Loading...
Samuel Paul Dhinakaran

ഭയപ്പെടേണ്ടാ! ദൈവം കൂടെയുണ്ട്!

Samuel Dhinakaran
18 Jan
ഞാനും എന്റെ സഹോദരിയും കുഞ്ഞായിരിക്കുമ്പോൾ, ഞങ്ങളെ നീന്തൽ പഠിപ്പിക്കുവാൻ ഡാഡി ആഗ്രഹിച്ചു. ആഴമേറിയ നീന്തൽക്കുളത്തിൽ അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി. സമയം പാഴാക്കാതെ, ഞങ്ങൾ രണ്ടുപേരെയും അദ്ദേഹം വെള്ളത്തിലിട്ടു. ഞങ്ങൾ ഭയപ്പെട്ടു; ശ്വാസമെടുക്കാൻ കഴിയാതെ, ‘‘ഡാഡീ, എന്നെ രക്ഷിക്കൂ’’ എന്ന്‌ ഞങ്ങൾ നിലവിളിച്ചപ്പോൾ, കൈകൾ വീശിയടിച്ച്‌ ഉയർന്നുവരാൻ ഡാഡി നിർദ്ദേശം നൽകി. അതുപോലെ ചെയ്‌തപ്പോൾ, ഞങ്ങൾ വെള്ളത്തിൽ പൊങ്ങിവന്നു. അതെ, വളരെ പ്രയാസപ്പെട്ടാണ്‌ ഞങ്ങൾ നീന്തൽ പഠിച്ചത്‌. ദൈവം ഒരിക്കലും നമ്മെ ജീവിതപോരാട്ടങ്ങളുടെ നടുക്കടലിലേക്ക്‌ തള്ളിയിടുന്നില്ലെങ്കിലും, അതിൽ നിന്നും ഉയർന്നുവരാൻ നാം പ്രയാസപ്പെടുമ്പോൾ ദൈവം തന്റെ കരം  നമ്മുടെമേൽ അയയ്ക്കുന്നു. അതെ, അവിടുന്ന്‌ തന്റെ കരം നീട്ടി നമ്മെ ആലിംഗനം ചെയ്യുന്നു. ജീവിതം കഠിനമായിത്തീരുമ്പോൾ, നിങ്ങളുടെ സ്വന്തം ശക്തിയിൽ ആശ്രയിക്കരുത്‌. അത്‌ നിങ്ങളെ നിരാശപ്പെടുത്തും. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുക; ദൈവത്തിന്റെ രക്ഷിക്കുന്ന അത്ദുതവഴികൾ കാണുക.

