ്പ് കുട്ടിയുടെ അടുത്തേക്ക് വരുന്നത്  ആ മനുഷ്യൻ കണ്ടു. അപകടം മനസ്സിലായെങ്കിലും എന്തുചെയ്യണമെന്നറിയാതെ അയാൾ ഒരു നിമിഷം പകച്ചുനിന്നു. അത് കടിച്ചാൽ ആ കുട്ടി തൽക്ഷണം മരിക്കുമെന്ന് അയാൾ മനസ്സിലാക്കി. പെട്ടെന്ന്  അയാൾ പാമ്പിനും കുട്ടിക്കും ഇടയിലേക്ക് ചാടി. പാമ്പ് അയാളുടെ നേരെ ശ്രദ്ധ തിരിക്കുകയും അയാളെ കടിക്കുകയും ചെയ്തു. അയാൾ ഉറക്കെ നിലവിളിച്ചു. ശബ്ദംകേട്ട് കുട്ടിയുടെ അച്ഛനും മറ്റ് കുറച്ചുപേരും ഓടി വന്നു. ആ കുട്ടി രക്ഷപെട്ടു. അവർ ആ മനുഷ്യനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അദ്ദേഹം രക്ഷപ്പെട്ടു. കൊച്ചുകുട്ടി വളർന്നപ്പോൾ, ആ മനുഷ്യനെ കാണുന്പോഴെല്ലാം, ‘‘ഈ മനുഷ്യ എനിക്കുവേണ്ടി തന്റെ ജീവൻ ത്യജിക്കുവാൻ തുനിഞ്ഞ ആളാണ്’’ എന്ന് പറയുമായിരുന്നു.
പ്രിയപ്പെട്ടവരേ, മനുകുലത്തെ രക്ഷിക്കുവാനായി കർത്താവായ യേശു തന്നെ കാൽവരി കുരിശിൽ യാഗമായി അർപ്പിച്ചു. അവന്റെ ശരീരം മുഴുവൻ മുറിവേറ്റു. അവന്റെ മുറിവുകൾ രോഗശാന്തി നൽകുന്നതുപോലെ, ക്രൂശിൽ ചൊരിയപ്പെട്ട അവനെ്റ രക്തം മനുഷ്യന് പാപമോചനം നകുന്നു. നാം വീണ്ടെടുക്കപ്പെടേണ്ടതിനായി അവൻ ക്ഷമയോടെ വേദനകൾ സഹിച്ചു. ‘‘അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി; അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൌഖ്യം വന്നുമിരിക്കുന്നു’’ (യെശയ്യാവു 53:5) എന്ന് വേദപുസ്തകം പറയുന്നു. പിശാചിന്റെ കയ്യിൽ നിന്ന് നമ്മെ രക്ഷിക്കുവാനായി അവൻ മരണം ആസ്വദിച്ചു. ‘‘നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു’’ (1 യോഹന്നാൻ 1:9). തന്റെ ത്യാഗത്തിലൂടെ അവൻ നമുക്ക് പാപമോചനം ലഭ്യമാക്കി. നമ്മുടെ മേൽ വരേണ്ട ശിക്ഷ അവൻ വഹിച്ചു. അവന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതിനാൽ, ദൈവകോപത്തിൽ നിന്ന് നാം രക്ഷിക്കപ്പെടും (റോമർ 5:9). യേശുക്രിസ്തുവിലൂടെ ദൈവം നമ്മെ സ്വീകരിച്ചതിനാൽ നാം ഇനി ദൈവകോപത്തെ ഭയപ്പെടേണ്ടതില്ല. നിങ്ങൾക്കായി കുരിശിൽ ജീവൻ നൽകിയ കർത്താവിൽ വിശ്വസിപ്പിൻ! അവൻ നിങ്ങൾക്ക് സൌഖ്യവും സമാധാനവും മറ്റെല്ലാ അനുഗ്രഹങ്ങളും നൽകും. 
Prayer:
പ്രിയ യേശുവേ, 

എനിക്കുവേണ്ടി അങ്ങ് മരണം വരിച്ചുവല്ലോ. ഞാൻ പാപിയാകുന്നു. എന്നെ വീണ്ടെടുക്കുവാനായി ജീവൻ വെടിഞ്ഞ കർത്താവേ, എന്റെ ഹൃദയം ഞാൻ അങ്ങേയ്ക്കായി തുറന്നു തരുന്നു. അങ്ങയെ എന്റെ സ്വന്തരക്ഷകനായി ഞാൻ സ്വീകരിക്കുന്നു. ദയവായി അങ്ങ് എന്റെ ഹൃദയത്തിൽ വരേണമേ. അങ്ങയുടെ തിരുരക്തത്താൽ എന്നെ കഴുകി ശുദ്ധീകരിച്ച് അങ്ങയുടെ പൈതലാക്കി മാറ്റേണമേ. ഇനിയുള്ള ജീവിതം അങ്ങയുടെ നാമമഹത്വത്തിനായി ജീവിപ്പാൻ എന്നെ സഹായിക്കേണമേ. 

സ്തുതിയും സ്തോത്രവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000