Loading...
DGS Dhinakaran

നല്ല ദാനങ്ങൾ നൽകുന്ന പിതാവ്!!

Bro. D.G.S Dhinakaran
22 Jan
മുഗൾ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, വളരെ ധനികനായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ രത്നങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. എപ്പോഴും തന്റെ പോക്കറ്റിൽ കുറച്ച് രത്നങ്ങൾ സൂക്ഷിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കൽ മക്കയിൽ പോയപ്പോൾ അവിടുത്തെ മുല്ലായുമായി അദ്ദേഹം സൌഹൃദത്തിലായി. ഓർമ്മക്കായി അദ്ദേഹം തന്റെ പക്കൽ ഉണ്ടായിരുന്ന ഒരു രത്നം മുല്ലായ്ക്ക്  സമ്മാനിക്കുകയും ചെയ്തു. കുറച്ച് നാളുകൾക്കുശേഷം മുല്ലാ ആ രത്നം വിൽക്കുവാനായി ഒരു വജ്രവ്യാപാരിയെ സമീപിച്ചു. അത് കണ്ട് ആ വ്യാപാരി ആശ്ചര്യപ്പെട്ടു. ‘ഇത് വളരെ വിലയേറിയ രത്നമാണ്. കോടിക്കണക്കിന് ഇന്ത്യൻ രൂപ വിലമതിപ്പുള്ളതാണിത്’ എന്ന് അയാൾ പറഞ്ഞു. 

തന്റെ സ്നേഹിതന് ഇത്രയധികം വിലമതിപ്പുള്ള രത്നം സമ്മാനിക്കുന്നതിന് ഈ ലോകത്തിലുള്ള ഒരു രാജാവിന് മനസ്സുണ്ടാകുമെങ്കിൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന് നിങ്ങളെക്കുറിച്ച് എത്രയധികം കരുതലുണ്ടാകും! അതുകൊണ്ടാണ് വേദപുസ്തകം ഇപ്രകാരം പറയുന്നത്: ‘‘ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും?’’ (മത്തായി 7:11).  നമ്മുടെ ദൈവം നല്ലവനാണ്. നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റി തരുന്നതിൽ അവൻ ആനന്ദിക്കുന്നു. ‘‘സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നൽകാതിരിക്കുമോ?’’ എന്ന് റോമർ 8:32 പറയുന്നു.
അതെ! സർവ്വലോകത്തിന്റെയും അധിപതിയായ നമ്മുടെ ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് ഒരു നന്മയും മുടക്കുകയില്ല. ‘‘എല്ലാ നല്ല ദാനവും തികഞ്ഞവരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു’’ (യാക്കോബ് 1:17) എന്ന് വേദപുസ്തകം പറയുന്നു. അതുകൊണ്ട് വിശ്വാസത്തോടെ കർത്താവിനോട് ചോദിക്കുക. ഏറ്റവും ഉത്തമമായത് അവനിൽനിന്നും പ്രാപിക്കുക! നിങ്ങളുടെ വായ് വിസ്താരത്തിൽ തുറക്കുക! കർത്താവ് സകല നന്മകളാലും നിങ്ങളെ നിറയ്ക്കും.
Prayer:
സ്നേഹവാനായ കർത്താവേ, 

അങ്ങയുടെ പൈതലായി ഞാൻ തിരുസന്നിധിയിൽ അടുത്തുവരുന്നു. കർത്താവേ, അങ്ങ് എന്നെ ആശ്ലേഷിച്ച്, അനുഗ്രഹിക്കേണമേ. എപ്പോഴും അങ്ങയുടെ കരവലയത്തിലായിരിക്കുവാൻ എന്നെ സഹായിക്കേണമേ. പൂർണ്ണഹൃദയത്തോടുകൂടെ അങ്ങയെ അന്വേഷിക്കുവാനും അങ്ങയുടെ സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിപ്പാനും എന്നെ സഹായിക്കേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്കുമാത്രം കരേറ്റുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000