Loading...
Paul Dhinakaran

ദൈവം നിങ്ങളുടെ അരികിൽ!!

Dr. Paul Dhinakaran
08 Sep
പ്രിയ സുഹൃത്തേ, ദൈവത്തിൽ നിന്നുള്ള ഇന്നത്തെ വാഗ്ദാനം സങ്കീർത്തനം 121:5 -ൽ നിന്നാണ്, "യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ." അതെ, കർത്താവ് നിങ്ങളെ നിരീക്ഷിക്കുന്നു. സങ്കീർത്തനം 40:17 ൽ തിരുവെഴുത്ത് പറയുന്നു, “ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ." ഭൂമിയിൽ ഏതാണ്ട് ഏഴ് ബില്യൺ ജനങ്ങളുണ്ട്, എന്നാൽ തിരുവെഴുത്ത് പറയുന്നു, "കർത്താവിന് തന്റെ ജനത്തെ അറിയാം. അവൻ ഓരോന്നും നിരീക്ഷിക്കുന്നു.”
  
യേശു നല്ല ഇടയനാണ്. നൂറ് ആടുകളിൽ ഒന്ന് കാണാതെ പോയാൽ ആട്ടിടയൻ തൊണ്ണൂറ്റി ഒൻപതിനെയും വിട്ട് അതിനെ അന്വേഷിച്ച്,  കണ്ടുപിടിച്ച് കൊണ്ടുവരും. നിങ്ങളെക്കുറിച്ച് ദൈവം ചിന്തിക്കുന്നതിനാൽ ഇന്ന് സന്തോഷിക്കുക. ഒരു ദിവസം ദൈവദാസനായ സാധു സുന്ദർ സിംഗ് ഹിമാലയ പർവതങ്ങളിൽ ടിബറ്റിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോൾ, വളരെ ഏകാന്തനായിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാൻ ഈ മലകളിൽ മരിച്ചാൽ ആരും എന്നെ അന്വേഷിക്കില്ല. എനിക്ക് ആരുമില്ല,”അവന്റെ ഹൃദയം വളരെ അസ്വസ്ഥമായിരുന്നു. ഉടനെ ആരോ പ്രത്യക്ഷപ്പെട്ടു പറഞ്ഞു, "സുന്ദർ, ഞാൻ നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞാൻ യേശു ആണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു."
സ്വർഗ്ഗത്തിന്റെ മഹത്വത്തെക്കുറിച്ച് ദൈവം സംസാരിക്കുകയും സുന്ദർ സിംഗിനെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ദൗത്യം തുടർന്നു. കർത്താവ് നിങ്ങളെക്കുറിച്ചും ചിന്തിക്കുന്നു. അവൻ നിങ്ങളെ നിരീക്ഷിക്കുന്നു. കർത്താവ് നിങ്ങളുടെ വലതുവശത്ത് നിങ്ങളുടെ തണലാണ്. സങ്കീർത്തനം 16:8 ൽ ദാവീദ് പറയുന്നത് പോലെ, “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” കർത്താവാണ് നിങ്ങളുടെ ഒളിത്താവളം. അവൻ നിങ്ങളെ സംരക്ഷിക്കും. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. നിങ്ങൾ ആഴമുള്ള താഴ്വരകളിലായാലും ഉയർന്ന പർവതങ്ങളിലായാലും അവൻ നിങ്ങളോടൊപ്പമുണ്ട് (സങ്കീർത്തനം 139:8-10). അവൻ നിങ്ങളെ കരംപിടിച്ച് നടത്തും. നിങ്ങളുടെ ഓരോ ചുവടും അവൻ കാത്തുപരിപാലിക്കും. ധൈര്യമായിരിക്കുക!
Prayer:
സ്നേഹമുള്ള പിതാവേ,

അങ്ങ് എന്നെ നിരീക്ഷിക്കുന്നതിനായി നന്ദി. ഇത്രത്തോളം എന്നെ സംരക്ഷിച്ചതിനായും നന്ദി. കർത്താവേ, എന്നെ സുരക്ഷിതമായി കാത്തുകൊള്ളേണമേ. അങ്ങ് എനിക്ക്  പ്രത്യക്ഷനാകേണമേ. അങ്ങയുടെ വചനത്താൽ എന്നെ പ്രോത്സാഹിപ്പിക്കേണമേ. അങ്ങ് എന്റെ ജീവിതത്തിൽ എന്നോടൊപ്പമിരുന്ന്, അങ്ങയുടെ ലക്ഷ്യം നിറവേറ്റുവാൻ എന്നെ സഹായിക്കേണമേ.

യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000