Loading...
Paul Dhinakaran

പുനരുത്ഥാനവും ജീവനുമായ ക്രിസ്തു!!

Dr. Paul Dhinakaran
21 Apr
പ്രിയപ്പെട്ടവരേ, നിങ്ങൾക്കേവർക്കും എന്റെയും കുടുംബാംഗങ്ങളുടെയും ഈസ്റ്റർ ആശംസകൾ! നമുക്കായി ജീവൻ നൽകിയ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് നാം ആഘോഷിക്കുന്ന ദിവസമാണിത്. ഈ ഈസ്റ്റർ ദിവസം ഞങ്ങൾ സന്തോഷമായി ആചരിക്കുന്നു. നിങ്ങൾക്കും അങ്ങനെതന്നെ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവ് നൽകുന്ന അനുഗ്രഹങ്ങളാണ് നമ്മുടെ സന്തോഷം. കുഞ്ഞുങ്ങൾ ഇല്ലല്ലോ, ജോലി ഇല്ലല്ലോ, എന്റെ വരുമാനം ഒന്നിനും തികയുന്നില്ലല്ലോ എന്നിങ്ങനെ പല കുറവുകളാൽ കഷ്ടപ്പെടുന്ന നിങ്ങളുടെ ജീവിതത്തിൽ, ഉയിർത്തെഴുന്നേറ്റ യേശു ഒരു അത്ഭുതം ചെയ്ത് നിങ്ങളെ സന്തോഷിപ്പിക്കും. യേശു ഇന്നും ജീവിക്കുന്നു.

‘‘തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും’’ (സദൃശ്യവാക്യങ്ങൾ 28:13) എന്ന വചനത്തിൻപ്രകാരം നിങ്ങൾക്കായി ജീവൻ നൽകിയ കർത്താവിനോട് നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുക. അപ്പോൾ അവൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ച്, പരിശുദ്ദമായി ജീവിക്കുവാൻ നിങ്ങളെ സഹായിക്കും. ‘‘കൃപയാലല്ലോ നിങ്ങൾ ......രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു’’ എന്ന് എഫെസ്യർ 2:8 പറയുന്നു. രക്ഷയുടെ അനുഭവം വിലയേറിയതാണ്.  അത് ദൈവമക്കളായ നമുക്ക് നല്കപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ ദാനമാണ്. നമ്മുടെ പാപങ്ങളും അതിക്രമങ്ങളും രോഗങ്ങളും കാൽവരി കുരിശിൽ ചുന്ന് കർത്താവ് നമുക്ക് ഈ രക്ഷ നൽകിയിരിക്കുന്നു. അതിനായി ജീവിതകാലം മുഴുവനും അവന് നന്ദി കരേറ്റണം.

