Loading...
DGS Dhinakaran

തക്കസമയത്തെ വാക്ക്!!

Bro. D.G.S Dhinakaran
11 Dec
മോശെയുടെ അമ്മാവിയപ്പനായിരുന്ന യിത്രോ, യിസ്രായേൽമക്കളെ എങ്ങനെ നയിക്കണം എന്ന്  മോശെക്ക് ചില മാർ‘നിർദ്ദേശങ്ങൾ നൽകി (പുറപ്പാടു 18:21,22). ദൈവഹിതം നിറവേറ്റുവാൻ ഇത് മോശെയെ വളരെയധികം സഹായിച്ചു. ഇതുപോലെ നിങ്ങളുടെ ജീവിതത്തിലെ ഒരോ സാഹചര്യങ്ങളിലും ശരിയായ പാതയിൽ മുന്നേറിച്ചെല്ലുവാൻ നിങ്ങൾക്കും ഇതുപോലെയുള്ള ദൈവീക ആലോചനയും നടത്തിപ്പും ആവശ്യമാണ്.
 
ഒരിക്കൽ ആഴക്കടലിൽ യാത്ര ചെയ്തിരുന്ന ഒരു കപ്പലിൽ കുടിവെള്ളം തീർന്നുപോയി. എന്തുചെയ്യണമെന്നറിയാതെ അവർ കുഴങ്ങി. കപ്പൽ, ഉപ്പുവെള്ളം നിറഞ്ഞ സമുദ്രത്തിന്റെ നടുവിലാണ് എന്നതായിരുന്നു അതിന് കാരണം. കപ്പിത്താൻ ഭയത്തോടുകൂടെ മറ്റ് കപ്പലുകളോട് സഹായാഭ്യർത്ഥന നടത്തി. ഒരു പ്രത്യേക കപ്പലിൽനിന്ന്  അവർക്ക് ഒരു മറുപടി ലഭിച്ചു. ‘‘നിങ്ങൾ ആയിരിക്കുന്ന സ്ഥാനത്ത് ബക്കറ്റുകൾ താഴ്ത്തുക!’’ എന്നതായിരുന്നു ആ സന്ദേശം. ഈ സന്ദേശം കപ്പിത്താനെ അത്ഭുതപ്പെടുത്തി. എങ്കിലും ബക്കറ്റുകൾ താഴ്ത്തി വെള്ളം ശേഖരിക്കുവാൻ അദ്ദേഹം കല്പിച്ചു. വെള്ളം രുചിച്ചുനോക്കിയപ്പോൾ അത് ശുദ്ധജലമായിരുന്നു. ഈ കപ്പൽ ആയിരുന്ന സ്ഥാനത്തുമാത്രമേ ശുദ്ധജലം ലഭ്യമാകുകയുള്ളൂ എന്ന് ആ സന്ദേശം അയച്ച കപ്പലിന്റെ കപ്പിത്താന് അറിയാമായിരുന്നു. ആ ഭാഗത്തുകൂടെ ഒരു ശുദ്ധജല നദി ഒഴുകിയിരുന്നു. ആ കപ്പലിലെ യാത്രക്കാരുടെ ഉത്കണ്ഠ അപ്രത്യക്ഷമായി. അവരുടെ മുഖങ്ങൾ പ്രകാശിച്ചു. വേദപുസ്തകം പറയുന്നു: ‘‘നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു’’ (മത്തായി 12:35).
പ്രിയപ്പെട്ടവരേ, നിങ്ങളെ ശരിയായ പാതയിൽ നയിക്കുവാൻ നല്ല മനുഷ്യരെ കർത്താവ് ഏർപ്പെടുത്തിയിട്ടുണ്ട്. എപ്പോഴും കർത്താവിൽമാത്രം ആശയ്രിക്കുക. ‘‘തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങാപോലെ’’ എന്ന് സദൃശവാക്യങ്ങൾ 25:11 പറയുന്നു. തെറ്റായ ഉപദേശങ്ങൾ നൽകുന്നവരെ അവഗണിക്കുക. തീരുമാനങ്ങളെടുക്കുവാൻ നിങ്ങൾക്ക് സാധിക്കാത്ത സന്ദർഭങ്ങളിൽ കർത്താവ് നിങ്ങളോട് ഇടപെടും. നിങ്ങൾക്കാവശ്യമായ വാക്കുകൾ നൽകി അവൻ നിങ്ങളെ വഴിനടത്തും. അന്ധകാരത്തിന്റെ കുഴിയിൽനിന്നും അവൻ നിങ്ങളെ കരകയറ്റും. മാത്രമല്ല, മറ്റുള്ളവർക്ക് ആലോചന നൽകുവാൻ അവൻ തക്കസമയത്ത് ശരിയായ വാക്കുകൾ നിങ്ങൾക്ക് നൽകും. ‘‘തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു’’ എന്ന് യെശയ്യാവു 50:4 പറയുന്നു. എപ്പോഴും കർത്താവിന്റെ ശബ്ദത്തിനായി അനുസരണയോടെ കാതോർക്കുക. അനുഗൃഹീഹതരാകുക. താഴ്മയുള്ള ഒരു ഹൃദയം എപ്പോഴും അനുഗ്രഹിക്കപ്പെടും എന്നുള്ളതിൽ സംശയമില്ല.
Prayer:
സ്നേഹവാനായ കർത്താവേ,

ഇത്രത്തോളം എന്നെ വഴിനടത്തിയതിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. എന്നെ അങ്ങയുടെ സന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയിൽ ആശയ്രിച്ച് ഈ ലോകത്തിൽ വിജയകരമായ ജീവിതം നയിക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ. അങ്ങ് എപ്പോഴും എന്റെ കരം പിടിച്ച് എന്നെ വഴി നടത്തേണമേ. അനേകരെ അങ്ങയുടെ നേർവഴിയിലേക്ക് നയിക്കുന്ന ഒരു വിളക്കായി എന്നെ മാറ്റേണമേ. 

സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.

ആമേൻ.

For Prayer Help (24x7) - 044 45 999 000