Loading...
DGS Dhinakaran

അധികമായി അനുഗ്രഹിക്കുന്ന ദൈവം!!

Bro. D.G.S Dhinakaran
13 Feb
ബ്രിട്ടീഷ്  ഭരണത്തിൽനിന്നും ഇന്ത്യക്ക്  സ്വാതന്ത്യ്രം ലഭിച്ചശേഷം ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതിനിടെ മഹാത്മാഗാന്ധി ഇപ്രകാരം പറഞ്ഞു: ‘‘നിങ്ങൾക്ക് ഭരണഘടനയിൽ എന്തും എഴുതാം. പക്ഷേ, എനിക്ക്  ആവശ്യമായ കാര്യം ഇതാണ്: ഓരോ ഇന്ത്യൻ പൌരന്റെയും  കണ്ണുനീർ തുടച്ചുനീക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’ അതായിരുന്നു ഗാന്ധിജിയുടെ ഹൃദയം! അതുപോലെ, നമ്മുടെ സർവ്വശക്തനായ ദൈവം, തങ്കലേക്ക് നോക്കുന്ന എല്ലാ മുഖത്തുനിന്നും കണ്ണുനീർ തുടച്ചുമാറ്റുവാൻ ആഗ്രഹിക്കുന്നു. ദൈവവചനം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ! ‘‘മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? മീൻ ചേദിച്ചാൽ അവന്നു പാന്പിനെ കൊടുക്കുമോ? ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും?’’ (മത്തായി 7:9-11).

മനുഷ്യരോടുള്ള അതിശയകരവും അദൃശ്യവുമായ സ്നേഹം പ്രകടിപ്പിക്കുവാൻ സ്വർഗ്ഗീയ  പിതാവ് എന്ത് നല്ല ദാനമാണ് നമുക്ക് നൽകിയത്? നമുക്ക് വേണ്ടി മരിക്കുവാനായി അവൻ തന്റെ പ്രിയ പുത്രനായ യേശുവിനെ മനുഷ്യരൂപത്തിൽ ഈ ലോകത്തിലേക്ക് അയച്ചു. എന്തുകൊണ്ടാണ് യേശു മനുഷ്യന്റെ രൂപത്തിൽ ഈ ലോകത്തിലേക്ക് വന്നത്? ഒരു പ്രസംഗകൻ ഈ രീതിയിൽ അത് ചിത്രീകരിക്കുകയുണ്ടായി. അദ്ദേഹം ഒരു തെരുവിലൂടെ നടക്കുന്പോൾ, ഒരു കൂട്ടം ഉറുന്പുകൾ വരിവരിയായി നീങ്ങുന്നത് കണ്ടു. അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം അവയെ വേദനിപ്പിക്കുവാൻ പോകുകയാണെന്ന്  കരുതി അവ അങ്ങോട്ടും ഇങ്ങോട്ടും ചിതറിപ്പോയി. അദ്ദേഹം പറഞ്ഞ സുവിശേഷം അവയുടെ ചെവിയിൽ എത്തിയില്ല. അപ്പോൾ, ഞാൻ ഒരു ഉറുന്പായിരുന്നെങ്കിൽ അവരുടെ ഭാഷയിൽ എനിക്ക് സന്ദേശം എളുപ്പത്തിൽ എത്തിക്കുവാൻ കഴിയുമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചു. 
പ്രിയപ്പെട്ടവരേ, ഇതുപോലെ നമ്മുടെ കഷ്ടതകൾ മനസ്സിലാക്കി നമുക്ക് അതിൽനിന്നും വിടുതൽ നൽകുവാനാണ്  കർത്താവായ യേശു മനുഷ്യനായി ഈ ലോകത്തിൽ വന്നത്. പാപത്തിൽനിന്നും രോഗത്തിൽനിന്നും ശാപത്തിൽനിന്നും നഷ്ടങ്ങളിൽനിന്നും അവൻ നമ്മെ വിടുവിക്കുന്നു. റോമർ 8:32 ഇപ്രകാരം പറയുന്നു: ‘‘സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?’’ ഇന്ന് നിങ്ങളുടെ ആവശ്യം എന്താണ്? ധൈര്യത്തോടുകൂടെ കർത്താവിനോട് യാചിക്കുക. അവൻ നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ അവകാശമാക്കിക്കൊൾക! അളവില്ലാതെ നിങ്ങളെ അനുഗ്രഹിക്കുവാൻ കർത്താവ് കാത്തിരിക്കുന്നതിനാൽ നിങ്ങൾക്ക് ഒരു നന്മയും കുറയുകയില്ല. നിങ്ങളുടെ ആവശ്യങ്ങളെല്ലാം കർത്താവ് നിറവേറ്റിത്തരും. നിങ്ങളുടെ ദുഃഖമെല്ലാം അവൻ സന്തോഷമായി മാറ്റും. 
Prayer:
സ്നേഹവാനായ കർത്താവ,

അങ്ങയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയാതെ എന്റെ ജീവിതത്തിൽ തടസ്സമായിരിക്കുന്ന എല്ലാവറ്റെയും മാറ്റുവാൻ അങ്ങ് ശക്തനാണല്ലോ. എനിക്കു വേണ്ടി അങ്ങ് ഈ ലോകത്തിൽ വന്നുവല്ലോ. ആകയാൽ എന്റെ എല്ലാ കുറവുകളും അങ്ങ് നിവൃത്തിയാക്കി തരേണമേ. എന്നെ സന്പന്നനാക്കുവാനായി ഭൂജാതനായ അങ്ങയിൽ ഞാൻ സർവ്വവും ഭരമേല്പിക്കുന്നു. കർത്താവേ, അങ്ങ് എന്റെ കരം പിടിച്ച് നേരായ വഴിയിൽ എന്നെ നടത്തേണമേ. അങ്ങയിൽ മാത്രം ആശയ്രിച്ച്, അങ്ങയുടെ സന്പൂർണ്ണ അനുഗ്രഹങ്ങൾ പ്രാപിച്ച് ജീവിപ്പാൻ എന്നെ സഹായിക്കേണമേ.

എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു.

ആമേൻ.

For Prayer Help (24x7) - 044 45 999 000