Loading...

ദൈവം നിങ്ങളിൽ പ്രസാദിക്കുന്നു!!

Shilpa Dhinakaran
14 May
പ്രിയ സുഹൃത്തേ, ദൈവം നിങ്ങളോട് ഇന്ന് വാഗ്ദാനം ചെയ്യുന്നത് പുറപ്പാട് 33: 17-ൽ നിന്നാണ്. "നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു." ഇത് എത്ര മനോഹരമായ വാഗ്ദാനമാണ്! കർത്താവ് പറയുന്നു: “ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു.” യെശയ്യാവു 49:15-ലും കർത്താവ് പറയുന്നു: "ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല." ഈ സമയത്ത് നിങ്ങൾ ഏകാന്തത അനുഭവിക്കുന്നുണ്ടാകാം. നിങ്ങളുടെ കുടുംബത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാം. നിങ്ങൾ മാതാപിതാക്കളിൽനിന്നോ ജീവിത പങ്കാളിയിൽനിന്നോ അകന്നു കഴിയുകയാവാം. എന്നാൽ, “ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ പൈതലിനെ ഞാൻ അടുത്തറിയുന്നു" എന്ന് കർത്താവ് പറയുന്നു.

നിങ്ങൾക്ക് എന്ത് വിഷമങ്ങളുണ്ടെങ്കിലും അത് കർത്താവിനോട് പറയുക. കാരണം അവൻ നിങ്ങളെ പരിപാലിക്കുന്നു. യെശയ്യാവു 43:4-ൽ വേദപുസ്തകം പറയുന്നു, “നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.” കർത്താവ് നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. എന്താണ് അതിനർത്ഥം? മറ്റുള്ളവർക്കുവേണ്ടി സംഭരിച്ചിരിക്കുന്ന നന്മ ദൈവം നിങ്ങൾക്ക് നൽകും. തിന്മയിൽ നിന്ന് അവൻ നിങ്ങളെ രക്ഷിക്കും. അതിനാൽ ഈ ലോകത്ത് നിങ്ങൾക്കായി ആരുമില്ലെന്ന് കരുതരുത്. ഏകാന്തത തോന്നരുത്. നിങ്ങളുടെ നിലവിളി കേൾക്കുവാൻ ആരുമില്ലെന്ന് പറയരുത്. നിങ്ങളുടെ കണ്ണുനീർ കാണുവാൻ ആരുമില്ലെന്ന് കരുതരുത്.
നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാം. ഏകാന്തതയാൽ നിങ്ങൾ ദുഃഖിക്കുകയാവാം. കർത്താവ് പറയുന്നു: “ഞാൻ നിങ്ങളോടൊപ്പമുണ്ട്.” അതെ, യെശയ്യാവു 41:10 -ലെ അവന്റെ വാഗ്ദാനം പറയുന്നു: “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” അവൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. അവൻ ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. സങ്കീർത്തനം 139:8-ൽ നാം വായിക്കുന്നു, “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ” അതെ, നിങ്ങൾ എവിടെയായിരുന്നാലും ദൈവത്തിന്റെ സാന്നിധ്യം നിങ്ങളോടൊപ്പമുണ്ടാകും. അവൻ നിങ്ങളെ ആശ്വസിപ്പിക്കുകയും സന്തോഷം നൽകുകയും ചെയ്യും. ദുഃഖകരമായ എല്ലാ സാഹചര്യങ്ങളെയും അവൻ സന്തോഷമാക്കി മാറ്റും.
Prayer:
കർത്താവായ യേശുവേ,

അങ്ങ് എന്നെ വളരെയധികം സ്നേഹിക്കുന്നതിനായി നന്ദി. അങ്ങയുടെ ദൃഷ്ടിയിൽ ഞാൻ വിലയേറിയവനായി കാണപ്പെടുന്നതിനായി നന്ദി. ഏകാന്തതയിൽനിന്നും വിഷാദത്തിൽനിന്നും പുറത്തുവരുവാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സാന്നിദ്ധ്യത്താൽ എന്നെ നിറയ്ക്കേണമേ. അങ്ങയുടെ സാന്നിദ്ധ്യം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. എന്റെ ദുഃഖം സന്തോഷമാക്കി മാറ്റേണമേ. അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കേണമേ.

അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000