അന്ന് അതിരാവിലെ കല്ലറയ്ക്കൽ ചെന്ന സ്ത്രീയോട് ദൂതൻ ഇപ്രകാരം പറഞ്ഞു: ‘‘ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാൺമിൻ’’(മത്തായി 28:5,6). ഉയിർത്തെഴുന്നേറ്റ കർത്താവ് ‘‘ഭയപ്പെടേണ്ട’’ എന്ന് മറിയയോട് പറഞ്ഞതുപോലെ ഇന്ന് നമ്മോടും പറയുന്നു. പിശാച് കൊണ്ടുവരുന്ന പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്പോൾ കർത്താവിന്റെ ഈ വാക്ക് എപ്പോഴും ഓർത്തുകൊൾക! അപ്പോൾ നിങ്ങൾക്ക് എല്ലാവറ്റെയും അതിജീവിക്കുവാനുള്ള ധൈര്യം ലഭിക്കും. നിങ്ങളുടെ മരിച്ച പ്രവൃത്തികളെയെല്ലാം നീക്കി തന്റെ സമാധാനത്താൽ നിറയ്ക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു.മരണത്തിന്റെ പിടിയിൽനിന്നും നിങ്ങളെ വിടുവിച്ച് ഈ ലോകത്തിൽ സന്തോഷത്തോടും സമാധാനത്തോടുംകൂടെ ജീവിക്കുവാൻ കർത്താവ് നിങ്ങളെ സഹായിക്കും. ഈ ലോകത്തിലെ കഷ്ടങ്ങൾ ഒരിക്കലും നിങ്ങളെ ജയിക്കുകയില്ല. നിങ്ങൾക്കു വേണ്ടി ക്രിസ്തു കുരിശിൽ കഷ്ടതകൾ സഹിച്ച്, മരിച്ച്, ഉയിർത്തെഴുന്നേറ്റു. അവൻ നിങ്ങൾക്കായി ഇന്നും ജീവിക്കുന്നു. 
പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളുടെ ഹൃദയം ക്രിസ്തുവിന് സമർപ്പിക്കുക. നിങ്ങളുടെ പ്രശ്നങ്ങളെല്ലാം അവൻ അറിയുന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഇന്ന് നിങ്ങളെ വിടുവിച്ച് സകല അനുഗ്രഹങ്ങളാലും നിറയ്ക്കും. അവൻ തന്റെ ജീവൻ നിങ്ങളിലേക്ക് പകരും. ദൈവസന്നിധിയിൽ നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്പോൾ തന്റെ രക്ഷ നമുക്ക് ദാനം ചെയ്ത് ദൈവം നമ്മെ ആലിംഗനം ചെയ്യും. അതിനായി അവൻ കാൽവരി കുരിശിൽ തന്റെ ജീവൻ യാഗമായി സമർപ്പിച്ചു. അവന്റെ രക്തം സകല പാപങ്ങളിൽനിന്നും നിങ്ങളെ ശുദ്ധീകരിക്കും. നിങ്ങൾ വിശ്വസ്തതയോടെ കർത്താവിനെ മുറുകെ പിടിക്കുന്പോൾ അവൻ നിങ്ങളെ വഴിനടത്തും. ‘‘ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു‘‘ എന്ന്  യോഹന്നാൻ 11:25-ൽ കർത്താവ് വാഗ്ദത്തം നൽകിയിരിക്കുന്നു. ഈ ലോകത്തിന് തരുവാൻ കഴിയാത്ത സന്തോഷവും സമാധാനവും അനുഗ്രഹങ്ങളും അവൻ നിങ്ങൾക്ക് നല്കും. വിജയകരമായ ജീവിതം നയിക്കുവാൻ അവൻ നിങ്ങളെ സഹായിക്കും. ആകയാൽ കർത്താവിനെമാത്രം മുറുകെപിടിച്ചുകൊൾക! ഈ ഈസ്റ്റർ ദിനം നിങ്ങൾക്ക് അനുഗ്രഹപൂർണ്ണമായിത്തീരട്ടെ! 
Prayer:
ഉയിർത്തെഴുന്നേറ്റ രക്ഷകനായ കർത്താവേ, 

അങ്ങ് എനിക്കായി മരിച്ച് ഉയിർത്തുവല്ലോ. എന്നോടുള്ള അങ്ങയുടെ സ്നേഹത്തിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, എന്നെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എന്നെ കഴുകി ശുദ്ധീകരിക്കേണമേ. അങ്ങയുടെ പൈതലായി മാറ്റേണമേ. അങ്ങയുടെ ജീവൻ എന്നിലേക്ക് പകരേണമേ. അങ്ങേയ്ക്കായി ജീവിപ്പാനും അനേകർക്ക് വെളിച്ചമായിത്തീരുവാനും എനിക്ക് കൃപ നൽകേണമേ. 

എല്ലാ മഹത്വവും അങ്ങേക്ക് മാത്രം കരേറ്റുന്നു. 

ആമേൻ. 

For Prayer Help (24x7) - 044 45 999 000