Loading...
Stella dhinakaran

നിങ്ങളിൽ വസിക്കുന്നവൻ!!

Sis. Stella Dhinakaran
29 Sep
ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും.
2 കൊരിന്ത്യർ 6:16
 
ഒരിക്കൽ യേശു യെരീഹോവിലൂടെ കടന്നു പോവുകയായിരുന്നു. സക്കായി എന്ന മനുഷ്യൻ യേശുവിനെ കാണുവാൻ ആഗ്രഹിച്ചു. അവൻ ഉയരത്തിൽ കുറിയവനായിരുന്നതിനാൽ യേശുവിനെ കാണുവാനായി ഒരു കാട്ടത്തിമരത്തിൽ കയറിയിരുന്നു. ആ മരത്തിന്റെ അടിയിൽ എത്തിയപ്പോൾ യേശു മേലോട്ടു നോക്കി, ‘‘സക്കായിയേ, വേഗം ഇറങ്ങി വാ! ഞാൻ ഇന്ന് നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു’’ എന്ന് പറഞ്ഞു (ലൂക്കൊസ് 19:5). അവൻ വേഗം താഴെയെത്തി. യേശു അവനോടൊപ്പം അവന്റെ വീട്ടിലേക്ക് പോയി. ഇത് കണ്ട ജനങ്ങൾ പിറുപിറുത്തു. ‘‘കണ്ടവർ എല്ലാം അവൻ പാപിയായൊരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു’’ (ലൂക്കൊസ് 19:7). ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ ഹൃദയം പാപഭാരത്താൽ നിറഞ്ഞു. ’’അവൻ കർത്താവിനോട് തന്റെ കുറ്റങ്ങൾ ഏറ്റുപറഞ്ഞു: ‘‘കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങ് മടക്കിക്കൊടുക്കുന്നു.’’ യേശു അവന്റെ പാപങ്ങളെല്ലാം ക്ഷമിച്ചു. യേശു ഇപ്രകാരം പറഞ്ഞു:‘‘ഇവനും അബ്രഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു (ലൂക്കൊസ് 19:10). അന്ന് മുതൽ സക്കായി ഒരു ദൈവപൈതലായിത്തീർന്നു!
അനേക വർഷങ്ങൾക്ക് മുൻപ് എന്റെ ഭർത്താവ് ഔദ്യോഗിക സന്ദർശനത്തിനായി മുംബയിൽ പോയിരുന്നു. അപ്പോൾ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരുന്ന ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: ‘‘സർ, താങ്കൾ ഒറ്റയ്ക്ക് പ്രാർത്ഥിക്കുന്പോൾ എന്നെക്കുറിച്ച് ദൈവത്തോട് ചോദിക്കണം.’’ ഒരു ദിവസം എന്റെ ഭർത്താവ് ഉപവസിച്ച് പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം ദൈവത്തോട് ഇങ്ങനെ ചോദിച്ചു: കർത്താവേ, ഈ സഹോദരൻ എന്നെ വളരെയധികം സഹായിക്കുന്നു. അവനെക്കുറിച്ച് എന്നോട് പറയണേ.’’ വളരെ വേദനയോടെ ദൈവം ഇങ്ങനെ മറുപടി നൽകി: ‘‘മകനേ, പണമൊന്നുമില്ലാതെ ഈ മനുഷ്യൻ മുംബയിൽ വന്നു. അന്ന് പ്രഭാതവേളകളിൽ എന്നെ അന്വേഷിക്കുന്നത് അവന്റെ പതിവായിരുന്നു. എല്ലാ ദിവസവും അവൻ കണ്ണുനീരോടുകൂടെ പ്രാർത്ഥിക്കുമായിരുന്നു. എന്നും ഞാൻ അവനുവേണ്ടി കാത്തിരിക്കുക പതിവാക്കി. സന്തോഷത്തോടുകൂടെ ഞാൻ അവന്റെ പ്രാർത്ഥനകൾ കേട്ട് അവന് നല്ല ഒരു ജോലി നൽകി അനുഗ്രഹിച്ചു. ക്രമേണ അവന് ഉദ്യോഗക്കയറ്റങ്ങളും നൽകി. ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞപ്പോൾ വളരെ പെട്ടെന്ന് എന്റെ പാദപീഠത്തിൽ സമയം ചിലവിടുന്നത് അവൻ മതിയാക്കി. എല്ലാ ദിവസവും എന്റെ മകൻ എന്നെത്തേടി വരും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു. എന്നാൽ അവൻ തിരിച്ചുവന്നില്ല. ഇതാണ് അവന്റെ അവസ്ഥ. ഇത് അവനോട് പറയുക’’
 
പ്രിയപ്പെട്ടവരേ, നിങ്ങളിലും നിങ്ങളുടെ ഭവനത്തിലും വസിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. നിങ്ങളിൽ വസിക്കുന്പോൾ കർത്താവ് നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കും. ‘‘നീതിമാന്മാരുടെ നിവാസത്തെ കർത്താവ് അനുഗ്രഹിക്കുന്നു’’ എന്ന് സദൃശവാക്യങ്ങൾ 3:33 പറയുന്നു.  അനുദിനവും കർത്താവിനെ അന്വേഷിക്കുവിൻ. കർത്താവ് നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. ‘‘ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും’’ (2 കൊരിന്ത്യർ 6:16) എന്ന് കർത്താവ് ഉറപ്പ് നൽകിയിരിക്കുന്നു. അവൻ നിങ്ങൾക്ക് ഭൂമിയിൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം നൽകും. സകലവിധ അനുഗ്രഹങ്ങളാലും അവൻ നിങ്ങളെ നിറയ്ക്കും (ഫിലിപ്പിയർ 4:19).
Prayer:
എന്റെ പ്രിയ കർത്താവേ,
 
ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് എന്നിൽ  വന്ന് വാസം ചെയ്യണമേ. എന്നെ അങ്ങ് അനുഗ്രഹിക്കേണമേ. എന്നെ അങ്ങയുടെ മകനായി/മകളായി അംഗീകരിക്കേണമേ.  അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ എനിക്കിടയാക്കിത്തീർക്കേണമേ. എന്റെ കുറവുകളെല്ലാം മാറ്റി, എല്ലാവിധത്തിലും അങ്ങ് എന്നെ അനുഗ്രഹിക്കേണമേ.
 
അങ്ങയുടെ വിലയേറിയ നാമത്തിൽ അപേക്ഷിക്കുന്നു. പ്രാർത്ഥന കേൾക്കേണമേ.
 
ആമേൻ.

For Prayer Help (24x7) - 044 45 999 000