Loading...
Samuel Paul Dhinakaran

കൃപാലുവായ ദൈവം

Samuel Dhinakaran
26 Nov
പ്രിയ സ്‌നേഹിതാ, ഇന്നത്തെ ദൈവവാഗ്ദത്തത്തിനായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണോ? ഇന്നത്തെ വാഗ്ദത്തം യെശയ്യാവ് 30:18: ''അതുകൊണ്ടു യഹോവ നിങ്ങളോടു കൃപകാണിപ്പാൻ താമസിക്കുന്നു; അതുകൊണ്ടു അവൻ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവർ ഒക്കെയും ഭാഗ്യവാന്മാർ.'' അതെ, വാസ്തവമായും നിങ്ങളോടു ദയ കാണിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു.

ഇന്ന് ഒരുപക്ഷേ നിങ്ങൾ ഉന്നത സ്ഥാനത്തായിരിക്കാം; അവിടെ നിങ്ങൾ ഏകാന്തതയിൽ, അനീതി നേരിടുന്നുണ്ടാകാം; നിങ്ങളെ തള്ളിപ്പറയുന്നവരോടു നിങ്ങൾ പോരാടുന്നുണ്ടാകാം; അതു നിമിത്തം നിങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നുണ്ടാകും. നിങ്ങൾ ഒറ്റയ്ക്ക് പലവിധ പോരാട്ടങ്ങൾ നടത്തുകയും, മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കിലും ആരും സഹായത്തിനു വരാത്തതിനാൽ, ''ഈ അവസ്ഥയിൽ ഞാൻ എന്തു ചെയ്യും'' എന്ന് നിങ്ങൾ പറയുന്നുണ്ടാകാം. എന്നാൽ തിരുവചനം ഇങ്ങനെ പറയുന്നു: ''ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ട; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും.'' കാരണം ദൈവം നിങ്ങളെക്കുറിച്ച് വിചാരിക്കുന്നു, അവിടുന്ന് നിങ്ങളെ സഹായിക്കും.
ഈ സമയം പ്രവർത്തിക്കുവാൻ ദൈവത്തെ അനുവദിക്കുക. അവിടുന്ന് മനസ്സലിവോടെ ഇറങ്ങിവരുകയും ദുഃഖത്തിൽ നിന്നും നിങ്ങളെ ഉയർത്തി നിങ്ങൾക്ക് വഴികാണിച്ചുതരുകയും ചെയ്യും. വേദപുസ്തകത്തിൽ, യിസ്രായേൽ ജനതയുടെ നേതാവായ മോശെ അവരെ ചെങ്കടലിലൂടെ വഴിനടത്തിയപ്പോൾ, അവരെ നശിപ്പിക്കേണ്ടതിന് മിസ്രയീമ്യർ പിന്തുടർന്നുവന്നു. അവരും പ്രതിസന്ധിയിലായി. മുന്നിൽ യാതൊരു വഴിയുമില്ല. മോശെ ദൈവത്തോടു നിലവിളിച്ചു. ദൈവം മോശെയോടു: ''നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽ മക്കളോടു പറക. വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽ മക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും'' (പുറപ്പാട് 14:15, 16) അതെ, ''ഞാൻ നിങ്ങളെ കടലിന്റെ നടുവെ നടത്തും'' എന്ന് ദൈവം പറയുന്നു. യാതൊരു വഴിയുമില്ലാതിരിക്കുമ്പോൾ ദൈവശക്തി ഇറങ്ങുകയും നിങ്ങൾക്കായി പുതുവഴി സൃഷ്ടിക്കുകയും ചെയ്യും. അതാണ് ദൈവത്തിന്റെ ശക്തി. ഇന്ന് ദൈവം തന്റെ കൃപ നിങ്ങളോടു കാണിക്കും. പ്രിയ സ്‌നേഹിതാ, ദൈവത്തിൽ നിന്നുള്ള സഹായം സന്തോഷത്തോടെ സ്വീകരിക്കുക.
Prayer:
സ്നേഹവാനായ പിതാവേ,

അങ്ങയുടെ വാഗ്ദത്തത്തിനായി നന്ദി. അങ്ങയുടെ വഴി എനിക്കു കാണിച്ചുതരേണമേ. എന്റെ ജീവിതം ഞാൻ അങ്ങേയ്ക്കായി സമർപ്പിക്കുന്നു. എനിക്കു മുമ്പായി പോവുകയും എന്റെ പാതയിലെ എല്ലാ തടസ്സങ്ങളെയും മാറ്റേണമേ. അങ്ങ് എന്റെ സഹായകനും കർത്താവുമാകുന്നുവല്ലോ. ദൈവമേ, എന്നെ നയിക്കുന്നതിനാൽ നന്ദി. വാഗ്ദത്തനാട്ടിലേക്ക് എന്നെ വഴിനടത്തേണമേ. എന്നോടുള്ള അങ്ങയുടെ കരുണയ്ക്കായി നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു,

ആമേൻ.

For Prayer Help (24x7) - 044 45 999 000