Loading...
Paul Dhinakaran

നിങ്ങളുടെ വെളിച്ചമായ ദൈവം!!

Dr. Paul Dhinakaran
12 Jun
സുഹൃത്തേ, ഇന്നത്തെ വാഗ്ദാന വചനം സങ്കീർത്തനം 112:4. ഈ വാക്യം പറയുന്നു: “നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു.” യിസ്രായേല്യരെ ദൈവം മിസ്രയീമിനിന്നും പുറത്തുകൊണ്ടുവന്നു. അവർ ചെങ്കടലിന്റെ അരികിൽ എത്തിയപ്പോൾ അവരെ കൊല്ലുവാനായി ഫറവോനും സൈന്യവും പുറകെ വരുന്നത് അവർ കണ്ടു. പുറപ്പാട് 14:19,20 -ൽ “അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്നു മാറി അവരുടെ പിമ്പിൽ പോയി നിന്നു. രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവർക്കും മേഘവും അന്ധകാരവും ആയിരുന്നു; ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു'' എന്ന് നാം വായിക്കുന്നു.

ഈ മേഘസ്തംഭം ആരാണെന്ന് അറിയാമോ? അത് മറ്റാരുമല്ല, നമ്മുടെ കർത്താവായ യേശുവാണ് ഈ മേഘസ്തംഭം! യോഹന്നാൻ 8:12-ൽ നാം അതിനെക്കുറിച്ച് വായിക്കുന്നു. തിരുവെഴുത്ത് പറയുന്നു: “ യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.” യെശയ്യാവു 42:16 -ൽ ദൈവം പറയുന്നു: “ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുർഘടങ്ങളെ സമഭൂമിയും ആക്കും; ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും.”
യെശയ്യാവു 60:2 -ൽ വേദപുസ്തകം പറയുന്നു: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു.” മഹാമാരിയാൽ നമ്മുടെ ഇന്നത്തെ സാഹചര്യവും ഇതുപോലെയല്ലേ? എന്നിരുന്നാലും, അതേ വാക്യം അവസാനിക്കുന്നത് ദൈവത്തിൽ നിന്നുള്ള ഒരു ഉറപ്പോടെയാണ്: “നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” അതെ എന്റെ സുഹൃത്തേ, നിങ്ങളുടെ സാഹചര്യം എത്ര ഇരുണ്ടതാണെങ്കിലും, ദൈവം തന്റെ പ്രകാശവും മഹത്വവും നിങ്ങളുടെ മേൽ പ്രകാശിപ്പിക്കും. അതിനാൽ, “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു.”
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയപിതാവേ, 

ഇന്നത്തെ വാഗ്ദാന വചനത്തിനായി  ഞാൻ നന്ദി പറയുന്നു. കർത്താവേ, ഇന്നത്തെ എന്റെ സാഹചര്യം അങ്ങ് അറിയുന്നുവല്ലോ. അങ്ങ് എന്റെ വെളിച്ചമായിരുന്ന്  എന്റെ ജീവിതത്തിലെ എല്ലാ അന്ധകാരത്തെയും പ്രകാശമാക്കി മാറ്റേണമേ.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000