Loading...
Samuel Paul Dhinakaran

മികച്ചവരായിത്തീരുവിൻ!!

Samuel Dhinakaran
27 Jul
എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങൾക്ക് നൽകുവാൻ ദൈവത്തിന് ഒരു വലിയ അനുഗ്രഹമുണ്ട്. ഈ വർഷത്തിന്റെ ആരംഭത്തിൽ വിളിക്കുന്നു ശുശ്രൂഷയ്ക്ക് ദൈവം ഈ വാഗ്ദത്തം നൽകുകയും അതിനായി ഞങ്ങൾ ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അതേ അനുഗ്രഹം ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് വരുവാൻ പോകുന്നു. യെശയ്യാവു 60:3 ൽ ഇത് കാണുവാൻ സാധിക്കും: "ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും." അതെ എന്റെ സുഹൃത്തേ, ദൈവം തന്റെ പ്രകാശവും തിളക്കവും നിങ്ങളുടെ മേൽ പ്രകാശിപ്പിക്കുവാൻ പോകുന്നു. ഈ വെളിച്ചം നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ പോകുന്നു. നിങ്ങളിൽ നിന്ന് പ്രകാശിക്കുവാൻ പോകുന്ന ഈ വെളിച്ചം എന്താണ്? ഉത്തരം മത്തായി 5:16 ൽ കാണാം." മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ." ഈ വാക്യത്തിൽ, സൽപ്രവൃത്തികളിലൂടെ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കണമെന്ന് വേദപുസ്തകം പറയുന്നു. ഞാൻ അതിനെ 'മികച്ച വെളിച്ചം' എന്ന് വിളിക്കുന്നു. ആളുകൾ അത് നിങ്ങളിൽ കാണുവാൻ പോകുന്നു.

ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ എന്റെ മുത്തച്ഛൻ ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം പകൽസമയത്ത് ബാങ്കിൽ തന്റെ കടമ പൂർത്തിയാക്കുകയും വൈകുന്നേരം ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ബാങ്കിലെ തന്റെ ജോലിയെ അദ്ദേഹം ഒരിക്കലും അവഗണിച്ചില്ല. കൂടാതെ, കർത്താവിനായി തന്റെ പരമാവധി കാര്യങ്ങൾ ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ ദൈവത്തിന്റെ വെളിച്ചം അദ്ദേഹത്തിൽനിന്ന് പ്രകാശിച്ചു. ജോലിയിലെ അദ്ദേഹത്തിന്റെ പ്രകടനം എല്ലായ്പ്പോഴും അതുല്യമായ മികവായിരുന്നു, എല്ലാവരും അദ്ദേഹത്തെ വിലമതിക്കുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. സഹപ്രവർത്തകർ വന്ന് അദ്ദേഹത്തോട് സംസാരിക്കുമ്പോൾ, അദ്ദേഹത്തിന്റെ മികവിന്റെ കാരണം പറയുമായിരുന്നു. അദ്ദേഹം യേശുവിനെക്കുറിച്ച് അവരോട് സംസാരിക്കും.
അതുപോലെ, എന്റെ സുഹൃത്തേ, ദൈവം നിങ്ങളിൽ ചെയ്യുന്ന മഹത്തായ പ്രവൃത്തി ആളുകൾ കാണുവാൻ പോകുന്നു. അപ്പോൾ, നിങ്ങളിലേക്ക് വെളിച്ചം വീശുന്ന കർത്താവിങ്കലേക്ക് വിരൽ ചൂണ്ടുവാൻ സാധിക്കും. അതിനാൽ, നിങ്ങളുടെ ജീവിതത്തിൽ ഈ മികവിന്റെ വെളിച്ചം കാണിക്കുവാൻ തയ്യാറാകുക. നിങ്ങൾ അറിയാത്ത ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ദൈവീക വെളിച്ചം രാജാക്കന്മാരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരും. നിങ്ങളിൽ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് എല്ലാവരും പറയും. നിങ്ങളിലുള്ള വെളിച്ചത്തിൽ നിന്നും പ്രയോജനം നേടുന്നതിനായി രാജാക്കന്മാർ നിങ്ങളെ അവരുടെ അരികിൽ നിർത്തും. ഈ വെളിച്ചം കർത്താവിൽ നിന്ന് സ്വീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ? നമുക്ക് പ്രാർത്ഥിക്കാം.
Prayer:
സ്നേഹവാനായ എന്റെ സ്വർഗ്ഗീയപിതാവേ, 

ഇന്നത്തെ വാഗ്ദാന വാക്യത്തിനായി നന്ദി. ഈ വാഗ്ദാനം എന്നിൽ നിറവേറുന്നതിന് എന്നെ യോഗ്യനാക്കിത്തീർക്കേണമേ. കർത്താവേ, അങ്ങയുടെ പ്രകാശം എന്നിൽ പ്രകാശിക്കട്ടെ. കർത്താവേ, സൽപ്രവൃത്തികൾ എന്നിൽ നിന്ന് പ്രകാശിക്കട്ടെ. കർത്താവേ, അങ്ങേയ്ക്കായി മഹത്തായ കാര്യങ്ങൾ ചെയ്യുവാൻ എന്നെ സഹായിക്കേണമേ. ജനങ്ങളെ വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള അറിവും ജ്ഞാനവും ഈ വെളിച്ചം എനിക്ക് നൽകട്ടെ. അങ്ങയെ അറിയാത്ത ആളുകളെ അത് അങ്ങയുടെ അടുത്തേക്ക് ആകർഷിക്കട്ടെ. ഈ പ്രകാശത്തിലേക്ക്  രാജാക്കന്മാരെ ആകർഷിക്കട്ടെ. അങ്ങയുടെ രാജ്യം പണിയുന്നതിനുള്ള ഒരു ഉപകരണമാക്കി എന്നെ മാറ്റേണമേ. അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ എന്നെ സഹായിക്കേണമേ.. 

യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. 

ആമേൻ.

For Prayer Help (24x7) - 044 45 999 000