Loading...
Paul Dhinakaran

ദൈവം നിങ്ങളെ ഉയർത്തും

Dr. Paul Dhinakaran
01 Jun
പ്രിയ സ്നേഹിതാ, ഈ മാസം നിങ്ങൾക്ക് സമൃദ്ധമായ അനുഗ്രഹം പകരുന്ന മാസമായിരിക്കട്ടെ. ഈ മാസത്തെ വാഗ്ദത്തം യെശയ്യാവ് 52:13. ''എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.'' യേശു ഈ ഭൂമിയിൽ അവതരിക്കുന്നതിനും അനേകം വർഷങ്ങൾക്ക് മുമ്പ് യേശുവിനെക്കുറിച്ച് പറഞ്ഞ വാഗ്ദത്തമാണിത്. ഒന്നാമത്, കർത്താവായ യേശു ക്രിസ്തു സകല ജനത്തിനും ദാസനായിരിക്കും എന്ന് അവിടെ പറയുന്നു. അതെ, സകല ജനത്തെയും ശുശ്രൂഷിക്കുവാൻ തക്കവണ്ണം യേശു ക്രൂശിനോളം തന്നെത്താൻ താഴ്ത്തി, തന്റെ മക്കൾ ഈ ലോകത്തെ അതിജീവിക്കേണ്ടതിന് സകല വാഴ്ചകളെയും അധികാരങ്ങളെയും അതിജീവിച്ചു ജയാളിയായിത്തീർന്നു.

രണ്ടാമത്, കർത്താവ് ക്രൂശിൽ ഉയർത്തപ്പെടുകയും മഹത്വപ്പെടുകയും ചെയ്തു. യോഹന്നാൻ 12:32-ൽ യേശു പറയുന്നു: ''ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും.'' അതെ, ഒരു യാഗമായി യേശു ഉയർത്തപ്പെട്ടു. അതിലൂടെ സകല ജനത്തെയും യേശു തന്നിലേക്ക് അടുപ്പിച്ചു. ജനങ്ങൾ തങ്ങളുടെ ജീവിതങ്ങളെ യേശുവിനായി സമർപ്പിക്കുമ്പോൾ യേശുവിന്റെ ത്യാഗം അവരെ ഉയർത്തുന്നു. നിങ്ങൾ നിങ്ങളെത്തന്നെ കർത്താവിനായി സമർപ്പിച്ചിട്ടുണ്ടോ? ഇല്ലായെങ്കിൽ, ഇന്നുതന്നെ സമർപ്പിക്കുക. ഈ ലോകത്തിൽ സർവ്വജനത്തിന്റെയും മുമ്പാകെ കർത്താവ് നിങ്ങളെ ഉയർത്തും.
മൂന്നാമത്, യോഹന്നാൻ 1:12-ൽ പറയുന്നതുപോലെ, ദൈവം യേശുവിന്റെ നാമത്തെ സകല നാമത്തിനും മേലായി ഉയർത്തുകയും, സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സകല അധികാരങ്ങളും നൽകുകയും ചെയ്തു. യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന സകലർക്കും ദൈവമക്കളാകുവാൻ ദൈവം അധികാരം കൊടുത്തു. ''അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.'' പ്രിയരേ, ഇന്നാകുന്നു രക്ഷാദിവസം. യേശുവിന്റെ നാമത്തിൽ വിശ്വസിക്കുകയും വായ് കൊണ്ട് അത് ഏറ്റുപറയുകയും ചെയ്യുമോ? എങ്കിൽ, കർത്താവായ യേശുവിനെപ്പോലെ ജ്ഞാനത്തോടെ പ്രവർത്തിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കുകയും, നിങ്ങളെ ഉന്നതങ്ങളിലേക്ക് ഉയർത്തുകയും ചെയ്യും. ഈ വാഗ്ദത്തം നിങ്ങളുടെ ജീവിതത്തിൽ നൂറു മടങ്ങ് ഫലവത്തായിത്തീരട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Prayer:
സ്നേഹവാനായ പിതാവേ,

എന്റെ ജീവിതത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. യേശു ക്രിസ്തു എന്റെ കർത്താവും രക്ഷിതാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവാനുഗ്രഹം എന്റെ ജീവിതത്തിലിരുന്ന് ജ്ഞാനത്തോടെ പ്രവർത്തിക്കുവാനും, ഭൂമിയിൽ ദൈവത്തിനു മഹത്വംകൊടുക്കുവാൻ തക്കവണ്ണം ഉയർത്തപ്പെടുവാനും എന്നെ സഹായിക്കേണമേ. എന്നിലൂടെ അവിടുന്ന് വെളിപ്പെടേണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000