വേദപുസ്തകത്തിൽ, കടലിലേക്കെറിയപ്പെട്ട യോനയെക്കുറിച്ചും അവനെ വിഴുങ്ങാൻ ദൈവം അയച്ച തിമിംഗലത്തെക്കുറിച്ചും നാം വായിക്കുന്നു. ദൈവം തന്റെ കൃപയാൽ എന്റെ പിതാമഹന്‌ ഒരു ദർശനം നൽകി; അതിൽ അദ്ദേഹം സ്വർഗ്ഗത്തിൽ വച്ച്‌ യോനയെ കണ്ടുമുട്ടി. യോന പറഞ്ഞു: ‘‘നിനക്കറിയാമോ? ഞാൻ മത്സ്യത്തിന്റെ വയറ്റിയിലായിരിക്കുമ്പോൾ, എന്നെ ദഹിപ്പിക്കേണ്ടതിന്‌ ചുറ്റുപാടുനിന്നും ദഹനരസം ഊറിവന്നു. എന്നാൽ അതിന്റെ മദ്ധ്യത്തിൽ, ദൈവകൃപ എന്നെ മൂടുന്നതും, ഞാൻ ദഹിച്ചുപോകാതെ എന്നെ സംരക്ഷിക്കുന്നതും ഞാൻ കണ്ടു. ദൈവം എന്നെ മത്സ്യത്തിന്റെ വായിലേക്കിട്ടെങ്കിലും, യാതൊന്നും എന്നെ അപായപ്പെടുത്താതിരിക്കേണ്ടതിന്‌ ദൈവം എന്നെ സംരക്ഷിച്ചു. അന്ന്‌ ഞാൻ ദൈവത്തിന്റെ കൃപയുടെ ശക്തി മനസ്സിലാക്കി.’’
‘‘ദൈവമേ എന്തിനീ പരീക്ഷ? അങ്ങയെ അനുഗമിക്കാൻ ഞാൻ തീരുമാനിച്ചപ്പോൾ, ഈ കഷ്‌ടതകളെല്ലാം എന്തിന്‌ അങ്ങ്‌ അനുവദിച്ചു?’’ എന്ന്‌ പറഞ്ഞ്‌ നിങ്ങൾ വിലപിക്കുകയാണോ? ദൈവത്തെ വ്യക്തമായി കാണുവാൻ കഴിയുന്ന ദൈവത്തിന്റെ വാഗ്‌ദത്തങ്ങളാകുന്ന ഒരു ജോടി കണ്ണടകൾ ഇതാ: ‘‘നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല’’ (യെശയ്യാവ്‌ 43:2). പ്രിയരേ, നിങ്ങൾ തകർന്നുപോകാൻ ദൈവം അനുവദിക്കുകയില്ല. ഈ പ്രക്രിയയിൽ നിങ്ങളെ സംരക്ഷിക്കേണ്ടതിന്‌ ദൈവം തന്റെ കൃപ നൽകുന്നു. നിങ്ങളെ മുക്കിക്കളയുന്ന പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലും, നിങ്ങൾ ദൈവശബ്‌ദം കേൾക്കും. പിശാചിന്റെ തന്ത്രങ്ങളിൽ നിന്നും ദൈവകൃപ നിങ്ങളെ സംരക്ഷിക്കും. ഇപ്പോൾ തന്നെ, നിങ്ങളുടെ കണ്ണുകൾ യേശുവിലേക്ക്‌ തിരിക്കുക. നിങ്ങളുടെ എല്ലാ സംശയങ്ങളും ആകുലങ്ങളും ദൈവത്തിൽ സമർപ്പിച്ച്‌ അവന്റെ കൃപ അനുഭവിക്കുക. ‘‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചു നോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും’’ (യെശയ്യാവ്‌ 41:10) എന്ന്‌ വേദപുസ്തകം ഉറപ്പ്‌ നൽകുന്നു.
Prayer:
പ്രിയ കർത്താവേ,

ജീവിതത്തിലെ കൊടുങ്കാറ്റിൽ ഞാൻ അകപ്പെട്ടിരിക്കുന്നു. പ്രശ്‌നങ്ങളെ അതിജീവിക്കുവാനുള്ള പ്രയത്നത്തിൽ എന്റെ ശക്തിയെല്ലാം ക്ഷയിച്ചിരിക്കുന്നു. ഞാൻ എന്നെത്തന്നെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. എന്നോടു കൃപയുണ്ടായി ഈ വേദനയുടെ മദ്ധ്യത്തിൽ നിന്നും എഴുന്നേൽപ്പിക്കേണമേ. എനിക്കായി അങ്ങ്‌ ഒരുക്കിയിരിക്കുന്നത്‌ കാണാനുള്ള കൃപ എനിക്ക്‌ നൽകേണമേ. ഈ അവസ്ഥയിലും അങ്ങയുടെ ശബ്‌ദം ശ്രവിക്കാൻ എന്നെ സഹായിക്കേണമേ. ആശങ്കകളിലേക്ക്‌ എന്നെ നയിക്കുന്ന എല്ലാ ചിന്തകളെയും പ്രവർത്തനങ്ങളെയും നീക്കിക്കളയേണമേ. ഇവയിലൊക്കെയും ഞാൻ അങ്ങയുടെ കൃപയും കാവലും ഞാൻ പ്രാപിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000