Loading...
Samuel Paul Dhinakaran

മഹത്തായ സംരക്ഷണം!!

Samuel Dhinakaran
16 Sep
എന്റെ സുഹൃത്തേ, ഇന്ന് ദൈവം നിങ്ങളോട് എന്താണ് സംസാരിക്കുന്നതെന്ന് പങ്കിടുന്നത് സന്തോഷകരമാണ്. യേശു വിളിക്കുന്നു കലണ്ടറിലോ സമൂഹമാധ്യമങ്ങളിലോ ഇന്നത്തെ വാഗ്ദാനം നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കാം. ഇത് യെശയ്യാവ് 4:5 -ന്റെ അവസാന ഭാഗമാണ്. അത് പറയുന്നു: "സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും." എത്ര വലിയ വാഗ്ദാനം! ദൈവത്തിന്റെ മഹത്വം നിങ്ങളുടെ സംരക്ഷണമായിരിക്കും. ഈ വാഗ്ദാനം നിങ്ങൾക്ക് ലഭിക്കുമ്പോൾ അത് നിങ്ങളുടെ മേൽ ധാരാളമായി കടന്നുവരും.

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എതിരെ പിശാച് പല തന്ത്രങ്ങൾ മെനഞ്ഞേക്കാം. അവന്റെ പ്രലോഭനങ്ങളോ അല്ലെങ്കിൽ അവന്റെ മാരകമായ അമ്പുകളോ അവൻ നിങ്ങൾക്കുനേരെ പ്രയോഗിച്ചേക്കാം. സങ്കീർത്തനം 91:4,5 ൽ നിങ്ങൾക്ക് വായിക്കാം: "രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ... നിനക്കു പേടിപ്പാനില്ല." ദൈവം നിങ്ങളെ വിടുവിക്കും. അവൻ നിങ്ങളെ തന്റെ തൂവലുകൾക്ക് കീഴെ മറയ്ക്കുകയും നിങ്ങൾ അവിടെ അഭയം കണ്ടെത്തുകയും ചെയ്യുന്നതിനാലാണിത്. അവിടെയാണ് ദൈവത്തിന്റെ മഹത്വം നിങ്ങളെ മൂടുന്നത് നിങ്ങൾ കാണുന്നത്.
ഒരു മനുഷ്യന് എന്താണ് സംഭവിച്ചതെന്ന് കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. തന്നെയും ഭാര്യയെയും തന്റെ ഭാര്യയുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും നശിപ്പിക്കുവാൻ തന്റെ സ്വന്തം അമ്മ മാന്ത്രികവിദ്യ ചെയ്യുന്നുവെന്ന് അയാൾ പറഞ്ഞു. അവർ കർത്താവിനെ സ്നേഹിച്ചതിനാൽ അവന്റെ അമ്മയ്ക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. ഇന്ന്, നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നോ നിങ്ങളുടെ സ്വന്തം സഹോദരങ്ങളിൽ നിന്നോ ഭർത്താവിൽ നിന്നോ അല്ലെങ്കിൽ നിങ്ങളുടെ ശത്രുക്കളിൽ നിന്നോ നിങ്ങൾ ഇത് അഭിമുഖീകരിക്കാനിടയുണ്ട്. അവർ നിങ്ങളെ മാന്ത്രികവിദ്യകൊണ്ടോ തിന്മയുടെ ശക്തികൊണ്ടോ നശിപ്പിക്കാൻ ശ്രമിച്ചേക്കാം. വിഷമിക്കേണ്ട. ഒന്നും ഫലിക്കയില്ല. നിങ്ങൾക്കെതിരെ രൂപപ്പെടുന്ന ഒരു ആയുധവും വിജയിക്കുകയില്ല. കാരണം നിങ്ങളെ സംരക്ഷിക്കാൻ ദൈവത്തിന്റെ മഹത്വം നിങ്ങൾക്ക് ചുറ്റും ഒരു വിതാനം ആയിരിക്കും. താഴെ പറയുന്ന പ്രാർത്ഥന വിശ്വാസത്തോടെ പ്രാർത്ഥിക്കുക, ദൈവത്തിന്റെ മഹത്തായ സാന്നിദ്ധ്യവും സംരക്ഷണവും പ്രാപിക്കുക.
Prayer:
എന്റെ പ്രിയപ്പെട്ട സ്വർഗ്ഗസ്ഥനായ പിതാവേ, 

ഇന്നത്തെ വാഗ്ദാനത്തിനായി നന്ദി. എന്റെ ഹൃദയവും വീടും അങ്ങയുടെ ശക്തവും മഹത്വപൂർണ്ണവുമായ സാന്നിധ്യം കൊണ്ട് നിറയ്ക്കേണമേ. കർത്താവേ, എപ്പോഴും അങ്ങയെ ആരാധിക്കുവാനും അങ്ങയെ അന്വേഷിക്കുവാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ മഹത്വം എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കുമെന്ന ഈ വാഗ്ദാനം ഞാൻ അവകാശമാക്കുന്നു. പിശാചിൽ നിന്നോ ശാപത്തിൽ നിന്നോ ഒരു അമ്പും ദുഷ്ടപദ്ധതിയും വിജയിക്കരുത്. കർത്താവേ, മന്ത്രവാദത്തിന്റെ എല്ലാ ശക്തികളും തകർക്കേണമേ. ഞാൻ അങ്ങയുടെ നാമത്തെ ഉയർത്തി അങ്ങയെ ബഹുമാനിക്കുമ്പോൾ, എപ്പോഴും അങ്ങയുടെ മഹത്വം മാത്രം കാണുവാനും അങ്ങയുടെ മഹത്വത്താൽ നിറയുവാനും എന്നെ സഹായിക്കേണമേ.

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, 

ആമേൻ.

For Prayer Help (24x7) - 044 45 999 000